Tuesday, August 23, 2011

"108" ആംബുലന്‍സ് പദ്ധതി അനിശ്ചിതത്വത്തില്‍

മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി കാല്‍ലക്ഷത്തോളം പേരുടെ ജീവന്‍ രക്ഷിച്ച 108 ആംബുലന്‍സ് പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിത ഇടപെടല്‍ . പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതും തടസ്സപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന വ്യവസായിയും കേന്ദ്രമന്ത്രിയുടെ മകനും ഡയറക്ടര്‍മാരായുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "സികില്‍സ" കമ്പനിക്കുവേണ്ടിയാണ് അവിഹിത ഇടപെടല്‍ . ഈ വ്യവസായിയെ ആസൂത്രണബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ആലോചിച്ചിരുന്നു.

2010 മെയ് 19നാണ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത് "സികില്‍സ"യാണ്. അന്ന് ഏറ്റവും കുറഞ്ഞ തുക മുന്നോട്ടുവച്ച കമ്പനിയെന്ന നിലയ്ക്കാണ് ഇവര്‍ക്ക് കരാര്‍ ലഭിച്ചത്. ഒരു ആംബുലന്‍സിന് പ്രതിമാസം 98,000 രൂപ നിരക്കില്‍ 25 ആംബുലന്‍സാണ് തിരുവനന്തപുരം ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. മറ്റ് ജില്ലകളിലേക്ക് 1,18,000 രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ റീടെന്‍ഡര്‍ വിളിച്ചപ്പോള്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍നിന്ന് കമ്പനിക്ക് അനുകൂല വിധി കിട്ടിയില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ധാരണയ്ക്കായി പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണുമായി ചര്‍ച്ച നടത്തിയത്. ഇതറിഞ്ഞ സികില്‍സ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തി. എങ്കിലും പഴയ നിരക്കില്‍ എത്തിയില്ല. സര്‍ക്കാര്‍ കെല്‍ട്രോണുമായി ചര്‍ച്ച തുടരുകയും ധാരണയിലെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ ഭരണമാറ്റം വന്നു. തുടര്‍ന്നാണ് കമ്പനിക്കുവേണ്ടി കെല്‍ട്രോണിനെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ ഫയലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിലൂടെ 1,12,000 രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറഞ്ഞാണ് കെല്‍ട്രോണ്‍ മുന്നോട്ട് വന്നത്. ഈ വിവരം മനസ്സിലാക്കിയ കമ്പനി തുടര്‍ന്ന് 1,07,000 രൂപയ്ക്ക് നടപ്പാക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. ഇങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും കെല്‍ട്രോണിനെ വീണ്ടും സമീപിച്ച് നിലപാട് ചോദിക്കേണ്ടതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിഷേധിച്ചതുകാരണം ഈ പദ്ധതി ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റു ജില്ലകളിലേക്ക് വ്യാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എങ്കിലും കരാര്‍ ഉറപ്പിച്ച് കമ്പനിയുടെ അവകാശം സ്ഥാപിക്കാനാണ് ശ്രമം.

മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് 68 കോടി രൂപയുടെ പ്രോജക്ടാണ് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ , മറ്റു ഫണ്ടുകള്‍ വെട്ടിക്കുറച്ചതുപോലെ ആംബുലന്‍സിനുള്ള ഫണ്ടും അനുവദിച്ചില്ല. സികില്‍സ കമ്പനി സര്‍ക്കാരിനെതിരെ കേസ് നല്‍കിയതിനാല്‍ ആ കേസ് തീര്‍ന്നശേഷം ഫണ്ട് നല്‍കുന്ന കാര്യം ആലോചിക്കാമെന്നും അറിയിച്ചു. മകനുവേണ്ടി കേന്ദ്രമന്ത്രിയുടെ ഇടപെടലും അന്നുണ്ടായിരുന്നു. കേസ് തീര്‍ന്നശേഷം സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഫണ്ട് കിട്ടിയില്ല. ഇതിനിടെ 25 ആംബുലന്‍സുകൂടി സംസ്ഥാനത്ത് വാങ്ങിയിരുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ 13 ജില്ലയിലേക്കും ഈ ആംബുലന്‍സ് വീതിച്ചുനല്‍കി. കേന്ദ്രം ഫണ്ട് നല്‍കാത്തതിനാല്‍ ഈ ആംബുലന്‍സുകളും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ , കേന്ദ്രഫണ്ട് മുന്‍ സര്‍ക്കാര്‍ ലാപ്സാക്കി എന്ന വ്യാജ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു പുറത്തുവിടുകയായിരുന്നു. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൃഷ്ടിച്ച മനോരമതന്നെയാണ് ഇതിനും രംഗത്തിറങ്ങിയത്.

deshabhimani 230811

1 comment:

  1. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി കാല്‍ലക്ഷത്തോളം പേരുടെ ജീവന്‍ രക്ഷിച്ച 108 ആംബുലന്‍സ് പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിത ഇടപെടല്‍ . പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതും തടസ്സപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന വ്യവസായിയും കേന്ദ്രമന്ത്രിയുടെ മകനും ഡയറക്ടര്‍മാരായുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "സികില്‍സ" കമ്പനിക്കുവേണ്ടിയാണ് അവിഹിത ഇടപെടല്‍ . ഈ വ്യവസായിയെ ആസൂത്രണബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ആലോചിച്ചിരുന്നു.

    ReplyDelete