Tuesday, May 31, 2011

പശ്ചിമ ബംഗാള്‍ അര്‍ധ ഫാസിസത്തിലേക്കോ

അധികാരത്തിന്റെ ഹുങ്ക് അതിന്റെ എല്ലാ ഭീകരതയോടുംകൂടി നടപ്പാക്കുകയാണ് പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി. ഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് മാവോയിസ്റ്റുകളുമായി ചേര്‍ന്ന് ബംഗാളില്‍ വ്യാപകമായ അക്രമം മമതയും കൂട്ടരും അഴിച്ചുവിട്ടിരുന്നു. അധികാരം കിട്ടിയതോടെ അത് മാരകശക്തിയാര്‍ജിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേദിവസം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ വധിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളി ജനതയുടെ മനസ്സില്‍ തീ കോരിയിട്ടത്. അധികാരമേറ്റ് രണ്ടാഴ്ച തികയുംമുമ്പ് 10 ഉശിരന്‍ സഖാക്കളെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടമായത്.

മെയ് 19ന് ദുര്‍ഗാപ്പുരില്‍ രാംപ്രവേശ് റായ്, മുന്ദകല റായ് എന്നീ സിപിഐ എം പ്രവര്‍ത്തകരെയും ചോപ്ഡയില്‍ ദഹിറുദീന്‍ എന്ന പ്രവര്‍ത്തകനെയും കൊന്നു. മെയ് 21ന് മഡ്ഗ്രാമില്‍ മുഹമ്മദ് ഖൊദറാഖയെ കൊലപ്പെടുത്തി. 23ന് ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ബൗരിപുരില്‍ ഗ്രാമീണ ഡോക്ടര്‍ അമല്‍ സമദ്ദാറിനെ തൃണമൂല്‍ അക്രമികള്‍ കൊന്നു. മെയ് 24ന് മൂര്‍ഷിദാബാദ് ജില്ലയിലെ ബേല്‍ഡംഗയില്‍ സിപിഐ എം പ്രവര്‍ത്തകനായ മഹബുല്‍ ഷേഖിനെ അടിച്ചും മകന്‍ മൊഫാസേര്‍ ഷേഖിനെ ചുട്ടും കൊലപ്പെടുത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. പല വിധത്തിലും സിപിഐ എം, ഇടതുപക്ഷ പ്രവര്‍ത്തകരെ മമതയുടെ ഗുണ്ടകളും മാവോയിസ്റ്റുകളും വേട്ടയാടുന്നുണ്ട്. സിപിഐ എം ഓഫീസുകള്‍ക്കും വീടുകള്‍ക്കും അടുത്ത് ആയുധങ്ങള്‍ രഹസ്യമായി കുഴിച്ചിട്ടശേഷം റെയ്ഡ് നടത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുക, പൊലീസിനെ സ്വാധീനിച്ച് നിരപരാധികളുടെ മേല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കുക തുടങ്ങി നിയമവാഴ്ചയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള കൊടുംക്രൂരതയാണ് ബംഗാളി ജനതയോട് മമതയും അവരുടെ പാര്‍ടിക്കാരും ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ, ഹൂഗ്ലി, ബര്‍ധമാന്‍ തുടങ്ങിയ ജില്ലകളിലാണ് ആയുധം പിടിക്കലും ആക്രമണവും വ്യാപകമായി അരങ്ങേറുന്നത്. ജനങ്ങളെ പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരിക എന്നതാണ് തന്ത്രം. മെയ് 14ന് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ മിനാഖയിലെ തെഗോറിയ ഗ്രാമത്തില്‍ തൃണമൂല്‍ അക്രമികള്‍ പുരുഷന്‍മാരെ അടിച്ചോടിച്ചശേഷം നാല് സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തു. സിപിഐ എം അനുഭാവികളും ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരുമാണ് ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ . സ്ത്രീകളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന മമത ഈ സംഭവത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല. സിഐടിയു ഓഫീസുകള്‍ പിടിച്ചെടുക്കുക, തൊഴിലാളികളെ ഭീഷണിപ്പെടുത്തി തൃണമൂല്‍ യൂണിയനില്‍ ചേര്‍ക്കുക, എതിര്‍ യൂണിയനില്‍പെട്ടവരെ തൊഴിലെടുക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ ജനാധിപത്യ ധ്വംസനങ്ങളും നടമാടുകയാണ്.

