Sunday, May 29, 2011

സ്പീക്കര്‍ സ്ഥാനത്തിലെ വല്ലായ്മയും മന്ത്രിസ്ഥാനത്തിനായുള്ള ദാഹവും

നിയമനിര്‍മാണസഭയുടെ അധ്യക്ഷപദവിയും ഉപാധ്യക്ഷപദവിയും ഉത്കൃഷ്ടസ്ഥാനങ്ങളാണ്. എന്നാല്‍ 13-ാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഈ രണ്ടു പദവികളും ഒളിഞ്ഞും തെളിഞ്ഞും ഇകഴ്ത്തപ്പെടുന്ന ഖേദകരമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഈ പ്രവണത ആ പദവികള്‍ക്ക് മാത്രമല്ല, നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിനും നിയമനിര്‍മാണ സഭയുടെ ചരിത്രത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു എന്ന വസ്തുത കാണാതിരുന്നുകൂട.

നിയമസഭയിലെ മുഖ്യകക്ഷിയല്ലെങ്കിലും ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് ജാതിയുടെയും മതത്തിന്റെയും വിഭാഗീയതയുടെയും അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതംവച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ട സാമാജികര്‍ ആ പദവി തങ്ങള്‍ക്ക് വേണ്ടെന്ന് കഠിനമായ നിലയില്‍ വാശിപിടിച്ചത്രേ. അവര്‍ക്കെല്ലാം മന്ത്രിക്കസേര വേണം. നിയമസഭയുടെ നാഥനാവാന്‍ കിട്ടുന്ന മഹനീയാവസരം തങ്ങളെ വിലകുറച്ച് കാണുന്നതുകൊണ്ട് വെച്ചുനീട്ടുന്നതാണെന്ന മിഥ്യാധാരണ അവരെ പിടികൂടിപ്പോയി. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് താങ്കളെയാണല്ലോ പരിഗണിക്കുന്നതെന്ന് ദൃശ്യമാധ്യമപ്രതിനിധികള്‍ ചര്‍ച്ചാവേളയില്‍ കേരളാ കോണ്‍ഗ്രസ് (മാണി) നേതാവ് പി സി ജോര്‍ജിനോട് പറഞ്ഞപ്പോള്‍ തന്നെ ഒരു ഷണ്ഡനാക്കാന്‍ നോക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡപ്യൂട്ടി സ്പീക്കര്‍ പദവിയെയും ആ പദവിയെ വിശിഷ്ടമായി കരുതി സേവനമനുഷ്ടിച്ച പൂര്‍വകാല സൂരികളെയും നിന്ദിക്കുകയാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ ജോര്‍ജ് ചെയ്തത്. ജനാധിപത്യസഭയിലെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങള്‍ യു ഡി എഫുകാരാല്‍ ഈ വിധം അവഹേളിക്കപ്പെടുന്നതിന് അവര്‍ക്ക് പ്രചോദനമേകുന്നതെന്താണ്? പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പാര്‍ലമെന്ററികാര്യവകുപ്പിന്റെയെങ്കിലും മന്ത്രിയായിക്കിട്ടാന്‍ കടിപിടികൂടുന്നവര്‍ക്ക് സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ എങ്ങനെയും ഒഴിവാക്കപ്പെടേണ്ടതാകുന്നതെന്തുകൊണ്ട്? വിചിത്രവും ജുഗുപ്‌സാവഹവുമായ കാരണങ്ങളാണ് യു ഡി എഫ് വൃത്തങ്ങളും മാധ്യമങ്ങളും ജനങ്ങളോട് പറഞ്ഞുതരുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി ഡി സതീശന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ സ്പീക്കറായി പരിഗണിച്ചപ്പോള്‍ ഇരുവര്‍ക്കും മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂ എന്ന് ശഠിച്ചതായാണ് വാര്‍ത്തകള്‍. ഗ്രൂപ്പും സമുദായവും പരിഗണിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിക്കസേര തരപ്പെടുത്തി. സമുദായമൊക്കെ ഒന്നു തന്നെയെങ്കിലും ഗ്രൂപ്പ് വ്യത്യാസം സതീശന്റെ മുന്നിലെത്താന്‍ തിരുവഞ്ചൂരിനെ സഹായിച്ചു. ഗ്രൂപ്പും സമുദായവും ഒന്നായിട്ടും സമുദായമേലാളന്‍മാരുടെ ശാഠ്യം ശിവകുമാറിനായതുകൊണ്ട് കഴിവും അര്‍ഹതയും എടുക്കാത്ത നാണയങ്ങളാവുകയും സതീശന്റെ ആശ ഫലിക്കാതെ പോവുകയും ചെയ്തു. പക്ഷേ എന്നിട്ടും സ്പീക്കര്‍ പദവി വേണ്ടെന്ന കര്‍ക്കശ നിലപാടിലാണത്രേ വി ഡി സതീശന്‍. മന്ത്രിസ്ഥാനത്തിനാണ് ഗരിമ. മന്ത്രിയാകാന്‍ യോഗ്യതയില്ലാത്തവര്‍ക്കുള്ള ഇരിപ്പിടമാണ് നിയമസഭാ നാഥന്റേത് എന്ന് പറയാതെ പറയുകയാണ് കോണ്‍ഗ്രസുകാര്‍.

