Sunday, May 29, 2011

മന്ത്രിമാര്‍ പറഞ്ഞത് 1

വിദ്യാഭ്യാസമേഖലയില്‍ കോര്‍പറേറ്റുകളെ സഹായിക്കുമെന്ന് മന്ത്രി

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ മുന്നോട്ടു വരുന്ന വ്യക്തികള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ആവശ്യമായ നിയമസഹായവും പിന്‍ബലവും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ചുമാത്രം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. അതുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ തുറന്ന സമീപനമായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക- കലിക്കറ്റ് ടവറില്‍ ചേര്‍ന്ന ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണ്‍എയ്ഡ്ഡ് സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കുന്നതില്‍ നിഷ്പക്ഷ സമീപനം സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതിനിരക്ക് ഗാര്‍ഹിക നിരക്കിലാക്കുന്നത് വൈദ്യുതി മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. അടുത്ത വര്‍ഷം മുതല്‍ പാഠപുസ്തകം യഥാസമയം വിതരണം ചെയ്യാനുള്ള നടപടികള്‍ ആവിഷ്കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കും. മദ്രസ നവീകരണത്തിനുള്ള ഫണ്ട് കുടിശ്ശികയടക്കം വിതരണം ചെയ്യും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച് സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയെ തകര്‍ക്കാനാകില്ല- മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിശ്ശബ്ദവിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിനെ തകര്‍ക്കാനാകില്ലെന്നും മന്ത്രി എം കെ മുനീര്‍ പറഞ്ഞു. 35 ലക്ഷം സ്ത്രീകളുടെ പ്രസ്ഥാനം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. കേരളത്തിന് മാതൃകയായ ഈസംവിധാനത്തെ ഇല്ലാതാക്കാനാവില്ല. അതില്‍ രാഷ്ട്രീയമുണ്ടോയെന്ന് വേണമെങ്കില്‍ പരിശോധിക്കാം. ജനശ്രീ കോണ്‍ഗ്രസ് രൂപീകരിച്ചതാണ്. അതുപോലെ എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെല്ലാം സംഘടനകളുണ്ട്. എന്നാല്‍ ഇതില്‍ നട്ടെല്ലായ പ്രസ്ഥാനമാണ് കുടുംബശ്രീ. അത് ഒരു സര്‍ക്കാരിന്റെ കാലഘട്ടത്തിലുള്ളതല്ല. തുടര്‍ച്ചയാണ്-കലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസില്‍ മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനും പഞ്ചായത്തുകള്‍ക്കുമിടയില്‍ മധ്യവര്‍ത്തിയുടെ സ്ഥാനമാണ് തനിക്ക.് കേന്ദ്രം അനുവദിക്കുന്ന പദ്ധതിയും പണവും പഞ്ചായത്തിന് കൈമാറേണ്ട പണിയേ വകുപ്പിനുള്ളു. കേരളത്തില്‍ ഇപ്പോള്‍ നഗരമെന്നോ ഗ്രാമമെന്നോ പ്രദേശങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. എങ്കിലും തദ്ദേശഭരണവകുപ്പ് വിഭജിച്ചത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാന്‍ ചെയ്തതാകാം. അതിനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. നഗരകാര്യവും ഗ്രാമവികസനവുമുള്‍പ്പെടെ മുന്നു വകുപ്പുകള്‍ രൂപീകരിച്ച സാഹചര്യത്തില്‍ തന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ വകുപ്പേ നോക്കേണ്ടതുള്ളു. വകുപ്പ് ചോദിച്ചു വാങ്ങിയതല്ല. കിട്ടിയതില്‍ സന്തോഷമാണ്. വിഭജനം മൂലം പ്രതിസന്ധിയുണ്ടാകില്ല. താന്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയുമില്ല. അനിവാര്യമായ സന്ദര്‍ഭം വന്നാല്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉപസമിതിയുമുണ്ട്- മന്ത്രി പറഞ്ഞു.

