Tuesday, May 31, 2011

രാഹുല്‍ മങ്ങുന്നു നേതാക്കള്‍ പ്രിയങ്കയ്ക്കു പിന്നാലെ

പ്രിയങ്കഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വീണ്ടും ഉയരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വസന്ത് സാഠെയാണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ പ്രിയങ്ക ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനും പ്രചാരണം നടത്താനും തയ്യാറാകണമെന്നാണ് വസന്ത് സാഠെയുടെ അഭിപ്രായം. കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജാഫര്‍ ഷെരീഫും പ്രിയങ്ക സജീവരാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യം ആവര്‍ത്തിച്ചു. രൂപത്തില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ മനസ്സ് കീഴടക്കാനും എളുപ്പത്തില്‍ കഴിയുമെന്നാണ്ജാഫര്‍ ഷെരീഫിന്റെ അവകാശവാദം. ഇരുവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു അഭിപ്രായം പ്രസക്തമാണ്.

സോണിയ ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയേക്കാള്‍ ജനപ്രീതി പ്രിയങ്കയ്ക്കാണ് എന്നത്. സോണിയ മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ മത്സരിക്കുന്ന അമേത്തിയിലും മാത്രമേ പ്രിയങ്ക ഇതുവരെ പ്രചാരണം നടത്തിയിട്ടുള്ളൂ (2004ലും 2009ലും). അവര്‍ ഉത്തര്‍പ്രദേശിലെങ്ങും പ്രചാരണം നടത്തണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവും ഇന്ദിരാഗാന്ധിയുടെ ഉപജാപകസംഘത്തിലെ അംഗവുമായിരുന്ന ആര്‍ കെ ധവാനും രാഹുലിന്റെ ഇപ്പോഴത്തെ പോക്കിനെ വിമര്‍ശിച്ചു. രാജീവ് ഗാന്ധിയെ നശിപ്പിച്ചത് അദ്ദേഹത്തിന്റെ ചുറ്റും കൂടിയ ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നും ആ തെറ്റ് ആവര്‍ത്തിക്കരുതെന്നുമാണ് ധവാന്‍ നല്‍കുന്ന ഉപദേശം. ധവാന്റെ ഒളിയമ്പ് രാഹുല്‍ഗാന്ധിയെ നിഴല്‍പോലെ പിന്തുടരുന്ന ദിഗ്വിജയ് സിങ്ങിനെ ഉന്നംവച്ചാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ അടക്കം പറയുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തെ അടുത്തുകണ്ട നേതാക്കളാണ് സാഠെയും ജാഫര്‍ ഷെരീഫും ധവാനും. ഇവര്‍ മൂന്നുപേരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യം രാഹുല്‍ എന്ന നേതാവ് പ്രതീക്ഷിച്ച രീതിയില്‍ നേതൃപാടവം കാണിക്കുന്നില്ലെന്നാണ്. അല്ലെങ്കില്‍ ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന്. അതിനാല്‍ പ്രിയങ്ക നേതൃത്വത്തിലേക്ക് വരണമെന്നാണ് ഇവരുടെ ആവശ്യം. ഉത്തര്‍പ്രദേശ് സംസ്ഥാന കോണ്‍ഗ്രസിന്റെ കണ്‍വന്‍ഷന്‍ വാരാണസിയില്‍ നടന്നപ്പോള്‍ അവിടെ പല നേതാക്കളും രാഹുലിന്റെ പ്രകടനം വേണ്ടത്ര വിജയിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. രാഹുല്‍ പ്രഭാവം മങ്ങുകയാണെന്ന സന്ദേശമാണ് ഈ കണ്‍വന്‍ഷനില്‍ ഉയര്‍ന്നത്. ഇത്തരമൊരു ചിന്താഗതിക്ക് പ്രധാന അടിസ്ഥാനം അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടികളും ബട്ട പര്‍സോള്‍ ഗ്രാമത്തില്‍ രാഹുല്‍ഗാന്ധിയുടെ പാളിപ്പോയ സന്ദര്‍ശനവുമാണ്.

ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നയത്തിനെതിരെ ബട്ട പര്‍സോള്‍ ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ സമരത്തിന് പിന്തുണയുമായി എത്തിയ രാഹുല്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസുകാരെപ്പോലും അത്ഭുതപ്പെടുത്തി. ഗ്രാമത്തില്‍ പൊലീസുകാര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തുവെന്നും കൂട്ടക്കൊല നടത്തിയെന്നും രാഹുല്‍ ആരോപിച്ചു. ഇത് വാസ്തവവിരുദ്ധമാണെന്ന് ഗ്രാമവാസികളും മായാവതി സര്‍ക്കാരും ഒരുപോലെ പറഞ്ഞു. ഇതോടെ രാഹുലിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. രാഹുലിനെക്കുറിച്ച് ധവാന്റെ അഭിപ്രായപ്രകടനത്തിന്റെ പ്രധാനകാരണവും ഇതുതന്നെ. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ബ്രിഗേഡിനുണ്ടായ പരാജയവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചു. കേരളത്തില്‍ രാഹുലിന്റെ പ്രത്യേക പട്ടികയില്‍നിന്ന് മത്സരിച്ച കെ ടി ബെന്നി, ആദം മുല്‍സി തുടങ്ങി പലരും തോറ്റമ്പി. തമിഴ്നാട്ടിലും രാഹുലിന്റെ അമൂല്‍ ബേബിമാര്‍ കനത്ത പരാജയം രുചിച്ചു. 13 ലക്ഷം യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുള്ള തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ച ഒമ്പതുപേരും തോറ്റു. തമിഴ്നാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം യുവരാജും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിമണിയും പരാജയപ്പെട്ടവരില്‍പെടും. തമിഴ്നാട്ടില്‍ "കാമരാജ് ഭരണം" സ്ഥാപിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം വീണ്‍വാക്കായി. സംസ്ഥാനത്ത് ഡിഎംകെയുമായി അടിപിടികൂടി വാങ്ങിയ 68 സീറ്റില്‍ അഞ്ച് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. സിപിഐ എമ്മിന് 10 ഉം സിപിഐക്ക് ഒമ്പതും സീറ്റ് ഇവിടെ ലഭിച്ചപ്പോഴാണ് ഇന്ത്യ ഭരിക്കുന്ന യുപിഎയിലെ പ്രബല കക്ഷിയുടെ ഈ ദയനീയ പ്രകടനം. പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തങ്കബാലു ഉള്‍പ്പെടെ പരാജയപ്പെട്ടു. അയല്‍ സംസ്ഥാനമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. രാഹുല്‍ പ്രചാരണം നടത്തിയിട്ടും യൂത്ത് കോണ്‍ഗ്രസ് നേതാവായ മുത്തുകുമാരസ്വാമി രക്ഷപ്പെട്ടില്ല. പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സഖ്യം വലിയ ഭൂരിപക്ഷം നേടിയപ്പോഴും രാഹുലിന്റെ ഒമ്പത് സ്ഥാനാര്‍ഥികളില്‍ നാലുപേര്‍മാത്രമാണ് വിജയിച്ചത്.
ആന്ധ്രപ്രദേശിലാകട്ടെ കോണ്‍ഗ്രസിന്റെ അടിത്തറതന്നെ ഇളകുകയാണെന്ന് കഡപ്പ ലോക്സഭാ മണ്ഡലത്തിലും പുലിവേന്തല നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കഡപ്പയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന് രൂപം നല്‍കിയ ജഗന്‍മോഹന്‍റെഡ്ഡി അഞ്ചര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ പുലിവേന്തലയില്‍ വൈ എസ് ആറിന്റെ വിധവ അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. കഡപ്പയില്‍ മന്ത്രിയെ നിര്‍ത്തിയാണ് ജഗനെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെങ്കില്‍ പുലിവേന്തലയില്‍ വൈ എസ് ആറിന്റെ സഹോദരനെയാണ് സീറ്റ് പിടിക്കാന്‍ ചുമതലപ്പെടുത്തിയത്.എന്നാല്‍ , ആ തന്ത്രമൊന്നും ഫലിച്ചില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് സാരം. കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാസീറ്റും ബിജെപി നേടി.