ശുദ്ധവും സുരക്ഷിതവുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ വാഴ്ത്തിയ ആണവോര്‍ജത്തിന്റെ കെടുതികള്‍ ലോകം ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിത്. സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിയെത്തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്കാണ് ജപ്പാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല. എങ്കിലും അതിന്റെ ഭയാനകമായ 'ആഴ'ത്തെക്കുറിച്ച് ലോകത്തിന് അസന്നിഗ്ധമായ ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് വൈദ്യുതിക്കു വേണ്ടി ആണവ പദ്ധതികളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പല രാജ്യങ്ങളും പുനരാലോചന നടത്തുന്നത്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടക്കം പല രാജ്യങ്ങളും ആണവ പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പിന്‍പറ്റി ജര്‍മനി ഇന്നലെ കൈക്കൊണ്ട തീരുമാനം ചരിത്രത്തില്‍ ഇടം നേടാന്‍ പോന്നതാണ്. 2022 ഓടെ ആണവ നിലയങ്ങള്‍ പൂര്‍ണമായും അടച്ചിടാനും രാജ്യത്തെ ഊര്‍ജമേഖല ആണവവിമുക്തമാക്കാനുമാണ് ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഊര്‍ജസുരക്ഷയെന്നാല്‍ മുക്കിനു മുക്കിന് ആണവ നിലയങ്ങള്‍ സ്ഥാപിക്കുകയാണന്ന മിഥ്യാധാരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്, ജര്‍മനി തുറന്നുതരുന്ന ഈ വഴി.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മനിയുടേത്. ലോകത്തെ വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങളില്‍ മുന്‍നിരയിലാണ് അതിന്റെ സ്ഥാനം. നിലവില്‍ പ്രവര്‍ത്തന സജ്ജമായ പതിനേഴു റിയാക്ടറുകളാണ് ജര്‍മനിയിലുള്ളത്. വൈദ്യുതോല്‍പ്പാദനത്തില്‍ ഗണനീയ വിഹിതം ഈ റിയാക്ടറുകളില്‍നിന്നു ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ അടച്ചുപൂട്ടുന്നത് രാജ്യത്തെ വ്യവസായ മേഖലയെ ബാധിക്കുക തന്നെ ചെയ്യും. എന്നിട്ടും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോവാനാണ് ആ രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഭാവിക്ക് കുറെക്കൂടി സുരക്ഷിതമായ ഊര്‍ജരൂപം വേണമെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. ആണവ നിലയങ്ങളുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഫുകുഷിമ ദുരന്തത്തിനു ശേഷം, നിസ്സംശയമായ ബോധ്യമാണ് ജര്‍മന്‍ ഭരണകൂടത്തെ ഈ തീരുമാനത്തിലെത്തിച്ചത്.
ത്രീമെന്‍ ഐലന്റിലും ചെര്‍ണോബില്ലിലും അടക്കം വന്‍ ആണവ അപകടങ്ങള്‍ ലോകം കണ്ടതാണ്. ചെറിയ ചെറിയ അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു, ആണവ വ്യവസായത്തിന്റെ സ്വതവേയുള്ള രഹസ്യസ്വഭാവം കൊണ്ട് അവയുടെ വ്യാപ്തിയെന്തെന്ന് പുറംലോകം അറിയുന്നില്ല. ഫുകുഷിമ ദുരന്തത്തിന്റെ ഭീകരമുഖം മൂടിവയ്ക്കാന്‍ പോലും ലോകത്തെ ആണവ വ്യവസായത്തെ നിയന്ത്രിക്കുന്ന ലോബികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് വൈദ്യുതിയുടെ ആവശ്യം പലമടങ്ങ് വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഊര്‍ജത്തിന്റെ അക്ഷയഖനി എന്ന നിലയില്‍ ആണവ നിലയങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആണവലോബി എന്നും അവകാശപ്പെടുന്ന പോലെ ശുദ്ധവും സുരക്ഷിതവുമല്ല ആണവോര്‍ജമെന്ന് ഇന്നേതാണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ആവശ്യം ദിനംപ്രതി ഏറിവന്നിട്ടും കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, മറിച്ച് റിയാക്ടറുകളുടെയും ആണവ ഇന്ധനത്തിന്റെയും കച്ചവടത്തിലാണ്, ആണവോര്‍ജത്തിന്റെ വലിയ പ്രയോക്താക്കളിലൊന്നായ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 1970നു ശേഷം ഒരു അണുനിലയം പോലും അവിടെ സ്ഥാപിക്കപ്പെട്ടില്ല. അതേസമയം ഊര്‍ജസുരക്ഷയില്‍ ആണവ നിലയങ്ങള്‍ക്കുള്ള പങ്കു പ്രചരിപ്പിക്കുക എന്ന കച്ചവടതന്ത്രം ഫലപ്രദമായി ആവിഷ്‌കരിക്കാനും ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ അതില്‍ കുടുക്കാനും അവര്‍ക്കു കഴിയുകയും ചെയ്തു.
ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ളത്. 2020 ഓടെ ഇത് 14 ശതമാനമാക്കുകയാണ് യു പി എ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. അമേരിക്കയുമായുള്ള ആണവ കരാറും മറ്റു ഈ ന്യായത്തിന്റെ പുറത്താണ്. ആണവ നിലയങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും അവയോടുള്ള ജനകീയ പ്രതിരോധവും കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം നിര്‍ദിഷ്ട ആണവ നിലയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്. നേരത്തെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലകള്‍ ജര്‍മനിയിലെത്തിയപ്പോള്‍ സമാനമായ സാഹചര്യമായിരുന്നു ജര്‍മനിയിലേത്. ആണവ നിലയങ്ങള്‍ക്കെതിരെ അവിടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചും ആണവ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ആ രാജ്യത്തെ ഭരണകൂടമെടുത്ത തീരുമാനമാണ് പിന്‍മുറക്കാര്‍ തിരുത്തുന്നത്. ആണവ നിലയങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഭാരിച്ച ചെലവ് ഏറ്റെടുത്താണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിര്‍മാണ ദശയിലുള്ള നമ്മുടെ ആണവ പദ്ധതികളില്‍നിന്നു പിന്മാറുക ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന യുക്തിസഹവും അനായാസവുമായിരിക്കും. അതിനുള്ള ഇച്ഛാശക്തി മാത്രമാണ് ഇനിയുണ്ടാവേണ്ടത്.
janayugom editorial 310511

ReplyDelete