Wednesday, May 25, 2011

കല്‍ക്കരി കുംഭകോണം മറ്റൊരു 2ജി

1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്ക് സമാനമായ കുംഭകോണമാണ് കല്‍ക്കരിപ്പാടങ്ങളില്‍ വിളഞ്ഞത്. 85,000 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിക്കൊണ്ട് വന്‍കിടക്കാര്‍ക്ക് ചുളുവിലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിന്റെ രീതി 2ജി അഴിമതിയുടേതുപോലെ തന്നെ. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് തുച്ഛവിലയ്ക്ക് നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നയം ശതകോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ടു ജി സ്പെക്ട്രം വില്‍പ്പനയാണ് ഇതില്‍ ഏറ്റവും പ്രധാനം. കേവലം 9000 കോടി രൂപയ്ക്കാണ് 2ജി ലൈസന്‍സ് നല്‍കിയത്. കമ്പോളവിലയ്ക്ക് ലേലത്തിന് വിറ്റിരുന്നെങ്കില്‍ രണ്ടുലക്ഷത്തോളം കോടി രൂപ ലഭിക്കുമായിരുന്നു. മൂന്നാം തലമുറ സ്പെക്ട്രം വിറ്റപ്പോള്‍ ഒരു ലക്ഷം കോടിയിലധികം രൂപ കിട്ടിയപ്പോഴാണ് ടു ജി സ്പെക്ട്രം വിറ്റത് തുച്ഛവിലയ്ക്കാണെന്ന ചര്‍ച്ച ഉയര്‍ന്നത്. എസ് ബാന്‍്ഡ് സ്പെക്ട്രം ദേവാസ് കമ്യൂണിക്കേഷന്‍സിന് നല്‍കിയതും സൗജന്യമായിട്ടായിരുന്നു. റോക്കറ്റ് നിര്‍മാണക്കരാറിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് രണ്ടുലക്ഷം കോടി രൂപ വില മതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രം സൗജന്യമായി പ്രധാനമന്ത്രികാര്യാലയം തന്നെ നല്‍കിയത്. മാധ്യമങ്ങളുടെ ജാഗ്രതകൊണ്ടു മാത്രമാണ് വന്‍ നഷ്ടം ഒഴിവായത്.

രാജ്യത്തിന്റെ പുരോഗതിക്ക് അവശ്യം വേണ്ട ഇന്ധനമായ കല്‍ക്കരിയും വമ്പന്മാര്‍ക്ക് തുച്ഛവിലയ്ക്ക് കൈമാറുകയാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനും സിമന്റ് ഉല്‍പ്പാദനത്തിനും ഉരുക്ക് നിര്‍മാണത്തിനും ആവശ്യമാണെന്നതുക്കൊണ്ടാണ് ഇന്ദിരാഗാന്ധി 1973ല്‍ കല്‍ക്കരിഖനനം ദേശസാല്‍ക്കരിച്ചത്. ഇതോടെ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വഴിയായി കല്‍ക്കരി വിതരണം. എന്നാല്‍ , 1991ല്‍ ഉദാരവല്‍ക്കരണത്തിന്റെ ആരംഭത്തില്‍ ഈ നയത്തിലും വെള്ളം ചേര്‍ത്തു. കല്‍ക്കരി ദൗര്‍ലഭ്യമുണ്ടെന്ന സിമന്റ്, വൈദ്യുതി കമ്പനികളുടെ പരാതി മറയാക്കി 1993ല്‍ കമ്പനികള്‍ക്ക് തനത് ആവശ്യത്തിന് കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാന്‍ ഖനികള്‍ നേരിട്ട് നല്‍കാന്‍ തുടങ്ങി. 2ജി സ്പെക്ട്രം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നേടിയെടുത്തതുപോലെ പല കടലാസ് കമ്പനികളും രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് കല്‍ക്കരിപാടങ്ങള്‍ നേടി. ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരും ജാര്‍ഖണ്ഡിലെ മധുകോഡയും മറ്റും കോടീശ്വരന്മാരായത് ഇങ്ങനെയാണ്. 25 ലക്ഷം കോടി രൂപയെങ്കിലും കല്‍ക്കരിപാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതുവഴി നഷ്ടമുണ്ടായി. സിഎജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ഇതു പരിശോധിച്ചാല്‍ മാത്രമേ വ്യക്തമായ ചിത്രം പുറത്തുവരൂ.
(വി ബി പരമേശ്വരന്‍)

കൂടുതല്‍ 3ജി സ്പെക്ട്രം വില്‍ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മൂന്നാം തലമുറ (3ജി) സ്പെക്ട്രം വില്‍പ്പനയില്‍നിന്ന് വന്‍ തുക ലഭിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സ്പെക്ട്രം വില്‍പ്പന നടത്താന്‍ കേന്ദ്ര ധനമന്ത്രാലയം ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ധനമന്ത്രാലയ സെക്രട്ടറി സുഷമ നാഥ് ടെലികോം സെക്രട്ടറി ആര്‍ ചന്ദ്രശേഖറിനയച്ച കത്തിലാണ് ഈ നിര്‍ദേശം. 3ജി സ്പെക്ട്രം വില്‍പ്പന വഴി സര്‍ക്കാരിന് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയാണ് ധനമന്ത്രാലത്തിന്റെ ലക്ഷ്യം. ടെലികോം മന്ത്രാലയത്തില്‍നിന്ന് നടപ്പുസാമ്പത്തികവര്‍ഷം 30,000 കോടി രൂപയുടെ വരുമാനം നേടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്പെക്ട്രം വില്‍പ്പനയാണ് അതിനുള്ള പോംവഴിയായി സര്‍ക്കാര്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷമാണ് മൂന്നാം തലമുറ സ്പെക്ട്രം ലേലംവഴി വിറ്റത്. 1.06 ലക്ഷം കോടി രൂപയാണ് ഇതു വഴി നേടാനായത്.