മാവോയിസ്റ്റ് ഭീഷണിയുള്ള ചില പ്രദേശങ്ങള്‍ ഒഴികെ മെയ് 13 വരെ പശ്ചിമ ബംഗാള്‍ ശാന്തമായിരുന്നു. എന്നാല്‍ , ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ഹിറ്റ്ലറുടെ ജര്‍മനിയുടെ അവസ്ഥയിലാണ് ഇന്ന് ബംഗാള്‍ . ഹിറ്റ്ലര്‍ ജൂതന്‍മാരെയും കമ്യൂണിസ്റ്റുകാരെയുമാണ് കൊന്നൊടുക്കിയതെങ്കില്‍ മമത കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. മമതയുടെ നരമേധം കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ. ക്രമസമാധാനനില പാടെ തകരാറിലായിട്ടും അതേക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാന്‍ കേന്ദ്രസര്‍ക്കാരോ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോ തയ്യാറായിട്ടില്ല. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂലിനെ പിണക്കുന്നത് ഓര്‍ക്കാന്‍പോലും അവര്‍ക്കാകാത്ത നിലയാണ്. ബംഗാളിലെ കോണ്‍ഗ്രസാണ് അക്രമങ്ങള്‍ക്കെതിരെ അല്‍പ്പമെങ്കിലും ശബ്ദമുയര്‍ത്തിയത്. ആയുധം പിടിച്ചെടുക്കല്‍ നാടകത്തിനും അതിന്റെ പേരില്‍ നടക്കുന്ന അക്രമത്തിനുമെതിരെ പിസിസി പ്രസിഡന്റും മന്ത്രിയുമായ മനാസ് ഭുനിയ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ , മമതയുടെ കാരുണ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസിന്റെ ശബ്ദം ബംഗാളില്‍ ദുര്‍ബലമാണ്. തങ്ങളെ അനുസരിക്കാത്ത പൊലീസുകാരെപ്പോലും മമതയുടെ ഗുണ്ടകള്‍ വെറുതെവിടുന്നില്ല.

സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഓഫീസര്‍ മണിക് ചക്രവര്‍ത്തിയെ തല്ലിച്ചതച്ചത് കഴിഞ്ഞദിവസമാണ്. ഇങ്ങനെ വനിതാഹിറ്റ്ലര്‍ മാതൃകയില്‍ ബംഗാളില്‍ വാഴുകയാണ് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മമത. തെരഞ്ഞെടുപ്പ് വിജയം എല്ലാക്കാലത്തേക്കുമുള്ളതല്ലെന്നും അഞ്ച് വര്‍ഷംമാത്രമാണ് കാലാവധിയെന്നും മമതയും കൂട്ടരും ഓര്‍ക്കുന്നത് നന്ന്. കൊട്ടിഘോഷിക്കപ്പെട്ട "പരിവര്‍ത്തന"ത്തിനു വേണ്ടി തൃണമൂലിന് വോട്ട് ചെയ്ത ബംഗാളിജനതയെ ഭരണത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ മമത തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. കോണ്‍ഗ്രസ് പിന്തുണയോടെയും മാവോയിസ്റ്റ് സഹായത്തോടെയുമുള്ള ഈ തൃണമൂല്‍ ഭീകരവാഴ്ച സിദ്ധാര്‍ഥ ശങ്കര്‍റായിയുടെ അര്‍ധഫാസിസ്റ്റ് ഭീകരതയോട് തുല്യംനില്‍ക്കുന്നു. ജനതയ്ക്കെതിരായ ഈ യുദ്ധത്തിനെതിരെ ഉശിരന്‍ പോരാട്ടത്തിന് അമാന്തിച്ചാല്‍ രാജ്യം അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. പശ്ചിമ ബംഗാളിന്റെ സമാധാനത്തിനുവേണ്ടി; ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി; നരമേധ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പിന് രാജ്യത്തിന്റെയാകെ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 310511

1 comment:

  1. അധികാരത്തിന്റെ ഹുങ്ക് അതിന്റെ എല്ലാ ഭീകരതയോടുംകൂടി നടപ്പാക്കുകയാണ് പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി. ഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് മാവോയിസ്റ്റുകളുമായി ചേര്‍ന്ന് ബംഗാളില്‍ വ്യാപകമായ അക്രമം മമതയും കൂട്ടരും അഴിച്ചുവിട്ടിരുന്നു. അധികാരം കിട്ടിയതോടെ അത് മാരകശക്തിയാര്‍ജിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേദിവസം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ വധിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളി ജനതയുടെ മനസ്സില്‍ തീ കോരിയിട്ടത്. അധികാരമേറ്റ് രണ്ടാഴ്ച തികയുംമുമ്പ് 10 ഉശിരന്‍ സഖാക്കളെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടമായത്.

    ReplyDelete