മൂന്നായി വിഭജിച്ച തദ്ദേശസ്വയംഭരണവകുപ്പ് ഭരണം നിയന്ത്രിക്കുന്നതിനു മുഖ്യമന്ത്രി ചെയര്‍മാനായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വകുപ്പ് വിഭജിച്ചതിനെതിരെ വ്യാപകമായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ പഞ്ചായത്ത് മാത്രം കൈകാര്യംചെയ്യുന്ന എം കെ മുനീര്‍ , നഗരഭരണം ഏറ്റെടുത്ത പി കെ കുഞ്ഞാലിക്കുട്ടി, ഗ്രാമവികസനത്തിന്റെ ചുമതലയുള്ള കെ സി ജോസഫ് എന്നിവരാണ് ഉപസമിതിയിലുള്ളത്. മൂന്ന് വകുപ്പുകള്‍ക്കുമായി ഒരു സെക്രട്ടറി മാത്രമേ ഉണ്ടാകൂ. സെക്രട്ടറി ഫയലുകള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് പ്രത്യേകമായി അയക്കണം. വകുപ്പ് വിഭജനം അധികാരവികേന്ദ്രീകരണ പ്രക്രിയയെയും കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും വിമര്‍ശവും കണക്കിലെടുത്താണ് ഉപസമിതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഭജനം തദ്ദേശഭരണസംവിധാനത്തെ ബാധിക്കില്ല. ഭരണകാര്യങ്ങളിലെ ഏകോപനം ഉപസമിതി കൈകാര്യം ചെയ്യും. 2001ല്‍ ഗ്രാമവികസനത്തിന് പ്രത്യേക മന്ത്രിയായിരുന്നു. അന്ന് ഒരു പ്രശ്നവും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ ഭരണത്തിലെ മൂന്നുവിഭാഗവും സംയോജിപ്പിച്ച കേരളത്തിന്റെ നടപടി ഇതര സംസ്ഥാനങ്ങള്‍ മാതൃകയാക്കുന്ന ഘട്ടത്തിലാണ് കൂടിയാലോചന പോലുമില്ലാതെ പഞ്ചായത്തുകളെയും നഗരസഭകളെയും വെട്ടിമുറിച്ചത്. ഗൂഢലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടി നഗരഭരണം കൈക്കലാക്കിയതെന്ന് ആക്ഷേപമുണ്ട്. വിഭജനത്തിനെതിരെ ശക്തമായ പരാതി ഉയര്‍ന്നതോടെയാണ് മുഖം രക്ഷിക്കാന്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കിയത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ രണ്ടുവര്‍ഷം കുഞ്ഞാലിക്കുട്ടി നഗരഭരണം ഏറ്റെടുത്തതൊഴിച്ചാല്‍ എല്ലാ ഘട്ടത്തിലും ഇവ ഒറ്റ വകുപ്പായാണ് നിലനിന്നത്. തദ്ദേശഭരണം കുഴഞ്ഞുമറിയുന്നതിനു പുറമെ മൂന്ന് വകുപ്പിനുമായുള്ള ഏക സെക്രട്ടറി ഏതു മന്ത്രിയുടെ കീഴിലായിരിക്കുമെന്ന ആശയക്കുഴപ്പവുമുണ്ട്.
നിര്‍മാണപ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിന് മറ്റൊരു മന്ത്രിസഭാ ഉപസമിതിക്കും രൂപം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ധനം, പൊതുമരാമത്ത്, ജലസേചനം, ഗ്രാമവികസന മന്ത്രിമാരടങ്ങിയതാണ് സമിതി. കൊച്ചി മെട്രോ റെയില്‍ പദ്ധതി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് തന്റെ സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംയുക്തസംരംഭമായി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ മെട്രോ പദ്ധതി വേണ്ടെന്ന നിലപാടില്ല. മെട്രോയും സ്മാര്‍ട് സിറ്റിയും എത്രയും വേഗത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഒരു രൂപയ്ക്ക് അരി പദ്ധതി തുടങ്ങിയാലും രണ്ടു രൂപ അരിവിതരണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തോടു കൂടുതല്‍ അരി ആവശ്യപ്പെടും. ജൂണ്‍ നാലിന് കേന്ദ്രമന്ത്രി കെ വി തോമസുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തും. സംസ്ഥാനത്തെ 600ല്‍പരം ബദല്‍ സ്കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രസഹായം പിന്‍വലിച്ച സാഹചര്യത്തിലാണ് സ്കൂളുകള്‍ നിര്‍ത്താന്‍ ആലോചിച്ചത്. ആദിവാസിമേഖലയിലുള്ള ഈ സ്കൂളുകള്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതുവരെ തുടരും.
