Saturday, May 28, 2011

മണ്ണെണ്ണ, എല്‍പിജി സബ്സിഡി നീക്കുന്നു

മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്സിഡി അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജൂണ്‍ ഒമ്പതിന് ചേരുന്ന ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള മന്ത്രിസഭാ സമിതിയോഗം ഇക്കാര്യം തീരുമാനിക്കും. എപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി പൂര്‍ണമായും ഒഴിവാക്കാനും ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി പണമായി നേരിട്ടു കൈമാറാനുമാണ് പദ്ധതി. സബ്സിഡി ഇല്ലാതാകുന്നതോടെ മണ്ണെണ്ണ വില മൂന്നിരട്ടിയായും പാചകവാതക വില ഇരട്ടിയായും വര്‍ധിക്കും. പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നേരത്തെ എടുത്തുകളഞ്ഞിരുന്നു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്സിഡി കൂടി ഇല്ലാതാകുന്നതോടെ ഫലത്തില്‍ ഡീസല്‍ മാത്രമാകും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഇന്ധനം. ഡീസല്‍ വിലനിയന്ത്രണവും എടുത്തുകളയുന്നത് സര്‍ക്കാരിന്റെ സജീവപരിഗണനയിലുണ്ട്.

2015 ഓടെ പാചകവാതകത്തിന് മാത്രം സബ്സിഡി ഇനത്തില്‍ 30,000 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍ . ഇതു ഒഴിവാക്കുന്നതിനാണ് സബ്സിഡി പൂര്‍ണമായും എടുത്തുകളയുന്നത്. സബ്സിഡി ഒഴിവാക്കാനുള്ള നീക്കത്തോടു ധനമന്ത്രാലയവും പെട്രോളിയംമന്ത്രാലയവും യോജിച്ചിട്ടുണ്ട്. സബ്സിഡി ഇല്ലാതാകുന്നതോടെ മണ്ണെണ്ണ വില ഇന്നത്തെ നിരക്കില്‍ ലിറ്ററിന് 40 രൂപയായും പാചകവാതകം സിലിണ്ടറൊന്നിന് 700 രൂപയായും വര്‍ധിക്കും. ബിപിഎല്‍ വിഭാഗത്തിനുള്ള സബ്സിഡി പണം എല്ലാമാസവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. സബ്സിഡി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ പദ്ധതി തയ്യാറാക്കണം. എന്തായാലും എണ്ണക്കമ്പനികള്‍ സബ്സിഡി രഹിത നിരക്കിലാകും ബിപിഎല്‍ വിഭാഗത്തിനടക്കം മണ്ണെണ്ണയും പാചകവാതകവും വിതരണം ചെയ്യുക. ദരിദ്രവിഭാഗക്കാര്‍ക്കുള്ള സബ്സിഡി ചെലവ് പരമാവധി കുറയ്ക്കാനും ആലോചനയുണ്ട്. ഒരുസിലിണ്ടര്‍ പാചകവാതക കണക്ഷനുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ രണ്ടുലിറ്റര്‍ മണ്ണെണ്ണ മാത്രമാകും അനുവദിക്കുക. രണ്ടു സിലിണ്ടര്‍ കണക്ഷനുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മണ്ണെണ്ണ നല്‍കില്ല.

സബ്സിഡി സമ്പ്രദായം ഇല്ലാതാകുന്നതോടെ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യക്കമ്പനികള്‍ മണ്ണെണ്ണ-എല്‍പിജി വില്‍പ്പനയിലേക്കുകൂടി തിരിയും. പെട്രോള്‍ വില്‍പ്പനയുടെ കാര്യത്തില്‍ സ്വകാര്യക്കമ്പനികള്‍ അതിവേഗം പൊതുമേഖലാസ്ഥാപനങ്ങളെ പിന്തള്ളുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ക്കുപുറമെ കുവൈത്ത് പെട്രോളിയം, സൗദി അരംകൊ തുടങ്ങിയ നിരവധി വിദേശക്കമ്പനികളും ആഭ്യന്തര ഇന്ധനവില്‍പ്പന മേഖലയിലേക്ക് പ്രവേശനം കാത്തുകഴിയുന്നുണ്ട്. സബ്സിഡി സമ്പ്രദായമാണ് ഈ കമ്പനികള്‍ക്ക് തടസ്സമായിരുന്നത്. സബ്സിഡി ഇല്ലാതാകുന്നതോടെ വിദേശക്കമ്പനികള്‍ക്ക് കടന്നുവരവും കച്ചവടവും സുഗമമാകും. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ജൂണില്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഡീസല്‍വില ലിറ്ററിന് നാലുരൂപയും പാചകവാതകം സിലിണ്ടറിന് 25 രൂപയും വര്‍ധിപ്പിക്കാനാണ് പെട്രോളിയംമന്ത്രാലയത്തിന്റെ നിര്‍ദേശം. മണ്ണെണ്ണ വിലയും കൂട്ടാന്‍ ആലോചനയുണ്ട്.

ദേശാഭിമാനി 280511

1 comment:

  1. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്സിഡി അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജൂണ്‍ ഒമ്പതിന് ചേരുന്ന ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള മന്ത്രിസഭാ സമിതിയോഗം ഇക്കാര്യം തീരുമാനിക്കും. എപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി പൂര്‍ണമായും ഒഴിവാക്കാനും ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി പണമായി നേരിട്ടു കൈമാറാനുമാണ് പദ്ധതി. സബ്സിഡി ഇല്ലാതാകുന്നതോടെ മണ്ണെണ്ണ വില മൂന്നിരട്ടിയായും പാചകവാതക വില ഇരട്ടിയായും വര്‍ധിക്കും. പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നേരത്തെ എടുത്തുകളഞ്ഞിരുന്നു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്സിഡി കൂടി ഇല്ലാതാകുന്നതോടെ ഫലത്തില്‍ ഡീസല്‍ മാത്രമാകും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഇന്ധനം. ഡീസല്‍ വിലനിയന്ത്രണവും എടുത്തുകളയുന്നത് സര്‍ക്കാരിന്റെ സജീവപരിഗണനയിലുണ്ട്.

    ReplyDelete