Sunday, May 29, 2011

സാമ്പത്തിക പ്രതിസന്ധി: സ്‌പെയിനില്‍ വന്‍പ്രക്ഷോഭം

സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും കഴിഞ്ഞ ദിവസം പതിനായിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. നഗരങ്ങളിലെയും പട്ടണങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളും യുവജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം പ്രക്ഷോഭം തുടങ്ങിയത്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 28 ശതമാനം വോട്ടുമാത്രമെ ലഭിച്ചുള്ളൂ. വലതുപക്ഷ പാര്‍ട്ടിയായ പോപ്പുലര്‍ പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടായത്. പോപ്പുലര്‍ പാര്‍ട്ടിക്ക് 38 ശതമാനം വോട്ടു ലഭിച്ചു. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെക്കാള്‍ പിന്തിരിപ്പന്‍ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് പോപ്പുലര്‍ പാര്‍ട്ടി. പ്രധാനമന്ത്രി ജോ സ്‌ലൂയിസ് സപാറ്റ റോയുടെ ചെലവുചുരുക്കല്‍ നടപടികളെ എതിര്‍ക്കാത്ത പാര്‍ട്ടിയാണ് പോപ്പുലര്‍ പാര്‍ട്ടി.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌െപയിനിനെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധി തൊഴിലാളികളേയും യുവാക്കളേയുമാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. 18 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിപേര്‍ക്കും തൊഴിലില്ല. സ്ഥിരം തൊഴില്‍ ആര്‍ക്കും പുതുയായി ലഭിക്കുന്നുമില്ല. കരാര്‍ തൊഴില്‍ മാത്രമാണ് കിട്ടുന്നത്.

മാഡ്രിഡില്‍ പ്രകടനത്തിനെത്തിയവര്‍ നഗരത്തിന്റെ സിരാകേന്ദ്രമായ പ്യൂര്‍ട്ടദെല്‍ സോളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവിടെനിന്നും പിരിഞ്ഞുപോകില്ലെന്നാണ് പ്രകടത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. ഇവിടെ കുത്തിയിരിപ്പു നടത്തുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് നൂറ് കണക്കിന് വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. വിദ്യാഭ്യാസം, പാര്‍പ്പിടം, ചികിത്സ എന്നിവയ്ക്കുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കുക, സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുക, ബാങ്കുകളുടെമേല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി 16 ആവശ്യങ്ങള്‍ പ്രക്ഷോഭകാരികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ യൂറോപ്പിലെ പല രാജ്യങ്ങളും ചെലവു ചുരുക്കല്‍ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും കടുത്തത് സ്‌പെയിനിലാണ്. ഒരു ലക്ഷം കോടിയോളം രൂപ ചെലവുചുരുക്കലിലൂടെ ലാഭിക്കാന്‍ ലക്ഷ്യംവെച്ചുള്ള നടപടികളാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ശമ്പളത്തില്‍ 15 ശതമാനത്തോളം വെട്ടിക്കുറവു വരുത്തി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ആരോഗ്യസേവനം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള വിഹിതത്തില്‍ ഗണ്യമായ വെട്ടിക്കുറവുവരുത്തി.

പോള്‍മിച്ചല്‍  ജനയുഗം 290511

1 comment:

  1. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും കഴിഞ്ഞ ദിവസം പതിനായിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. നഗരങ്ങളിലെയും പട്ടണങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളും യുവജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം പ്രക്ഷോഭം തുടങ്ങിയത്.

    ReplyDelete