പ്രഫ. ആര്‍ ഗംഗപ്രസാദ് വിടവാങ്ങി. താങ്ങാനാവാത്ത അസുഖങ്ങളുമായാണ് നീളംകുറഞ്ഞ ആ കൊച്ചുമനുഷ്യന്‍ സദാചലിച്ചുകൊണ്ടിരുന്നത്. പ്രമേഹം മുതല്‍ ഹൃദ്രോഗം വരെയുള്ള അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് തവണ ബൈപാസ് ശസ്ത്രക്രിയ നടത്തിയിട്ടും രോഗശമനം ഉണ്ടായില്ല. യാത്ര തീര്‍ത്തും ഡോക്ടര്‍മാര്‍ വിലക്കിയതാണ്. എന്നിട്ടും അദ്ദേഹം കിട്ടിയ ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യുക പതിവാണ്. തന്റെ ലക്ഷ്യത്തിലെത്താന്‍ അനാരോഗ്യത്തെ അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. ഏത് തലമുറയ്ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു ഗംഗപ്രസാദ്.
കഴിഞ്ഞ ഒരാഴ്ചക്കാലം വിശ്രമമില്ലാത്ത ജോലിയിലായിരുന്നു. പുതുതായി രൂപീകരിച്ച ശൂരനാട് മണ്ഡലം കമ്മിറ്റിക്ക് ഒരു ഓഫീസ് വേണം. ചക്കുവള്ളിയില്‍ വാങ്ങിയ രണ്ട് സെന്റ് സ്ഥലത്ത് ഓഫീസ് മന്ദിരം പണിയാന്‍ ആവശ്യമായ ഫണ്ട് ശേഖരണം അതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. പാര്‍ട്ടി സഖാക്കളില്‍ നിന്ന് തന്നെ പരമാവധി ഫണ്ട് ശേഖരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. രാത്രി വളരെവൈകി മറ്റ് സഖാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങുന്നത്. ഗംഗപ്രസാദ് സാര്‍ എന്ന് ഏവരും വിളിക്കുന്ന പ്രഫ. ഗംഗപ്രസാദിന്റെ പ്രവര്‍ത്തനശൈലി ഇതായിരുന്നു.
വൈവിദ്ധ്യമാര്‍ന്ന മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഉറച്ചപരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. ശാസ്താംകോട്ട കായലിന്റെ പരിരക്ഷയ്ക്കുവേണ്ടി ഉഗ്രമായ പോരാട്ടമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായലിന്റെ സംരക്ഷണത്തിനായി അതോറിട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനം എടുപ്പിക്കുന്നതിന് ആ പ്രവര്‍ത്തനം സഹായകമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍ട്രോള്‍ കമ്മിറ്റിയുടെ കമ്മിഷനില്‍ അംഗമായിരുന്ന അദ്ദേഹം ജില്ലാ എക്‌സിക്യൂട്ടീവിലും അംഗമായി പ്രവര്‍ത്തിച്ചു.
പ്രശസ്തനായ അദ്ധ്യാപകനായിരുന്നു. ശാസ്താംകോട്ട ഡി ബി കോളജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയായിട്ടാണ് അദ്ദേഹം പിരിഞ്ഞത്. തിരക്കുള്ള പൊതുപ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ധ്യാപകനെന്ന ചുമതലയില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന് സമയവും കാലവും ഒന്നും പ്രശ്‌നമായിരുന്നില്ല.
മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര കരിപ്പുഴയില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടമനായിരുന്നു. 50കളില്‍ മാവേലിക്കര ചെട്ടികുളങ്ങര പ്രദേശം നിരവധി കാര്‍ഷിക സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. പൗരാവകാശങ്ങള്‍ക്കും പൊലീസ് തേര്‍വാഴ്ചയ്ക്കുമെതിരെയുള്ള ജനകീയ സമരങ്ങളില്‍ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങി. എം എന്‍ ഗോവിന്ദന്‍നായര്‍, ആര്‍ ശങ്കരനാരായണന്‍ തമ്പി, പുതുപ്പള്ളി രാഘവന്‍, തോപ്പില്‍ ഭാസി തുടങ്ങിയവര്‍ അവരുടെ വീരപുരുഷന്മാരായിരുന്നു. അവരെപറ്റിയുള്ള കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമായിരുന്നു ഗംഗപ്രസാദിന്റേത്.
