Thursday, May 26, 2011

സി എച്ച് കുഞ്ഞമ്പുവിന് നേരെ കൈയേറ്റ ശ്രമം

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട് ലീഗുകാര്‍ ആക്രമിച്ചു

മൊഗ്രാല്‍ : കാസര്‍കോട് ബ്ലോക്കില്‍ മൊഗ്രാല്‍ നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ കെ സി റസിയയുടെ വീടിനുനേരെ ലീഗ് അക്രമികളുടെ അഴിഞ്ഞാട്ടം. വീട് സന്ദര്‍ശിക്കാനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ ലീഗ് ക്രിമിനലുകള്‍ മൊഗ്രാല്‍ കെ കെ പുറത്തെ വീടിന് നേരെയാണ് അക്രമം നടത്തിയത്. വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും വീടിന്റെ ജനല്‍ ഗ്ലാസുകളും എറിഞ്ഞുതകര്‍ത്തു. വീടിനുള്ളിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞ അക്രമിസംഘം ഏറെനേരം പരിഭ്രാന്തി പരത്തി. മൊഗ്രാലിലെ യു എം അമീന്‍ , റിഷാദ്, അസ്പാന്‍ , അബ്ദുള്‍ അസീസ്, ഫവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു വീണ്ടും അക്രമം. പ്രകടനമായി എത്തിയ അമ്പതോളം ലീഗുകാര്‍ വീട് ആക്രമിക്കുകയായിരുന്നു. വീടിന്റെ വാതിലുകളും ജനാലകളും കല്ലെറിഞ്ഞ് തകര്‍ത്തു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു അക്രമം.

സംഭവമറിഞ്ഞ് സിപിഐ എം നേതാക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയ സി എച്ച് കുഞ്ഞമ്പുവിനെ കൂടിനിന്ന ലീഗ് ക്രിമിനലുകള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തതോടെ ലീഗുകാര്‍ പിന്‍മാറി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കുമ്പള ഏരിയാസെക്രട്ടറി പി രഘുദേവന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. റിയാസ് അധ്യക്ഷനായി. മുഹമ്മദ് മൊഗ്രാല്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

പട്ടുവത്ത് ലീഗ് അക്രമം 4 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: പട്ടുവത്ത് മുസ്ലിംലീഗ് അക്രമത്തില്‍ സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. പട്ടുവം ലോക്കല്‍ കമ്മിറ്റിയംഗം വി വി രാജന്‍ (50), അരിയില്‍ ലോക്കല്‍കമ്മിറ്റിയംഗം എം ചന്ദ്രന്‍ (61), പട്ടുവം ഇടമൂട്ട് ബ്രാഞ്ച് അംഗവും ചെത്തുതൊഴിലാളിയുമായ കെ സുനില്‍കുമാര്‍ (28), വി വി രാജന്റെ ഭാര്യ വി വി ജയശ്രീ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്ടുവം കടവിന് സമീപത്തെ തീരജ്യോതി സീഫുഡ് സൊസൈറ്റി ഒരു സംഘം ലീഗുകാര്‍ ബുധനാഴ്ച പുലര്‍ച്ചെ ആക്രമിച്ചിരുന്നു. ഫ്രിഡ്ജ്, ഫ്രീസര്‍ , മേശ എന്നിവ തകര്‍ക്കുകയും പുഴയില്‍ വലിച്ചെറിയുകയും ചെയ്തു. സൊസൈറ്റിയിലുണ്ടായ 25,000രൂപയും ചെക്കുബുക്കും കവര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പകല്‍ 11ന് പട്ടുവം കടവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് നേരെയുണ്ടായ കല്ലേറിലാണ് വി വി രാജനും കെ സുനില്‍കുമാറിനും പരിക്കേറ്റത്. കരിങ്കല്ലുകൊണ്ടുള്ള ഏറില്‍ രാജന്റെ ദേഹത്തും സുനില്‍കുമാറിന്റെ കഴുത്തിനും ആഴത്തിലുള്ള മുറിവേറ്റു. പട്ടുവം കടവിലെ ജസീമിന്റെ നേതൃത്വത്തില്‍ ഒരു സംഘം ലീഗുകാര്‍ രാജന്റെ വീടിന് നേരെ കല്ലേറ് നടത്തി. ഭാര്യ ജയശ്രീക്ക് പരിക്കേറ്റു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ കല്ലേറില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അമീര്‍ അലി, സി കെ താഹ, കുഞ്ഞുമുഹമ്മദ്, സി വി മുസ്തഫ, കിഴക്കേപുരയില്‍ മുസ്തഫ, കെ ഹാഷിം എന്നിവരുള്‍പ്പെട്ട സംഘമാണ് അക്രമത്തിനു പിന്നില്‍.

പട്ടുവം പഞ്ചായത്ത് മുന്‍വൈസ്പ്രസിഡന്റും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന മുള്ളൂലിലെ എം ചന്ദ്രനെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപം വച്ചാണ് ക്രൂരമായി മര്‍ദിച്ചത്. ടൗണില്‍നിന്നും മുള്ളൂലിലേക്ക് ബസില്‍ സഞ്ചരിക്കുകയായിരുന്നു. ലീഗുകാര്‍ ബസ് തടഞ്ഞുനിര്‍ത്തി വലിച്ച് പുറത്തിട്ടായിരുന്നു മര്‍ദിച്ചത്. തലയ്ക്കും കൈക്കും ദേഹത്തും ചതവുകള്‍ പറ്റി. അരിയില്‍ കുതിരപ്പുറം സ്വദേശികളായ കെ നൗഷാദ്, കെ സമദ്, ഷഫീഖ്, കല്ലിങ്കീല്‍ ഇഖ്ബാല്‍ , കുറ്റ്യേരിക്കാരന്‍ അബ്ദുള്ള, പട്ടുവം സ്വദേശികളായ കെ പി ജസീല്‍ , സി ടി അമീറലി, കിഴക്കെപുരയില്‍ മുസ്തഫ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പട്ടുവം യുപി സ്കൂളിന് സമീപം സ്ഥാപിച്ചിരുന്ന സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിയും കൊടിമരവും ലീഗുകാര്‍ നശിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെതുടര്‍ന്ന് ലീഗ് സംഘം പട്ടുവത്തും സമീപ പ്രദേശങ്ങളിലും വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. അക്രമസംഭവത്തെത്തുടര്‍ന്ന് പട്ടുവത്തും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി അബ്ദുള്‍ റസാഖ്, എസ്ഐ വി ഉണ്ണിക്കൃഷ്ണന്‍ , സിഐ കെ ഇ പ്രേമചന്ദ്രന്‍ , പയ്യന്നൂര്‍ സിഐ പി കെ സുധാകരന്‍ എന്നിവരാണ് സംഘത്തില്‍ .

ദേശാഭിമാനി 260511

1 comment:

  1. കാസര്‍കോട് ബ്ലോക്കില്‍ മൊഗ്രാല്‍ നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ കെ സി റസിയയുടെ വീടിനുനേരെ ലീഗ് അക്രമികളുടെ അഴിഞ്ഞാട്ടം. വീട് സന്ദര്‍ശിക്കാനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ ലീഗ് ക്രിമിനലുകള്‍ മൊഗ്രാല്‍ കെ കെ പുറത്തെ വീടിന് നേരെയാണ് അക്രമം നടത്തിയത്.

    ReplyDelete