ബിഎച്ച്ഇഎല്‍ , സെയില്‍ ഓഹരികള്‍ വില്‍ക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാസ്ഥാപനങ്ങളായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സി(ബിഎച്ച്ഇഎല്‍)ന്റെയും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനം. ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ഓഹരി വില്‍പ്പവകുപ്പ് അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളും. ബിഎച്ച്ഇഎല്‍ ഓഹരി വില്‍പ്പനയിലൂടെ 4700 കോടി രൂപയും സെയിലിന്റെ ഓഹരി വില്‍പ്പനയിലൂടെ 3300 കോടി രൂപയുമടക്കം 8000 കോടി രൂപ നേടാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍ . ഓഹരിവില്‍പ്പനയിലൂടെ ഈ സാമ്പത്തികവര്‍ഷം 40,000 കോടി രൂപ നേടാനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്.

ലഖ്നൗവിലെ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ബിഎച്ച്ഇഎല്‍ ഓഹരി വില്‍ക്കാന്‍ ഒന്നാം യുപിഎ തീരുമാനിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം പിന്‍വാങ്ങേണ്ടിവന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഓഹരി വില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ബിഎച്ച് ഇഎല്ലില്‍ 67.72 ശതമാനം ഓഹരിയാണുള്ളത്. സെയിലില്‍ 85.82 ശതമാനവും. ഈ രണ്ട് കമ്പനികളിലെ ഓഹരിവില്‍പ്പനയ്ക്ക് ശേഷം എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ഒഎന്‍ജിസിയുടെയും ഓഹരികള്‍ വില്‍ക്കാനും പദ്ധതിയുണ്ട്.

നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 32 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ജനുവരിമുതല്‍ മാര്‍ച്ച്വരെയുള്ള മൂന്നുമാസത്തില്‍ 32 ശതമാനം കുറവുണ്ടായതായി കേന്ദ്ര വ്യവസായമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 339 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇക്കാലയളവില്‍ രാജ്യത്തുണ്ടായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 496 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ലഭിച്ച സ്ഥാനത്താണിത്. 2009-10 സാമ്പത്തികവര്‍ഷം 2583 കോടി ഡോളറിന്റെ മൊത്തം നിക്ഷേപം ലഭിച്ച സ്ഥാനത്ത് 2010-11ല്‍ 1942 കോടി ഡോളറിന്റെ നിക്ഷേപമാണ് വിവിധരാജ്യങ്ങളില്‍നിന്ന് ലഭിച്ചത്.

നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ വ്യക്തമായ സമീപനത്തിന്റെയും നിക്ഷേപ സൗഹൃദനയത്തിന്റെയും അഭാവമാണ് ഈ മേഖലയില്‍ രാജ്യം പിന്തള്ളപ്പെടാന്‍ കാരണമെന്ന് വ്യവസായമന്ത്രാലയത്തിലെ വക്താവ് വെളിപ്പെടുത്തി. സര്‍വീസ്, ധനകാര്യ, ധനകാര്യേതര, ടെലികോം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ മേഖലകളിലാണ് പ്രധാനമായും നേരിട്ടുള്ള വിദേശനിക്ഷേപമുള്ളത്. മൗറീഷ്യസ്, സിംഗപ്പുര്‍ , യുഎസ്, യുകെ, യുഎഇ, ജപ്പാന്‍ , ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നത്.

deshabhimani 250511

1 comment:

  1. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്ക് സമാനമായ കുംഭകോണമാണ് കല്‍ക്കരിപ്പാടങ്ങളില്‍ വിളഞ്ഞത്. 85,000 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിക്കൊണ്ട് വന്‍കിടക്കാര്‍ക്ക് ചുളുവിലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിന്റെ രീതി 2ജി അഴിമതിയുടേതുപോലെ തന്നെ. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് തുച്ഛവിലയ്ക്ക് നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നയം ശതകോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ടു ജി സ്പെക്ട്രം വില്‍പ്പനയാണ് ഇതില്‍ ഏറ്റവും പ്രധാനം. കേവലം 9000 കോടി രൂപയ്ക്കാണ് 2ജി ലൈസന്‍സ് നല്‍കിയത്. കമ്പോളവിലയ്ക്ക് ലേലത്തിന് വിറ്റിരുന്നെങ്കില്‍ രണ്ടുലക്ഷത്തോളം കോടി രൂപ ലഭിക്കുമായിരുന്നു. മൂന്നാം തലമുറ സ്പെക്ട്രം വിറ്റപ്പോള്‍ ഒരു ലക്ഷം കോടിയിലധികം രൂപ കിട്ടിയപ്പോഴാണ് ടു ജി സ്പെക്ട്രം വിറ്റത് തുച്ഛവിലയ്ക്കാണെന്ന ചര്‍ച്ച ഉയര്‍ന്നത്. എസ് ബാന്‍്ഡ് സ്പെക്ട്രം ദേവാസ് കമ്യൂണിക്കേഷന്‍സിന് നല്‍കിയതും സൗജന്യമായിട്ടായിരുന്നു. റോക്കറ്റ് നിര്‍മാണക്കരാറിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് രണ്ടുലക്ഷം കോടി രൂപ വില മതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രം സൗജന്യമായി പ്രധാനമന്ത്രികാര്യാലയം തന്നെ നല്‍കിയത്. മാധ്യമങ്ങളുടെ ജാഗ്രതകൊണ്ടു മാത്രമാണ് വന്‍ നഷ്ടം ഒഴിവായത്.

    ReplyDelete