Saturday, May 28, 2011

രാജ്യവ്യാപക പ്രക്ഷോഭത്തിന് സജ്ജരാകുക: ബര്‍ധന്‍

വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന കേന്ദ്ര നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് സജ്ജരാകാന്‍ സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ആഹ്വാനം ചെയ്തു. സി പി ഐ തൃശൂര്‍ ജില്ലാ ജനറല്‍ബോഡിയില്‍ കേന്ദ്ര എക്‌സിക്യുട്ടീവ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. 

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില സകലപരിധിയും കടന്ന് കുതിച്ചുയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. ബഹുരാഷ്ട്ര കുത്തകകളെയും കോര്‍പ്പറേറ്റുകളെയും താലോലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മഹാഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. പ്ലാനിംഗ് കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചുള്ള ദാരിദ്ര്യരേഖാ നിര്‍ണയം വസ്തുതാവിരുദ്ധമാണെന്നറിഞ്ഞിട്ടും കേന്ദ്രം അതിനൊപ്പമാണ് നീങ്ങുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം ഉള്‍പ്പെടെ കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നുവരണം -ബര്‍ധന്‍ പറഞ്ഞു.

മുതലാളിത്ത ശക്തികളും കോര്‍പറേറ്റുകളും നിര്‍ദേശിക്കുന്ന സാമ്പത്തിക നയ പരിപാടികളാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കി മഹാഭൂരിപക്ഷം പാവപ്പെട്ട ഇന്ത്യാക്കാര്‍ക്കും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നത് കോണ്‍ഗ്രസും യു പി എയും  കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനമാണെന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുന്നതിന് ഇപ്പോള്‍ യു പി എ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് കടുത്ത ജനവഞ്ചനയാണ്. നഗര പ്രദേശങ്ങളില്‍ പ്രതിദിനം ഇരുപത് രൂപയ്ക്ക് താഴെയും ഗ്രാമങ്ങളില്‍ പതിനഞ്ച് രൂപയ്ക്ക് താഴെയും വരുമാനമുള്ളവരെ മാത്രം ഉല്‍പ്പെടുത്തി ദാരിദ്യ രേഖ നിജപ്പെടുത്താനാണ് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ നിര്‍ദേശം. ജനസംഖ്യയില്‍ എഴുപത്തിയെട്ട് ശതമാനം പേര്‍ക്കും പ്രതിദിന വരുമാനം ഇരുപതുരൂപയില്‍ താഴെയാണെന്ന  അര്‍ജുന്‍സെന്‍ഗുപ്ത കമ്മിഷന്റെ കണ്ടെത്തലിന് വിരുദ്ധമാണിത്.

വികസനത്തിന്റെ പേരില്‍ ഭൂമിഏറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും പുനരധിവാസം നിഷേധിക്കുന്നതും 1894ല്‍ ബ്രിട്ടീഷ് കോളനി ഭരണകൂടം നിര്‍മിച്ച ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഉത്തര്‍പ്രദേശത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ നടത്തിവരുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവരുന്നത്. കര്‍ഷകര്‍ക്ക് ഭൂമിയുടെ മേലുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനും അനിവാര്യമായ  ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വിധേയമാകുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കുന്നതിനും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമായി  പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുന്നതിന് ഇനി കാലതാമസം പാടില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയണമെന്ന് ബര്‍ധന്‍ ആവശ്യപ്പെട്ടു. 34 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം പശ്ചിമബംഗാളില്‍ ഇടതുസര്‍ക്കാരിനെ ജനങ്ങളില്‍ നിന്നുമകറ്റി. എന്നാല്‍ അവിടെ രാഷ്ട്രീയ പരാജയം ഏറ്റുവാങ്ങിയപ്പോഴും 41 ശതമാനത്തിലധികം വോട്ടു നേടിയ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയാണുള്ളത്. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടും ജനങ്ങളോടൊപ്പം നിലകൊണ്ടും ഈ തിരിച്ചടികളെ അതിജീവിക്കാന്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന് കഴിയും.

കേരളത്തില്‍ സംസ്ഥാന തലത്തില്‍ കേന്ദ്രീകരിച്ചിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ താഴെതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മുന്നണി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ അണിനിരത്തുന്നതിനും കഴിഞ്ഞതുകൊണ്ടാണ് ഭരണം നഷ്ടപ്പെട്ടെങ്കിലും മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പില്‍ വിജയം വരിച്ച വി എസ് സുനില്‍കുമാര്‍, ഗീതാ ഗോപി എന്നിവരെ ജനറല്‍ സെക്രട്ടറി അഭിനന്ദിച്ചു.  ജനറല്‍ ബോഡിയില്‍ എ കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ സ്വാഗതമാശംസിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവിന്റെ തീരുമാനങ്ങള്‍ കെ പി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി കെ കെ വത്സരാജ് നന്ദി പറഞ്ഞു.

ജനയുഗം 280511

1 comment:

  1. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില സകലപരിധിയും കടന്ന് കുതിച്ചുയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. ബഹുരാഷ്ട്ര കുത്തകകളെയും കോര്‍പ്പറേറ്റുകളെയും താലോലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മഹാഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. പ്ലാനിംഗ് കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചുള്ള ദാരിദ്ര്യരേഖാ നിര്‍ണയം വസ്തുതാവിരുദ്ധമാണെന്നറിഞ്ഞിട്ടും കേന്ദ്രം അതിനൊപ്പമാണ് നീങ്ങുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം ഉള്‍പ്പെടെ കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നുവരണം -ബര്‍ധന്‍ പറഞ്ഞു.

    ReplyDelete