പഠിക്കാന്‍ മിടുക്കനായ ഗംഗപ്രസാദ് കൊല്ലം എസ്എന്‍ കോളജിലെയും ഫാത്തിമാ കോളജിലെയും വിദ്യാര്‍ഥിയായിരുന്നു. കൊമേഴ്‌സില്‍ ബിരുദാനന്തരബിരുദം പ്രശസ്തമായ നിലയില്‍ പാസായി. അതേസമയം തന്നെ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രമുഖ നേതാക്കളിലൊരാളായും മാറി. എസ്എഫിന്റെ കൊല്ലം ജില്ലാ പ്രസിഡന്റായും സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. തിരിച്ച് നാട്ടിലെത്തിയ അദ്ദേഹം ചെട്ടികുളങ്ങര കരിപ്പുഴ പ്രദേശത്ത് കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്. പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും കുറച്ച് കാലം പ്രവര്‍ത്തിച്ചു.
ഇതിനിടയില്‍ അദ്ദേഹത്തിന് ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജില്‍ അധ്യാപകനായി നിയമനം ലഭിച്ചു. കോളജിന് സമീപത്തുള്ള ഒരു വീട്ടില്‍ ഗംഗപ്രസാദ് ഉള്‍പ്പെടെയുള്ള അദ്ധ്യാപകര്‍ കുറേക്കാലം ഒരുമിച്ചാണ് താമസിച്ചത്. പ്രശസ്ത നാടകകൃത്ത് ജി ശങ്കരപ്പിള്ള, ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍, കോളജ് പ്രിന്‍സിപ്പലായിരുന്ന എംആര്‍ടി നായര്‍, പ്രഫ. സിഎന്‍ പരമേശ്വരന്‍നായര്‍ തുടങ്ങിയവരാണ് മറ്റ് താമസക്കാര്‍. ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് എന്നായിരുന്നു അവരുടെ താമസസ്ഥലത്തിന് പേരിട്ടിരുന്നത്. ശാസ്താംകോട്ട കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രിയങ്കരനായി അദ്ദേഹം വളരെ വേഗം മാറി. സുശക്തമായ അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. എകെപിസിടിഎയുടെ സംസ്ഥാന നേതാവായി അദ്ദേഹം വളര്‍ന്നു. അക്കാലത്ത് നടന്ന അധ്യാപക സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. എന്നാല്‍ അദ്ധ്യാപകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കടമ നിര്‍വഹിക്കുന്നതില്‍ ഒരു വീഴ്ചയും അദ്ദേഹം വരുത്തിയില്ല. വമ്പിച്ച ഒരു ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ മേഖലകളില്‍ ഇന്നും വ്യാപരിക്കുന്ന ഒട്ടേറെ ആളുകള്‍ ഗംഗപ്രസാദ് സാറിനെ ഏറെ ആദരവോടെയാണ് കാണുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുന്നത്തൂര്‍ താലൂക്കിലെ പ്രമുഖ പ്രവര്‍ത്തകനായ അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായി ഏറെ ജനപ്രീതി നേടാന്‍ കഴിഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ അതീവതാല്‍പ്പര്യം കാണിച്ചിരുന്ന അദ്ദേഹം അവര്‍ക്ക് എപ്പോഴും ഏത് സമയവും ആശ്രയിക്കാവുന്ന അത്താണിയായിരുന്നു. ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിശ്രമമില്ലാത്ത പ്രവര്‍ത്തനം അദ്ദേഹത്തെ രോഗിയാക്കിമാറ്റി.
സംഘടനാപ്രശ്‌നങ്ങളില്‍ സമര്‍ത്ഥമായി അദ്ദേഹം നടത്തുന്ന ഇടപെടല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഏറെ സഹായിച്ചു. മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച് നിലപാട് ഉള്ളപ്പോള്‍ തന്നെ ഹൃദയനൈര്‍മല്യംകൊണ്ട് അദ്ദേഹം ഏവരുടെയും സ്‌നേഹം നേടി. ഗംഗപ്രസാദിന്റെ വേര്‍പാട് പാര്‍ട്ടിക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ്.
പി എസ് സുരേഷ് ജനയുഗം 230511
പ്രഫ. ആര്‍ ഗംഗപ്രസാദ് വിടവാങ്ങി. താങ്ങാനാവാത്ത അസുഖങ്ങളുമായാണ് നീളംകുറഞ്ഞ ആ കൊച്ചുമനുഷ്യന്‍ സദാചലിച്ചുകൊണ്ടിരുന്നത്. പ്രമേഹം മുതല്‍ ഹൃദ്രോഗം വരെയുള്ള അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് തവണ ബൈപാസ് ശസ്ത്രക്രിയ നടത്തിയിട്ടും രോഗശമനം ഉണ്ടായില്ല. യാത്ര തീര്‍ത്തും ഡോക്ടര്‍മാര്‍ വിലക്കിയതാണ്. എന്നിട്ടും അദ്ദേഹം കിട്ടിയ ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യുക പതിവാണ്. തന്റെ ലക്ഷ്യത്തിലെത്താന്‍ അനാരോഗ്യത്തെ അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. ഏത് തലമുറയ്ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു ഗംഗപ്രസാദ്.
ReplyDelete