Tuesday, May 31, 2011

വിമര്‍ശം ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ : എം വി ജയരാജന്‍

കോടതിയലക്ഷ്യം: ജയരാജന് കുറ്റപത്രം നല്‍കും

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന് കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. കുറ്റപത്രം നല്‍കുന്നതിന് ജൂണ്‍ എട്ടിന് ഹാജരാകാന്‍ ജയരാജനോട് ജസ്റ്റിസുമാരായ എ കെ ബഷീര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കോടതി പരിഗണിച്ച രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ ജയരാജന് കുറ്റപത്രം നല്‍കാന്‍ തീരുമാനിക്കുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. രണ്ടു മലയാള ചാനലുകള്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളും കോടതി പരിഗണിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുത്തതെന്നും കേസിനാസ്പദമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ തനിക്കെതിരെ മാത്രം നടപടിയെടുത്തത് നിയമപരമല്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കോടതിയലക്ഷ്യ ഹര്‍ജിയിലെ വസ്തുതകളും രേഖകളും പരിശോധിച്ചശേഷം കുറ്റപത്രം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതിവിധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. പ്രസംഗത്തില്‍ ന്യായാധിപരെ ശുംഭന്മാരെന്ന് താന്‍ വിശേഷിപ്പിച്ചത് കാര്യങ്ങള്‍ ശരിയായതരത്തില്‍ വിശകലനംചെയ്യാതെ തീരുമാനം കൈക്കൊള്ളുന്നവരെന്നുമാത്രം ഉദ്ദേശിച്ചാണെന്നും ഈ വാക്കിന് പ്രാദേശികമായി വ്യത്യസ്ത അര്‍ഥങ്ങളാണ് ഉള്ളതെന്നും വടക്കന്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ അഭിസംബോധനചെയ്യവേ നടത്തിയ വാക്പ്രയോഗം കോടതിയലക്ഷ്യമല്ലെന്നും ജയരാജന്‍ വാദിച്ചിരുന്നു.

വിമര്‍ശം ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ : എം വി ജയരാജന്‍

കൊച്ചി: കോടതിയലക്ഷ്യമായതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ജുഡീഷ്യറിയെ ശക്തിപ്പെടുത്താനുള്ള വിമര്‍ശനമാണ് നടത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു. സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാനലുകള്‍ നല്‍കിയ സിഡികള്‍ പരിശോധിച്ചാണ് കോടതി തീര്‍പ്പിലെത്തിയതെന്ന് പറയുന്നു. എന്നാല്‍ ആ സിഡികള്‍ തന്നെയോ തെന്‍റ അഭിഭാഷകനെയോ കാണാന്‍ അനുവദിക്കാതിരുന്നത് നീതിനിഷേധമാണെന്ന് ജയരാജന്‍ പറഞ്ഞു. പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനവും മതഘോഷയാത്രകളും നിരോധിച്ച കോടതി വിധിക്കെതിരെ സാമൂഹ്യവിമര്‍ശനം നടത്തുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തില്‍ പിന്നീട് സംസ്ഥാന നിയമസഭ നിയമനിര്‍മാണവും നടത്തി. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെയായിരുന്നു അത്. താന്‍ നടത്തിയ സദുദ്ദേശ വിമര്‍ശനം അത്തരത്തില്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ കോടതി കൈക്കൊണ്ട നടപടി ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

deshabhimani 310511

1 comment:

  1. കോടതിയലക്ഷ്യമായതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ജുഡീഷ്യറിയെ ശക്തിപ്പെടുത്താനുള്ള വിമര്‍ശനമാണ് നടത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു. സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാനലുകള്‍ നല്‍കിയ സിഡികള്‍ പരിശോധിച്ചാണ് കോടതി തീര്‍പ്പിലെത്തിയതെന്ന് പറയുന്നു. എന്നാല്‍ ആ സിഡികള്‍ തന്നെയോ തെന്‍റ അഭിഭാഷകനെയോ കാണാന്‍ അനുവദിക്കാതിരുന്നത് നീതിനിഷേധമാണെന്ന് ജയരാജന്‍ പറഞ്ഞു.

    ReplyDelete