Friday, May 27, 2011

റഗുലേറ്ററി അതോറിറ്റി രൂപീകരണം അന്യായ ടിക്കറ്റ്നിരക്ക് വര്‍ധനയ്ക്ക്

സിനിമ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത് തോന്നിയപടി ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് അധികാരം നല്‍കാന്‍ . മലയാളസിനിമാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് മന്ത്രി കെ ബി ഗണേഷ്കുമാര്‍ നടത്തിയ യോഗത്തിലാണ് സിനിമാ ആസ്വാദകര്‍ക്ക് ഇരുട്ടടിയാകുന്ന തീരുമാനമുണ്ടായത്. ഉത്സവകാലത്തും മറ്റ് വിശേഷാവസരങ്ങളിലും തിയറ്റര്‍ ഉടമകള്‍ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിഷേധം നേരിടാനാണ് അതോറിറ്റി രൂപീകരണം. പ്രത്യേകാവസരങ്ങളില്‍ ടിക്കറ്റ്നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നത് തിയറ്റര്‍ ഉടമകളുടെ ദീര്‍ഘകാല ആവശ്യമാണ്. സംസ്ഥാനത്തെ എ ക്ലാസ് തിയറ്റര്‍ ഉടമകളാണ് ഇതിനുപിന്നില്‍ . ബഹുഭൂരിപക്ഷംവരുന്ന ബി, സി ക്ലാസ് തിയറ്ററുകള്‍ക്ക് ഒരു ഗുണവുമുണ്ടാക്കാത്ത പരിഷ്കാരമാണിത്.

സിനിമയുടെ റിലീസിനോടനുബന്ധിച്ചു വരുന്ന ദിവസങ്ങള്‍ , താരതമ്യേന തിരക്കനുഭവപ്പെടുന്ന ഒഴിവുദിവസങ്ങള്‍ , ദേശീയ ഉത്സവദിനങ്ങള്‍ എന്നിവയ്ക്കു പുറമെ ഓരോ പ്രദേശത്തെയും പ്രത്യേക ഉത്സവങ്ങളിലും ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാന്‍ അധികാരം നല്‍കണമെന്നാണ് എ ക്ലാസ് തിയറ്ററുകാര്‍ ആവശ്യപ്പെട്ടുവന്നിരുന്നത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രത്യേക അവസരങ്ങളില്‍ ടിക്കറ്റ്നിരക്ക് ഉയര്‍ത്തുന്നത് തീയറ്ററുകള്‍ക്കെതിരെ പൊതുജനരോഷമുയര്‍ത്തുമെന്നതിനാല്‍ ടിക്കറ്റ്നിരക്ക് നിശ്ചയിക്കല്‍ റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമാക്കാനാണു നീക്കം. തിയറ്റര്‍ ഉടമകള്‍ കൊള്ള നടത്തുവെന്ന തോന്നലുണ്ടാകാതിരിക്കാനാണിത്. പുതിയ സിനിമകളുടെ റിലീസിങ് ഉള്‍പ്പെടെ വിശേഷാവസരങ്ങളിലെല്ലാം റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം എന്ന നിലയിലായിരിക്കും പുതിയ ടിക്കറ്റ്നിരക്ക് ഈടാക്കുക. ഇതുവഴി മോശം ചിത്രമാണെങ്കിലും ആദ്യദിവസങ്ങളില്‍ത്തന്നെ മോശമല്ലാത്ത വരുമാനം നേടാന്‍ എ ക്ലാസ് തിയറ്ററുകള്‍ക്കാവും. ഹിറ്റ് ചിത്രങ്ങളാണെങ്കില്‍ ആഴ്ചകളോളം തിയറ്ററുകാര്‍ക്ക് പണം വാരാം. ഇങ്ങനെ ടിക്കറ്റ്നിരക്ക് തോന്നുംപടി നിശ്ചയിക്കുന്നതിന് ഇപ്പോള്‍ത്തന്നെ നിയമ തടസ്സമൊന്നുമില്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ വാദം. ചില തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതുകൊണ്ടുകൂടിയാണ് നടപ്പാക്കാത്തത്.

തിയറ്ററുകള്‍ അവിടെ നല്‍കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതും നിരക്ക് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമാക്കാനാണ്. പ്രൊജക്ഷന്‍ , ശബ്ദസംവിധാനം ഉള്‍പ്പെടുന്ന സാങ്കേതികമികവ്, സീറ്റിങ് സൗകര്യം, പാര്‍ക്കിങ്, ശുചിത്വം, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തരംതിരിവ്. അതോറിറ്റി വരുന്നതോടെ മികച്ച സൗകര്യങ്ങളുള്ള നഗരങ്ങളിലെ തിയറ്ററുകളിലെ ടിക്കറ്റ്നിരക്ക് ഇപ്പോഴത്തേതിന്റെ പലമടങ്ങ് ഇരട്ടിയാകും. വന്‍തുക ടിക്കറ്റ്നിരക്കായി ഈടാക്കാന്‍ കഴിയുമെന്നതിനാല്‍ കൂടുതല്‍ തിയറ്ററുകള്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കാന്‍ ഇപ്പോള്‍ത്തന്നെ തയ്യാറാണ്.

deshabhimani 270511

1 comment:

  1. സിനിമ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത് തോന്നിയപടി ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് അധികാരം നല്‍കാന്‍ . മലയാളസിനിമാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് മന്ത്രി കെ ബി ഗണേഷ്കുമാര്‍ നടത്തിയ യോഗത്തിലാണ് സിനിമാ ആസ്വാദകര്‍ക്ക് ഇരുട്ടടിയാകുന്ന തീരുമാനമുണ്ടായത്. ഉത്സവകാലത്തും മറ്റ് വിശേഷാവസരങ്ങളിലും തിയറ്റര്‍ ഉടമകള്‍ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിഷേധം നേരിടാനാണ് അതോറിറ്റി രൂപീകരണം. പ്രത്യേകാവസരങ്ങളില്‍ ടിക്കറ്റ്നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നത് തിയറ്റര്‍ ഉടമകളുടെ ദീര്‍ഘകാല ആവശ്യമാണ്. സംസ്ഥാനത്തെ എ ക്ലാസ് തിയറ്റര്‍ ഉടമകളാണ് ഇതിനുപിന്നില്‍ . ബഹുഭൂരിപക്ഷംവരുന്ന ബി, സി ക്ലാസ് തിയറ്ററുകള്‍ക്ക് ഒരു ഗുണവുമുണ്ടാക്കാത്ത പരിഷ്കാരമാണിത്.

    ReplyDelete