ഉമ്മന്‍ചാണ്ടിയും കൂട്ടരും എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ആയുധമാക്കി പയറ്റിയ ലോട്ടറി കേസ് യു ഡി എഫിനെ തിരിഞ്ഞുകൊത്തുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ അദൃശ്യകരങ്ങളാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ നയിക്കുന്നതെന്ന് കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ ഒളിയമ്പെയ്തതോടെ വി എസ് സര്‍ക്കാരിനെ കുടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ യു ഡി എഫ് വെട്ടിലായി. മുന്‍ സര്‍ക്കാര്‍ ലോട്ടറി കേസിലെടുത്ത നടപടികളെല്ലാം ശരിവയ്ക്കുംവിധം ഇന്നലെ ഹൈക്കോടതി വിധി പ്രസ്താവിച്ചപ്പോള്‍ അഴിഞ്ഞുവീണത് യു ഡി എഫിന്റെ പൊയ്മുഖമാണ്.
അന്യ സംസ്ഥാന ലോട്ടറി മാഫിയയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്‌തെന്നും കേന്ദ്ര ലോട്ടറി നിയമപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നുമാണ് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും വാദിച്ചത്. എന്നാല്‍ ലോട്ടറി വിഷയത്തില്‍ ഉരുണ്ടുകളിച്ച കേന്ദ്ര സര്‍ക്കാരാവട്ടെ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെ പഴിചാരാനാണ് ശ്രമിച്ചത്.
ലോട്ടറി മാഫിയയുമായുള്ള നികുതി തര്‍ക്കം ഹൈക്കോടതിയിലെത്തിയ ഘട്ടത്തില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി വാദിക്കാനെത്തിയത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക്‌സിംഗ്‌വിയായിരുന്നു. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കമാന്‍ഡിനെ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി അറിയിച്ചപ്പോള്‍ സിംഗ്‌വിയെ ഏതാനും ആഴ്ച വക്താവ് സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഈ തിരിച്ചടികള്‍ക്കുശേഷവും പഴഞ്ചന്‍ ന്യായങ്ങള്‍ പറഞ്ഞ് സതീശനും മറ്റും വി എസ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിച്ചത്. ഇന്നലെ കോടതിവിധി വന്നതോടെ ഇക്കൂട്ടരെല്ലാം പ്രതിരോധത്തിലായി.
തന്റെ മന്ത്രിസഭാ പ്രവേശനം അട്ടിമറിച്ചതിനു പിന്നില്‍ ലോട്ടറി മാഫിയയുടെ കരങ്ങളുണ്ടെന്ന് സംശയിക്കുന്നതായാണ് കോണ്‍ഗ്രസ് എം എല്‍ എ: വി ഡി സതീശന്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. നിയമസഭയിലും ഹൈക്കോടതിയിലും വി എസ് സര്‍ക്കാരിനെതിരെ ലോട്ടറി കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന സതീശന്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പരിഗണനാപട്ടികയില്‍ നിന്ന് അവസാന നിമിഷമാണ് തെറിച്ചത്.
സ്പീക്കര്‍സ്ഥാനമടക്കം ഈ സര്‍ക്കാരിലെ ഒരു പദവിയും തനിക്കിനി വേണ്ടെന്നു പറഞ്ഞ സതീശന്‍ സംയമനം വെടിഞ്ഞ് ഇന്നലെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തിന് പലവട്ടം കത്തയച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് മറുപടി അയച്ച ശേഷവും കേന്ദ്രമന്ത്രി ചിദംബരം ഉരുണ്ടുകളിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ ചിദംബരം പിന്നീടതു തിരുത്തി. നടപടിക്രമങ്ങള്‍ പാലിച്ചുള്ള കത്തു വേണമെന്നായിരുന്നു അടുത്ത വാദം. ഈ ഘട്ടത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ലോട്ടറി നിയമപ്രകാരം ലോട്ടറി മാഫിയയെ നിയന്ത്രിക്കേണ്ടതും സി ബി ഐ അന്വേഷണം നടത്തേണ്ടതും കേന്ദ്ര സര്‍ക്കാരാണെന്നത് വ്യക്തമായിരിക്കെ കോണ്‍ഗ്രസ് എം എല്‍ എ ഇക്കാര്യമുന്നയിച്ച് കോടതിയിലെത്തിയതിനെ ഹൈക്കോടതി ആദ്യ പരിഗണനയില്‍ തന്നെ വാക്കാല്‍ വിമര്‍ശിച്ചിരുന്നു. കോടതിയിലെത്തുന്നതിനു പകരം ഹര്‍ജിക്കാരന് കേന്ദ്രത്തിലുള്ള തന്റെ നേതാക്കളായ മന്ത്രിമാരോട് ഇക്കാര്യം പറഞ്ഞാല്‍ പോരേ എന്നതായിരുന്നു വിമര്‍ശനത്തിന്റെ വ്യംഗാര്‍ത്ഥം.
കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കേന്ദ്ര സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സി ബി ഐ അന്വേഷണത്തിനു തയ്യാറാണെന്ന പ്രസ്താവനയുമായി കോടതിയിലെത്തിയത്. ലോട്ടറി മാഫിയക്കെതിരെ ഇതുവരെ സംസ്ഥാന പൊലീസെടുത്ത കേസുകളുടെ പട്ടികയും എഫ് ഐ ആറും ലഭിച്ചാലുടന്‍ സി ബി ഐ അന്വേഷണം നടത്താമെന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വിശദീകരണം വന്ന ദിവസം തന്നെ യു ഡി എഫ് ഊതി വീര്‍പ്പിച്ച ആരോപണത്തിന്റെ മുനയൊടിഞ്ഞിരുന്നു.
കേന്ദ്രമന്ത്രി ചിദംബരം, അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി എന്നിവര്‍ പല ഘട്ടങ്ങളിലായി ലോട്ടറി മാഫിയക്ക് പരസ്യമായി ഒത്താശ നല്‍കിയവരാണ്. ഹൈക്കോടതി ഉത്തരവു പ്രകാരം സി ബി ഐ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ഇക്കൂട്ടരുടെയെല്ലാം പങ്ക് പുറത്തുവരുമെന്നു മാത്രമല്ല, മുഖംമൂടി അഴിഞ്ഞുവീഴുകയും ചെയ്തു.
എല്‍ ഡി എഫ് സര്‍ക്കാരിനെ ലോട്ടറി കേസില്‍ മുള്‍മുനയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാമെന്ന യു ഡി എഫ് ലക്ഷ്യം പാളിയെന്നു മാത്രമല്ല, ഇന്നലെ വിധി വന്നതോടെ മാര്‍ട്ടിന്റെ ഭൂതം സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുകയും ചെയ്തു. തനിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് കൂടുതല്‍ തെളിവുകളുമായി സതീശന്‍ രംഗത്തെത്തുമെന്നാണ് സൂചന. സര്‍ക്കാരിന്റെ നില അതോടെ കൂടുതല്‍ പരുങ്ങലിലാവുകയും ചെയ്യും.
janayugom 250511
ഉമ്മന്‍ചാണ്ടിയും കൂട്ടരും എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ആയുധമാക്കി പയറ്റിയ ലോട്ടറി കേസ് യു ഡി എഫിനെ തിരിഞ്ഞുകൊത്തുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ അദൃശ്യകരങ്ങളാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ നയിക്കുന്നതെന്ന് കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ ഒളിയമ്പെയ്തതോടെ വി എസ് സര്‍ക്കാരിനെ കുടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ യു ഡി എഫ് വെട്ടിലായി. മുന്‍ സര്‍ക്കാര്‍ ലോട്ടറി കേസിലെടുത്ത നടപടികളെല്ലാം ശരിവയ്ക്കുംവിധം ഇന്നലെ ഹൈക്കോടതി വിധി പ്രസ്താവിച്ചപ്പോള്‍ അഴിഞ്ഞുവീണത് യു ഡി എഫിന്റെ പൊയ്മുഖമാണ്
ReplyDeleteലോട്ടറിമാഫിയക്ക് എവിടെയും പിടിമുറുക്കാന്‍ കഴിയുമെന്ന് വി ഡി സതീശന്‍ എംഎല്‍എ. ബാഹ്യശക്തികളാരെങ്കിലും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിച്ച് കേസുമായി ഒറ്റയ്ക്ക് മുന്നോട്ട്‌പോവുമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ലോട്ടറികേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള കോടതി വിധി സ്വാഗതാര്‍ഹമാണ്. സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയപ്രശ്‌നമെന്നതിലുപരിയായി സാമൂഹ്യ പ്രശ്‌നമെന്ന നിലയ്ക്ക് ലോട്ടറി വിഷയത്തെ സമീപിച്ച് സിബിഐയ്ക്ക് ആവശ്യമുള്ള എല്ലാ സഹകരണങ്ങളും നല്‍കണം. ലോട്ടറി അഴിമതിയുടെ മുഴുവന്‍ ഉള്ളുകളികളും സിബിഐ അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സതീശന്‍ പറഞ്ഞു.
ReplyDelete