അധികാര വികേന്ദ്രീകരണത്തെ പിന്നോട്ടടിപ്പിക്കും: പാലോളി
തദ്ദേശസ്വയംഭരണവകുപ്പിന്റെ വിഭജനം അധികാരവികേന്ദ്രീകരണത്തെ പിന്നോട്ടടിപ്പിക്കുമെന്ന് മുന്‍ തദ്ദേശമന്ത്രി പാലോളി മുഹമ്മദ്കുട്ടി പ്രസ്താവനയില്‍ പറഞ്ഞു. 73, 74 ഭരണഘടനാ ഭേദഗതികളെത്തുടര്‍ന്ന് പഞ്ചായത്ത് രാജ് നിയമവും മുനിസിപ്പല്‍ നിയമവും രൂപപ്പെടുത്തി അധികാര വികേന്ദ്രീകരണരംഗത്ത് മുന്‍നിരയില്‍ എത്തിനില്‍ക്കുകയാണ് കേരളം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം കൈമാറുകയും അധികാരം കൈയാളാന്‍ അവ പ്രാപ്തമാകുകയും ചെയ്യുമ്പോള്‍ മന്ത്രിതലത്തിലും സെക്രട്ടറിയറ്റ് തലത്തിലുമുള്ള ഭരണനിര്‍വഹണസംവിധാനം ചെറുതാകുമെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ. എന്നാല്‍ , പുതിയ മന്ത്രിസഭാരൂപീകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങളെ ഭരിക്കാന്‍ മാത്രം മൂന്ന് മന്ത്രിമാരും വകുപ്പുകളും സംവിധാനങ്ങളും ഉണ്ടാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
നഗരവികസനത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചിരിക്കുകയാണ്. പഴയ ഗ്രാമവികസന വകുപ്പും പുനരവതരിച്ചിരിക്കുന്നു. പഞ്ചായത്തിനു പുറത്താണ് ഗ്രാമവികസനം. ഗ്രാമവികസനത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍നിന്ന് പഞ്ചായത്ത് ഭരണസമിതികളെയും ഭരണസംവിധാനത്തെയും ഒഴിവാക്കുകയായിരിക്കും ഇതിന്റെഫലം. സര്‍ക്കാരിതര ഏജന്‍സികളുടെ ലേബലില്‍ ഇടത്തട്ടുകാര്‍ വഴി ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്ന മാതൃക ഇവിടെയും കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തൊഴിലുറപ്പുപദ്ധതി, ശുചിത്വ ക്യാമ്പയിന്‍ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ , തൊഴിലുറപ്പുമിഷന്‍ , കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തി ദേശീയതലത്തില്‍ കേരളം മാതൃക സൃഷ്ടിച്ചിരിക്കുമ്പോഴാണ് ഈ തിരിച്ചുപോക്ക്. പ്രാദേശിക ഭരണകൂടങ്ങളുടെ ഏകോപിതമായ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ ഒറ്റ വകുപ്പായി നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയോട് പാലോളി മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു.
തദ്ദേശഭരണ വകുപ്പ് വിഭജനം: സോണിയക്ക് പരാതി
ന്യൂഡല്‍ഹി: കേരളത്തില്‍ തദ്ദേശഭരണ വകുപ്പിനെ മൂന്നായി വിഭജിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് പരാതി. യുഡിഎഫ് സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനവിരുദ്ധമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സാണ് പരാതി നല്‍കിയത്. തദ്ദേശവികസനരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം തച്ചുടയ്ക്കുന്നതാണ് തീരുമാനമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യുവും ഡയറക്ടര്‍ ഡോ. ആഷ്നാരായണ്‍ റോയിയും പരാതിയില്‍ പറഞ്ഞു.
