Wednesday, May 25, 2011

എജി, അഡീഷണല്‍ എജി നിയമനം വിവാദത്തിലേക്ക്

യുഡിഎഫ് മന്ത്രിസഭയുടെ അഡ്വക്കറ്റ് ജനറല്‍ , അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നിയമനം വിവാദത്തിലേക്ക്. സ്വഭാവദൂഷ്യത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശം ക്ഷണിച്ചുവരുത്തിയ അഡ്വ. കെ പി ദണ്ഡപാണിയെയാണ് എജിയായി നിയമിച്ചത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ജഡ്ജിക്ക് പണം നല്‍കാന്‍ ഇടനിലക്കാരനായതായി ആരോപിക്കപ്പെട്ട പി സി ഐപ്പിനെയാണ് അഡീഷണല്‍ എജിയാക്കിയിത്. ഇരു നിയമനവും നിയമവൃത്തങ്ങളില്‍ ചൂടും പുകയും ഉയര്‍ത്തിക്കഴിഞ്ഞു.

1996-ല്‍ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ കെ പി ദണ്ഡപാണി ഗുജറാത്ത് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കാതെ തന്നിഷ്ടം കാട്ടിയതാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശം ക്ഷണിച്ചുവരുത്തിയത്. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയെങ്കിലും അദ്ദേഹം സ്വന്തം നിലയ്ക്ക് കേരള ഹൈക്കോടതിയില്‍ കേസ് കേള്‍ക്കല്‍ തുടരുകയായിരുന്നു. ഇതിനെതിരെ അഡ്വ. കെ രാംകുമാര്‍ മുഖേന അഡ്വ. ശശിധരന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ജ. കെ ജി ബാലകൃഷ്ണന്‍ , ജ. കെ നാരായണക്കുറുപ്പ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ദണ്ഡപാണിയുടെ മോശം പ്രവണതയെ വിമര്‍ശിച്ചു. തുടര്‍ന്ന് ജഡ്ജിയായി ചുമതലയേറ്റ് അഞ്ച് മാസത്തിനകം രാജിവച്ചു. മകനെ നിയമബിരുദത്തില്‍ മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും വിവാദമായിരുന്നു. ഇതുസംബന്ധിച്ച കേസാകട്ടെ സുപ്രീംകോടതിവരെ നീളുകയും ചെയ്തു.

ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കായി ജഡ്ജി കെ തങ്കപ്പന് കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഐപ്പാണെന്ന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ സി പീറ്റര്‍ ഇന്ത്യാവിഷന്‍ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയിരുന്നു. റൗഫ് മജിസ്ട്രേട്ടിനുമുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയതോടെ ഐപ്പിനെ ഐസ്ക്രീം കേസ് അന്വേഷണസംഘം ചോദ്യംചെയ്തു. സ്റ്റേറ്റ് അറ്റോര്‍ണി എന്ന പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഐപ്പിനെ നിയമിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവുകൂടിയായ ഐപ്പിനെ കഴിഞ്ഞ ഭരണത്തില്‍ ഐസ്ക്രീം കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതും വിവാദമായിരുന്നു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി വി മാധവന്‍നമ്പ്യാരെ കേസ് നടത്തിപ്പില്‍നിന്ന് ഒഴിവാക്കിയാണ് ലീഗിന്റെ താല്‍പ്പര്യപ്രകാരം ഐപ്പിനെ നിയോഗിച്ചത്. പൊടി അലര്‍ജിയാണെന്ന പേരില്‍ കേസിന്റെ വാദം മാറ്റിച്ചും ഐപ്പ് വാര്‍ത്തകളില്‍ നിറഞ്ഞു. അന്നത്തെ ചീഫ് ജസ്റ്റിസ് വി കെ ബാലിക്കൊപ്പം ഉല്ലാസബോട്ടില്‍ വിവാദയാത്ര നടത്തിയും മാധ്യമശ്രദ്ധ നേടി.
(ഷഫീഖ് അമരാവതി)

deshabhimani 250511

3 comments:

  1. യുഡിഎഫ് മന്ത്രിസഭയുടെ അഡ്വക്കറ്റ് ജനറല്‍ , അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നിയമനം വിവാദത്തിലേക്ക്. സ്വഭാവദൂഷ്യത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശം ക്ഷണിച്ചുവരുത്തിയ അഡ്വ. കെ പി ദണ്ഡപാണിയെയാണ് എജിയായി നിയമിച്ചത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ജഡ്ജിക്ക് പണം നല്‍കാന്‍ ഇടനിലക്കാരനായതായി ആരോപിക്കപ്പെട്ട പി സി ഐപ്പിനെയാണ് അഡീഷണല്‍ എജിയാക്കിയിത്. ഇരു നിയമനവും നിയമവൃത്തങ്ങളില്‍ ചൂടും പുകയും ഉയര്‍ത്തിക്കഴിഞ്ഞു.

    ReplyDelete
  2. കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നു.

    ReplyDelete
  3. ആരോപണ വിധേയനായ പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് ശരിയായില്ലെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണയ്യര്‍ . പി സി ഐപ്പിെന്‍റ നിയമനത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ അനുഗ്രഹം തേടിയാണ് താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് "സദ്ഗമയ"യില്‍ എത്തിയ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിയമ പരിഷ്കരണ സമിതി നിര്‍ദ്ദേശങ്ങളെ കുറിച്ച് കൃഷ്ണയ്യര്‍ സൂചിപ്പിച്ചു. അക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ReplyDelete