കേരള നിയമസഭയുടെ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇക്കൂട്ടര്‍ എന്ന് വ്യക്തം. സുദീര്‍ഘവും സമുജ്ജ്വലവുമായ രാഷ്ട്രീയ പാരമ്പര്യമുള്ള പ്രതിഭാധനര്‍ അലങ്കരിച്ച പദവിയാണ് നിയമസഭ സ്പീക്കര്‍ സ്ഥാനം. ആദ്യ കേരള നിയമസഭയുടെ സ്പീക്കറായ കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ ശങ്കരനാരായണന്‍ തമ്പി (1957 ഏപ്രില്‍ 27-1959 ജൂലൈ 31) യുടെ രാഷ്ട്രീയ പാരമ്പര്യവും പ്രാഗത്ഭ്യവും സമാനതകളില്ലാത്തതാണ്. തിരുവിതാംകൂര്‍ യൂത്ത് ലീഗിലും തിരുവിതാംകൂര്‍ കോണ്‍ഗ്രസിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച അദ്ദേഹം ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം പലതവണ അനുഭവിച്ചു. 1944 മുതല്‍ 1947 വരെ ശ്രീമൂലം അസംബ്ലിയിലും 1954 മുതല്‍ 1956 വരെ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്ന ശങ്കരനാരായണന്‍ തമ്പിയുടെ മികച്ച പാര്‍ലമെന്ററി വൈഭവവും നിയമത്തിലും ഭരണഘടനയിലുമുള്ള അറിവുമാണ് പ്രഥമ നിയമസഭയുടെ സ്പീക്കറായി അദ്ദേഹത്തെ തിരഞ്ഞെടുക്കുവാന്‍ മാനദണ്ഡമായത്.

1921 ലെ നിസഹരണ സമരത്തില്‍ പങ്കെടുത്ത, 1930 ല്‍ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായിരുന്ന, പില്‍ക്കാലത്ത് മുസ്ലീംലീഗിന്റെ പ്രമുഖ നേതാവായിരുന്ന കെ എം സീതിസാഹിബായിരുന്നു രണ്ടാമത്തെ സ്പീക്കര്‍. രാഷ്ട്രീയ പാരമ്പര്യത്തിലും വിദ്യാസമ്പന്നതയിലും അദ്ദേഹവും മുന്‍നിരക്കാരനായിരുന്നു. സീതിസാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനത്തെത്തിയത് പ്രഗത്ഭനായ ഭരണാധികാരിയും പാര്‍ലമെന്റേറിയനുമെന്ന് പേരെടുത്ത സി എച്ച് മുഹമ്മദ്‌കോയയാണ്.  സി എച്ചിനു പിന്നാലെ സ്പീക്കറായത് കൊച്ചി നിയമസഭയിലും തിരു-കൊച്ചി സഭയിലും അംഗമായിരുന്നപ്പോള്‍ തന്നെ തന്റെ കഴിവുതെളിയിച്ച അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു.

1954 മുതല്‍ 56 വരെ തിരു-കൊച്ചി സഭയില്‍ ഡപ്യൂട്ടി സ്പീക്കറായിരുന്ന ഡി ദാമോധരന്‍ പോറ്റിയും (1967 മാര്‍ച്ച് 15 - 1970 ഒക്‌ടോബര്‍ 21) കേരള നിയമസഭയുടെ സ്പീക്കറായി. പിന്നാലെ വന്ന കെ മൊയ്തീന്‍കുട്ടി ഹാജിയും ടി എസ് ജോണും ചാക്കീരി അഹമ്മദ്കുട്ടിയും എ പി കുര്യനും എ സി ജോസും വക്കം പുരുഷോത്തമനും വി എം സുധീരനും വര്‍ക്കല രാധാകൃഷ്ണനും പി പി തങ്കച്ചനും തേറമ്പില്‍ രാമകൃഷ്ണനും എം വിജയകുമാറും കെ രാധാകൃഷ്ണനുമൊക്കെ പ്രഗത്ഭരും പ്രതിഭാധനരും സ്പീക്കര്‍ സ്ഥാനത്തിന്റെ മഹത്വം കാത്തുസൂക്ഷിച്ചവരുമായിരുന്നു.