റേഷന്‍ സമ്പ്രദായം പുനര്‍ നിര്‍ണയിക്കും: കേന്ദ്രമന്ത്രി

രാജ്യത്തെ റേഷനിങ് സമ്പ്രദായം പുനര്‍നിര്‍ണയിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസ്. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കുന്നതിന് മുന്നോടിയായി ബിപിഎല്‍ , എപിഎല്‍ സര്‍വ്വെ നടത്തുമെന്നും കേസരി സ്മാരക ജേര്‍ണ്ണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശവും, സുപ്രീം കോടതിയുടെ പ്രത്യേക മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും സര്‍വ്വെ നടത്തുക. കാലതാമസം കൂടാതെ സര്‍വ്വെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മാതൃകാ ഭക്ഷ്യധാന്യ വിതരണം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന രാജ്യത്തെ 150 ജില്ലകളില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാലായിരം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അധികം നല്‍കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്‍ പ്രകാരം ഭക്ഷ്യ വിതരണ രംഗം അടിമുടി പരിഷ്കരിക്കും. ഭക്ഷ്യ സുരക്ഷാബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായും ഉദ്യാഗസ്ഥരുമായും ജൂണ്‍ 4ന് തിരുവല്ലയില്‍ ചര്‍ച്ച നടത്തും. കുന്നന്താനത്ത് തുടങ്ങുന്ന ഭക്ഷ്യ സംഭരണശാലയുടെ ശിലാസ്ഥാപനവും ഇതോടനുബന്ധിച്ച് നടക്കും. മീനങ്ങാടി ആറക്കുളം, ചിങ്ങവനം എന്നിവിടങ്ങളിലും ഭക്ഷ്യ സംഭരണ ശാലകള്‍ സ്ഥാപിക്കും.

ബില്‍ പ്രകാരം ഭക്ഷ്യ ലഭ്യത ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഭക്ഷ്യ ഗ്രാമപ്രദേശങ്ങളില്‍ 75 ശതമാനം പേര്‍ക്കും, നഗര പ്രദേശങ്ങളില്‍ 50 ശതമാനം പേര്‍ക്കും ഭക്ഷ്യധാന്യം നിയമപരമായി ഉറപ്പാക്കും. ഒരു കുഞ്ഞിന്റെ ഭ്രൂണാവസ്ഥ മുതല്‍ 14 വയസ് ആകുന്നതുവരെ ഭക്ഷണം ബില്ലില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യം ഉപയോഗ ശൂന്യമാക്കുന്ന പ്രവണത തടയാന്‍ നടപടി സ്വീകരിക്കും. ഇതിന് ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. കമ്മിറ്റി നല്‍കുന്ന ശുപാര്‍ശ പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. രാജ്യത്ത് രണ്ട് കോടി അനധികൃത റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്ര, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

പെണ്‍വാണിഭ കേസുകള്‍ അട്ടിമറിക്കില്ല: മുനീര്‍

കോഴിക്കോട്: പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. പെണ്‍വാണിഭ മാഫിയാ പ്രവര്‍ത്തനം തടയണം. പെണ്‍വാണിഭക്കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന അഭിപ്രായം ശരിയല്ല. പെണ്‍വാണിഭ കെട്ടുകഥകളുടെ നിജസ്ഥിതി കണ്ടെത്തുകയാണ് വേണ്ടത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായ ആരോപണം നേരിടുന്ന പി സി ഐപ്പിനെ അഡീഷണല്‍ എജിയായി നിയമിച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല.

ദേശാഭിമാനി 290511

2 comments:

  1. മന്ത്രിമാര്‍ക്ക് മറവി കൂടുതലായിരിക്കും. ഒരു റെഫറന്‍സിനു കിടക്കട്ടെ.

    ReplyDelete
  2. ഇതുകൊള്ളാം. പലതുകൊണ്ടും

    ReplyDelete