Saturday, May 28, 2011

ചില്ലറ വില്‍പ്പന വിദേശ കുത്തകകള്‍ക്കു തീറെഴുതാന്‍ കേന്ദ്ര നീക്കം

വിലക്കയറ്റം നേരിടാനെന്ന പേരില്‍ ചില്ലറ വില്‍പ്പന രംഗം വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് വിലക്കയറ്റത്തിന്റെ മറവില്‍  കുത്തകകള്‍ക്കു വഴിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വിലക്കയറ്റം നേരിടാനുള്ള മാര്‍ഗങ്ങളിലൊന്നായി, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായ കൗശിക് ബസുവാണ് സമിതിയുടെ തലവന്‍.

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് കൗശിക് ബസു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് മത്രമാണ് രാജ്യത്ത് വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഈ രംഗത്ത് 51 ശതമാനം വിദേശനിക്ഷേപത്തിന് അനുമതിയുണ്ട്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പ്പനയും വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ നാളായി നീക്കം നടത്തിവരികയായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി ഇതിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. ചില്ലറ വില്‍പ്പന രംഗം വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്തെ ലക്ഷക്കണക്കിനു ചെറുകിടവ്യാപാരികള്‍ വഴിയാധാരമാവുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടതുപക്ഷവും വിവിധ വ്യാപാരി സംഘടനകളും സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭ രംഗത്തുണ്ട്.

ചില്ലറ വില്‍പ്പന രംഗം വിദേശനിക്ഷേപത്തിനു തുറന്നുകൊടുക്കാന്‍ ആസൂത്രണ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. വിവിധ ബഹുരാഷ്ട്ര കുത്തകളും ഇതിനു സമ്മര്‍ദം ചെലുത്തി രംഗത്തുണ്ട്. പല തലത്തിലും ഇതിനായി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ്, വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി ചില്ലറ വില്‍പ്പ രംഗം വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വിലക്കയറ്റം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇക്കാര്യത്തില്‍ നടപടികള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല സമിതിയെ നിയോഗിച്ചത്. വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനു പുറമേ മാതൃകാപരമായ കാര്‍ഷികോല്‍പ്പന്ന വിപണന നിയമം നിര്‍മിക്കുകയെന്നതാണ് പ്രധാനമായ ശുപാര്‍ശയെന്ന് ബസു പറഞ്ഞു. വയലില്‍നിന്ന് ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോള്‍ കാര്‍ഷികോല്‍പ്പന്നത്തിന്റെ വില പല മടങ്ങാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ അന്തരം കുറയ്ക്കാന്‍ പര്യാപ്തമാവുന്ന നിയമമാണ് വേണ്ടതെന്ന് ബസു പറഞ്ഞു. കേന്ദ്രം മാതൃകാപരമായ നിയമം കൊണ്ടുവരുന്ന പക്ഷം സംസ്ഥാനങ്ങള്‍ക്ക് അതിനെ അനുകരിക്കാനാവുമെന്ന് ബസു നിര്‍ദേശിച്ചു.

അതേസമയം പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തല്‍, ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കല്‍ തുടങ്ങി വിലക്കയറ്റം തടയാന്‍ നേത്തെ നിര്‍ദേശിക്കപ്പെട്ട നടപടികളെക്കുറിച്ച് സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോയെന്ന് വ്യക്തമല്ല. ആസൂത്രണ കമ്മിഷന്‍ മെംബര്‍ സെക്രട്ടറി സുധാ പിള്ള, കൃഷിവകുപ്പു സെക്രട്ടറി പി കെ ബസു, ഭക്ഷ്യ സെക്രട്ടറി ബി സി ഗുപ്ത, ധനവകുപ്പു സെക്രട്ടറി സുഷമാ നാഥ്, സാമ്പത്തിക കാര്യ സെക്രട്ടറി ആര്‍ ഗോപാലന്‍, വാണിജ്യ സെക്രട്ടറി രാഹുല്‍ ഖുള്ളര്‍, ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ടി സി എ ആനന്ദ് എന്നിവരാണ് സമിതിയിലുള്ളത്.

ജനയുഗം 280511

1 comment:

  1. വിലക്കയറ്റം നേരിടാനെന്ന പേരില്‍ ചില്ലറ വില്‍പ്പന രംഗം വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് വിലക്കയറ്റത്തിന്റെ മറവില്‍ കുത്തകകള്‍ക്കു വഴിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വിലക്കയറ്റം നേരിടാനുള്ള മാര്‍ഗങ്ങളിലൊന്നായി, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായ കൗശിക് ബസുവാണ് സമിതിയുടെ തലവന്‍.

    ReplyDelete