അഴിമതിയുടെ പ്രതീകമായിട്ടുപോലും ബിജെപിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാല്സീറ്റ് മാത്രം. രാഹുല്‍ഗാന്ധി 17 ജില്ലയിലായി 22 മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയെങ്കിലും ഒരിടത്തു മാത്രമാണ് വിജയിക്കാനായത്. രാഹുല്‍ പ്രചാരണം നടത്താത്ത മൂന്നിടത്താണ് കോണ്‍ഗ്രസ്് വിജയിച്ചത്്. സോണിയ, രാഹുല്‍ നേതൃത്വംകൊണ്ട് മാത്രം രക്ഷപ്പെടാന്‍ കഴിയില്ലെന്ന ബോധം കോണ്‍ഗ്രസില്‍ ഇന്ന് വ്യാപകമാണ്. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചപ്പോള്‍ രാഹുല്‍ മാജിക്കാണ് ഈ വിജയത്തിനു പിന്നിലെന്ന് സ്തുതിപാഠകവൃന്ദം പാടിപ്പുകഴ്ത്തി. എന്നാല്‍ , പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി. സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ പതിനാല് സീറ്റും കോണ്‍ഗ്രസ് വിമതനായ റായ്ബറേലി എംഎല്‍എ അഖിലേഷ് സിങ്ങിന്റെ ആള്‍ക്കാര്‍ ജയിച്ചു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശിലെ ഇട്ട ജില്ലയിലെ നിഥൗലികനാലിലും ലക്കിംപുര്‍ ഖേരി ജില്ലയിലെ ലക്കിംപുര്‍ സദറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. ബിഎസ്പി ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിട്ടുപോലും അതിന്റെ ഗുണം വോട്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. രണ്ടിടത്തും സമാജ്വാദി പാര്‍ടിയാണ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചത്. നിഥൗലിയില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലക്കിംപുരിലെ തോല്‍വി ഇതിലും ദയനീയമാണ്. സ്ഥലം എംപി കോണ്‍ഗ്രസിന്റെ സഫര്‍അലി നഖ്വിയുടെ മകന്‍ സൈഫ് അലി നഖ്വിക്ക് കെട്ടിവച്ച കാശ് നഷ്ടമായി.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദൊമരിയാഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന പ്രചാരണം പൊള്ളയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അങ്ങനെ രാഹുലിന്റെ "മിഷന്‍ 2012" ഉത്തര്‍പ്രദേശില്‍ അകാലചരമമടയുകയാണ്. മായാവതിയെ പിടിച്ചുകെട്ടാന്‍ രാഹുലിനെക്കൊണ്ട് കഴിയില്ലെന്ന യാഥാര്‍ഥ്യം രണ്ട് വര്‍ഷത്തിനകം കോണ്‍ഗ്രസുകാര്‍ക്കുതന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ കടമെടുത്ത് ഉത്തര്‍പ്രദേശിലെ ഓരോ ഗ്രാമത്തില്‍നിന്നും സമരം ആരംഭിക്കുമെന്ന് രാഹുല്‍ഗാന്ധി പ്രസംഗിക്കുമ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്. ഗ്രാമങ്ങളിലെ ജനങ്ങളെക്കൊണ്ട് കോണ്‍ഗ്രസിന്റെ പാതകയേന്താന്‍ പ്രേരിപ്പിക്കേണ്ട സംഘടനയും കേഡര്‍മാരും എവിടെയുണ്ടാകും? അതിനായി രാഹുല്‍ ഗാന്ധി എന്തു ചെയ്തു? ഉത്തരം നിരാശാജനകമാണ്. ഇതില്‍നിന്നാണ് പ്രിയങ്ക വരട്ടെ എന്ന കാഹളം ഉയരുന്നത്.

വി.ബി.പരമേശ്വരന്‍ ദേശാഭിമാനി 310511

1 comment:

  1. പ്രിയങ്കഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വീണ്ടും ഉയരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വസന്ത് സാഠെയാണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ പ്രിയങ്ക ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനും പ്രചാരണം നടത്താനും തയ്യാറാകണമെന്നാണ് വസന്ത് സാഠെയുടെ അഭിപ്രായം. കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജാഫര്‍ ഷെരീഫും പ്രിയങ്ക സജീവരാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യം ആവര്‍ത്തിച്ചു. രൂപത്തില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ മനസ്സ് കീഴടക്കാനും എളുപ്പത്തില്‍ കഴിയുമെന്നാണ്ജാഫര്‍ ഷെരീഫിന്റെ അവകാശവാദം. ഇരുവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു അഭിപ്രായം പ്രസക്തമാണ്.

    ReplyDelete