Friday, May 27, 2011

വേമ്പനാട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു

ആലപ്പുഴ: അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി സര്‍വെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ഇനം മത്സ്യങ്ങളാണ് കായലില്‍ നിന്നും അപ്രത്യക്ഷമായത്. 45 ഇനം മത്സ്യങ്ങളും 9 ഇനം കക്ക, ചെമ്മീന്‍ വര്‍ഗത്തില്‍പെട്ടവയുമാണ് കായലിലുള്ളത്.

പരിസ്ഥിതിയില്‍ വന്ന മാറ്റവും മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവുമെല്ലാം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാസപ്രയോഗത്തിലൂടെയുള്ള മത്സ്യബന്ധനവും തണ്ണീര്‍മുക്കം ബണ്ട് കൃത്യസമയത്ത് തുറക്കാത്തതും കാലം തെറ്റി പെയ്യുന്ന മഴയുമെല്ലാം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാകുന്നുണ്ട്.

വേമ്പനാട് കായലിലെ പ്രധാന മത്സ്യ ഇനങ്ങളായ ചെമ്മീന്‍, കരിമീന്‍ എന്നിവ വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിവിധയിനം വലകളില്‍ കുടുങ്ങി മത്സ്യക്കുഞ്ഞുങ്ങള്‍ നശിക്കുന്നതാണ് കരിമീന്റെ വംശനാശത്തിന് മുഖ്യകാരണം. നീര്‍നായ ഉള്‍പ്പെടെയുള്ള ഇതര ജലജീവികള്‍ ഉണ്ടായിരിക്കുന്ന വേമ്പനാട് കായലില്‍ മത്സ്യയിനങ്ങളെ മാത്രമാണ് സര്‍വെയില്‍ കണ്ടെത്തിയത്. ഹൗസ്‌ബോട്ടുകള്‍, കായല്‍ക്കരയിലെ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളും മത്സ്യബന്ധനത്തിന് ഭീഷണി ഉയര്‍ത്തുന്നു.

സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, ബാംഗളൂരു ആസ്ഥാനമായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2008 മുതലാണ് വേമ്പനാട് കായലില്‍ മത്സ്യസമ്പത്തിനെക്കുറിച്ച് സര്‍വ്വെ ആരംഭിച്ചത്. ശുദ്ധജല മത്സ്യങ്ങള്‍ ധാരാളമായി കണ്ടുവരുന്ന കുട്ടനാട്ടിലും കായലില്‍ ഓരുജലം നിറയുന്ന ഭാഗങ്ങളിലും മാത്രമാണ് കൂടുതല്‍ മത്സ്യങ്ങളെ കണ്ടെത്തിയത്. കടലില്‍ നിന്നുള്ള ഓരുജല മത്സ്യത്തിന്റെ അളവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹൗസ്‌ബോട്ടുകളില്‍ നിന്നും കായലിലേക്ക് പ്ലാസ്റ്റിക് കവറിലാക്കി ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നതും മത്സ്യബന്ധനത്തിനെ ബാധിക്കുന്നുണ്ട്. കുട്ടനാട്ടില്‍ താരതമ്യേന മത്സ്യം കൂടുതലുണ്ടെന്നും കായലില്‍ കണ്ടല്‍കാടുള്ള ഇടങ്ങളില്‍ മത്സ്യസാന്ദ്രത ഏറെയാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

കേരള ജൈവവൈവിധ്യ ബോര്‍ഡ്, വേമ്പനാട് നേച്ചര്‍ ക്ലബ്ബ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ്, ആര്‍എആര്‍എസ് കുമരകം, കണ്‍സര്‍വേഷന്‍ റിസര്‍വ്വ് ഗ്രൂപ്പ്(എറണാകുളം), കേരള യൂണിവേഴ്‌സിറ്റി ഫോര്‍ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സര്‍വെ. കഴിഞ്ഞ ഒരു മാസക്കാലയളവാണ് സര്‍വെയ്ക്കായി വിനിയോഗിച്ചത്. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വിയോണ്‍മെന്റ് ആണ് സര്‍വെ സംഘടിപ്പിച്ചത്.
(പി ആര്‍ റിസിയ)

janayugom 270511

1 comment:

  1. അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി സര്‍വെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ഇനം മത്സ്യങ്ങളാണ് കായലില്‍ നിന്നും അപ്രത്യക്ഷമായത്. 45 ഇനം മത്സ്യങ്ങളും 9 ഇനം കക്ക, ചെമ്മീന്‍ വര്‍ഗത്തില്‍പെട്ടവയുമാണ് കായലിലുള്ളത്.

    പരിസ്ഥിതിയില്‍ വന്ന മാറ്റവും മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവുമെല്ലാം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാസപ്രയോഗത്തിലൂടെയുള്ള മത്സ്യബന്ധനവും തണ്ണീര്‍മുക്കം ബണ്ട് കൃത്യസമയത്ത് തുറക്കാത്തതും കാലം തെറ്റി പെയ്യുന്ന മഴയുമെല്ലാം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാകുന്നുണ്ട്.

    ReplyDelete