മന്ത്രിസ്ഥാനത്തിരുന്ന പലരേയുംകാള്‍ കഴിവുറ്റവരും ജനപിന്തുണയുള്ളവരുമായിരുന്നു അവര്‍. ഡപ്യൂട്ടി സ്പീക്കര്‍മാരായിരുന്നവരും മറിച്ചായിരുന്നില്ല. അയിഷാബീവിയും നഫീസത്ത് ബീവിയും മുഹമ്മദ് ജാഫര്‍ഖാനും ആര്‍ എസ് ഉണ്ണിയും പി കെ ഗോപാലകൃഷ്ണനും എം ജെ സക്കറിയയും കെ എം ഹംസക്കുഞ്ഞും കൊരമ്പയില്‍ അഹമ്മദ്ഹാജിയും ഭാര്‍ഗവീതങ്കപ്പനും കെ നാരായണകുറുപ്പും സി എ കുര്യനും സുന്ദരന്‍നാടാരും ജോസ് ബേബിയുമെല്ലാം പാര്‍ലമെന്ററിരംഗത്ത് കഴിവു തെളിയിച്ചവര്‍ തന്നെ. ചരിത്രം ഇതായിരിക്കെയാണ് സ്പീക്കര്‍-ഡപ്യൂട്ടി സ്പീക്കര്‍ പദവികളെ ഇന്നത്തെ പുത്തന്‍കുറ്റുകാര്‍ പുച്ഛഭാവത്തോടെ അഭിമുഖീകരിക്കുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്ററി ചരിത്രാരംഭഘട്ടം മുതല്‍ സ്പീക്കര്‍ പദവിക്ക് മറ്റൊന്നിലുമേറെ മഹനീയത കല്‍പിക്കപ്പെട്ടിരുന്നു. കേരള നിയമസഭയാകട്ടെ രാജ്യത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു തന്നെ ഒട്ടേറെ മാതൃകകള്‍ സമ്മാനിച്ചിട്ടുണ്ട്. അതില്‍ നിര്‍ണായക പങ്ക് സഭയുടെ ഔന്നത്യം കാത്തുസൂക്ഷിച്ചും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിയമനിര്‍മാണ പ്രക്രിയയില്‍ തുല്യ പങ്കാളിത്തത്തോടെ പരിഗണിച്ചും മുന്നോട്ടുനീങ്ങിയ സ്പീക്കര്‍മാരുടേതാണ്. ഇത്തരം പദവി ലഭ്യതയെ അസുലഭ അവസരമായാണ് പൂര്‍വകാല സ്പീക്കര്‍മാര്‍ കണ്ടിരുന്നത് എന്ന് അവരുടെ സ്ഥാനാരോഹണഘട്ടത്തിലെ പ്രഭാഷണങ്ങള്‍ തെളിയിക്കുന്നു. എന്നിട്ടും മന്ത്രിമാരാവാന്‍ മാത്രം വെമ്പുന്നവരുടെ ആത്യന്തിക ലക്ഷ്യമെന്താണെന്ന് തിരിച്ചറിയുവാനുള്ള വിവേകം പ്രബുദ്ധരായ കേരളീയ ജനതയ്ക്കുണ്ടെന്ന് മനസ്സിലാക്കുവാനെങ്കിലും ഇത്തരക്കാര്‍ക്ക് കഴിയേണ്ടതാണ്.

സ്പീക്കറായി പോയാല്‍ രാഷ്ട്രീയഭാവി ഇല്ലാതാകുമെന്ന അന്ധവിശ്വാസ പ്രചാരണവും ഇതിനിടയില്‍ പിടികൂടിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്തിഹീനമായ വാദമാണിത്. പ്രഗത്ഭരായ മന്ത്രിമാര്‍ പിന്നീട് സ്പീക്കര്‍മാരായിട്ടുണ്ട്. സ്പീക്കര്‍മാരായിരുന്നവര്‍ പ്രഗത്ഭരായ മന്ത്രിമാരുമായിട്ടുണ്ട്.

ചരിത്രത്തിലെ അജ്ഞതയും ജനാധിപത്യസംവിധാനത്തിലെ ഉന്നതസ്ഥാനത്തെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയും സര്‍വോപരി അതിരുവിട്ട അധികാരമോഹവുമാണ് സ്പീക്കര്‍ - ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളെ ഇകഴ്ത്തുവാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. ജനാധിപത്യത്തിലും നിയമനിര്‍മാണസഭയിലും വിശ്വാസമുള്ള ഏതൊരാളും ഐക്യജനാധിപത്യമുന്നണിക്കാരുടെ ഈ നെറികെട്ട പ്രവൃത്തിയെ തള്ളിപ്പറയുകയും ഇത്തരക്കാര്‍ ജനപ്രതിനിധികളാവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് വിധിയെഴുതുകയും ചെയ്യും.
(വി പി ഉണ്ണികൃഷ്ണന്‍)

ജനയുഗം

1 comment:

  1. നിയമനിര്‍മാണസഭയുടെ അധ്യക്ഷപദവിയും ഉപാധ്യക്ഷപദവിയും ഉത്കൃഷ്ടസ്ഥാനങ്ങളാണ്. എന്നാല്‍ 13-ാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഈ രണ്ടു പദവികളും ഒളിഞ്ഞും തെളിഞ്ഞും ഇകഴ്ത്തപ്പെടുന്ന ഖേദകരമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഈ പ്രവണത ആ പദവികള്‍ക്ക് മാത്രമല്ല, നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിനും നിയമനിര്‍മാണ സഭയുടെ ചരിത്രത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു എന്ന വസ്തുത കാണാതിരുന്നുകൂട.

    ReplyDelete