Thursday, May 26, 2011

രണ്ട് രൂപ അരി അട്ടിമറിക്കരുത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രധാന വാഗ്ദാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്നതായിരുന്നു. യു ഡി എഫ് അധികാരത്തില്‍  വന്ന ഉടന്‍ ഈ വാഗ്ദാനം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്നു മാസങ്ങള്‍ക്കുശേഷം ഓണത്തിനു മാത്രമെ ഒരു രൂപ അരി പരിപാടി നടപ്പാക്കുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഓണംവരെ കാത്തിരിക്കുന്നതല്ല പ്രശ്‌നം, നിലവിലുള്ള രണ്ടു രൂപ അരി പദ്ധതിയുടെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ ഖണ്ഡിതമായ ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നിര്‍ദിഷ്ട ഒരു രൂപ അരി ബി പി എല്‍ കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതേസമയം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് രൂപ അരി പദ്ധതി ബി പി എല്‍-എ പി എല്‍ വ്യത്യാസമില്ലാതെ എഴുപതു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ളതാണ്. ബി പി എല്‍ കുടുംബങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാടും പ്രധാനമാണ്. ആസൂത്രണ കമ്മിഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 11 ലക്ഷത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ബി പി എല്‍ വിഭാഗത്തിലുള്ളത്. യാഥാര്‍ഥ്യത്തിനു നിരക്കാത്ത  കണക്കാണിത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ കണക്ക് അംഗീകരിച്ചിട്ടില്ല. 26 ലക്ഷത്തിലധികം കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണക്കാക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങളെല്ലാം അവര്‍ക്ക് നല്‍കുകയും ചെയ്തു. യു ഡി എഫ് സര്‍ക്കാര്‍ ആസൂത്രണ കമ്മിഷന്റെ കണക്ക് അംഗീകരിച്ചുകൊണ്ടായിരിക്കുമോ ഒരു രൂപ അരി പദ്ധതി നടപ്പാക്കുക എന്ന് വ്യക്തമല്ല.

ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ രണ്ട് രൂപ അരി പദ്ധതി ആവിഷ്‌കരിച്ചത്. റേഷന്‍ കടകളിലൂടെ രണ്ട് രൂപക്ക് അരി ലഭിക്കുന്നത് പൊതു കമ്പോളത്തില്‍ അരിവില കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നതും കാണാതിരിക്കരുത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വിലക്കയറ്റം തടയുന്നതിലും രണ്ടുരൂപ അരി പദ്ധതി ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് കേന്ദ്രസര്‍ക്കാരും യു പി എ നേതൃത്വവും നല്‍കിയ വാഗ്ദാനങ്ങളെല്ലാം ഇപ്പോഴും കടലാസില്‍ അവശേഷിക്കുകയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നൂറുദിവസത്തിനകം ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുമെന്നായിരുന്നു രണ്ടാം യു പി എ മന്ത്രിസഭയുടെ വാഗ്ദാനം. 2009-ലെ നയപ്രഖ്യാപന പ്രസംഗത്തിലെ മുഖ്യ ഇനങ്ങളിലൊന്ന് ഇതായിരുന്നു. വര്‍ഷം രണ്ടു കഴിഞ്ഞു. ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. കോണ്‍ഗ്രസ് പ്രസിഡന്റും യു പി എ അധ്യക്ഷയുമായ സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശകസമിതി ഭക്ഷ്യസുരക്ഷാ നിയമത്തിന് തയ്യാറാക്കിയ കരട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തള്ളി. ഒരു കിലോയ്ക്ക് മൂന്നുരൂപ നിരക്കില്‍ മാസം 25 കിലോ അരിയോ ഗോതമ്പോ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആരെല്ലാമാെണന്നതില്‍ പോലും ധാരണയിലെത്താന്‍ ഇതുവരെ സോണിയാഗാന്ധിക്കും മന്‍മോഹന്‍സിംഗിനും കഴിഞ്ഞിട്ടില്ല. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായത്ര അരിയും ഗോതമ്പും ഇല്ലാത്തതല്ല പ്രശ്‌നം. ഇത്തവണ റെക്കോഡ് വിളവെടുപ്പാണ്. സംഭരിച്ച ധാന്യം സൂക്ഷിച്ചു വയ്ക്കാന്‍ സ്ഥലമില്ല. ലക്ഷക്കണക്കിന് ടണ്‍ അരിയും ഗോതമ്പും ഗോഡൗണുകളില്‍ കിടന്ന് നശിക്കുന്നു. ഇവ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവു നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.

യു പി എയുടെ ഭക്ഷ്യസുരക്ഷാ വാഗ്ദാനത്തിന്റെ ഗതി ബോധ്യമുള്ളതുകൊണ്ടാണ് കേരളത്തിലെ രണ്ട് രൂപ അരി പദ്ധതിയുടെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകുന്നത്. ഒരു രൂപ അരി പദ്ധതി നടപ്പാക്കുമ്പോള്‍ നിലവിലുള്ള രണ്ട് രൂപ അരി പദ്ധതി മുടക്കമില്ലാതെ തുടരുമെന്ന് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഈ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യം  സൗജന്യനിരക്കില്‍ കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയണം. ഒരു രൂപ അരിയുടെ മറവില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല.

ജനയുഗം മുഖപ്രസംഗം 260511

1 comment:

  1. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രധാന വാഗ്ദാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്നതായിരുന്നു. യു ഡി എഫ് അധികാരത്തില്‍ വന്ന ഉടന്‍ ഈ വാഗ്ദാനം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്നു മാസങ്ങള്‍ക്കുശേഷം ഓണത്തിനു മാത്രമെ ഒരു രൂപ അരി പരിപാടി നടപ്പാക്കുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഓണംവരെ കാത്തിരിക്കുന്നതല്ല പ്രശ്‌നം, നിലവിലുള്ള രണ്ടു രൂപ അരി പദ്ധതിയുടെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ ഖണ്ഡിതമായ ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നിര്‍ദിഷ്ട ഒരു രൂപ അരി ബി പി എല്‍ കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതേസമയം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് രൂപ അരി പദ്ധതി ബി പി എല്‍-എ പി എല്‍ വ്യത്യാസമില്ലാതെ എഴുപതു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ളതാണ്.

    ReplyDelete