തദ്ദേശഭരണ വകുപ്പെന്ന പേരില്‍ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഗ്രാമവികസനത്തെയും ഒരു വകുപ്പിന് കീഴില്‍ കൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മൂന്നോ നാലോ വകുപ്പുകളിലായാണ് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ തദ്ദേശഭരണത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം പിന്നോട്ട് പോയപ്പോള്‍ കേരളം വലിയ നേട്ടങ്ങള്‍ കൈവരിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കാനുള്ള 64-ാം ഭരണഘടനാഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അധികാരം ജനങ്ങളിലേക്ക് എന്നാണ് രാജീവ്ഗാന്ധി പറഞ്ഞത്. രാജീവ്ഗാന്ധിയുടെ വീക്ഷണം നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. എന്നാലിപ്പോള്‍ നഗരവികസനം, ഗ്രാമവികസനം, പഞ്ചായത്തുകള്‍ എന്നിങ്ങനെ തദ്ദേശവകുപ്പിനെ യുഡിഎഫ് സര്‍ക്കാര്‍ മൂന്നായി തരംതിരിച്ചത് ഞെട്ടിക്കുന്ന നടപടിയാണ്.
ആസൂത്രണത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ രാജ്യമെങ്ങും നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം ഒട്ടേറെ വകുപ്പുകളും ഏജന്‍സികളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നതാണ്. വകുപ്പുകള്‍ തമ്മിലുള്ള സഹകരണമില്ലായ്മയും ഏകോപനമില്ലായ്മയും താഴെതട്ടിലെ വികസനത്തിന് തടസ്സമാകും. ഇവിടെയാണ് കേരളം വേറിട്ടുനിന്നത്. ഗ്രാമ- നഗര വികസനപ്രവര്‍ത്തനങ്ങള്‍ ഒരു വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് വികസനവും ആസൂത്രണവും സമഗ്രമായി മുന്നോട്ടു കൊണ്ടുപോകാന്‍ കേരളത്തിനായി. യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്ക് കേരളത്തിലെ ജനങ്ങള്‍ വലിയ വില നല്‍കേണ്ടി വരും. സര്‍ക്കാരിന്റെ ജനവിരുദ്ധനടപടിക്കെതിരെ രാഷ്ട്രീയപാര്‍ടികളുടെയും ബുദ്ധിജീവികളുടെയുമൊക്കെ നേതൃത്വത്തില്‍ പ്രക്ഷോഭം ഉയര്‍ന്നുവരാനാണ് സാധ്യത. പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയോട് അദ്ദേഹം വിയോജിച്ചു. നഗര- ഗ്രാമ- പഞ്ചായത്ത് വികസനത്തെ ഒറ്റ വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്നാണ് രാജീവ്ജി താല്‍പ്പര്യപ്പെട്ടിരുന്നതെന്ന് അയ്യര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയെ പിന്തിരിപ്പന്‍ നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രശ്നത്തില്‍ ഇടപെടുകയും തദ്ദേശഭരണ വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും വേണം- സോണിയക്ക് നല്‍കിയ പരാതിയില്‍ ജോര്‍ജ് മാത്യു പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 260511
മൂന്നായി വിഭജിച്ച തദ്ദേശസ്വയംഭരണവകുപ്പ് ഭരണം നിയന്ത്രിക്കുന്നതിനു മുഖ്യമന്ത്രി ചെയര്‍മാനായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വകുപ്പ് വിഭജിച്ചതിനെതിരെ വ്യാപകമായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ പഞ്ചായത്ത് മാത്രം കൈകാര്യംചെയ്യുന്ന എം കെ മുനീര്‍ , നഗരഭരണം ഏറ്റെടുത്ത പി കെ കുഞ്ഞാലിക്കുട്ടി, ഗ്രാമവികസനത്തിന്റെ ചുമതലയുള്ള കെ സി ജോസഫ് എന്നിവരാണ് ഉപസമിതിയിലുള്ളത്. മൂന്ന് വകുപ്പുകള്‍ക്കുമായി ഒരു സെക്രട്ടറി മാത്രമേ ഉണ്ടാകൂ. സെക്രട്ടറി ഫയലുകള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് പ്രത്യേകമായി അയക്കണം. വകുപ്പ് വിഭജനം അധികാരവികേന്ദ്രീകരണ പ്രക്രിയയെയും കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും വിമര്‍ശവും കണക്കിലെടുത്താണ് ഉപസമിതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഭജനം തദ്ദേശഭരണസംവിധാനത്തെ ബാധിക്കില്ല. ഭരണകാര്യങ്ങളിലെ ഏകോപനം ഉപസമിതി കൈകാര്യം ചെയ്യും. 2001ല്‍ ഗ്രാമവികസനത്തിന് പ്രത്യേക മന്ത്രിയായിരുന്നു. അന്ന് ഒരു പ്രശ്നവും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ReplyDelete