Tuesday, August 23, 2011

ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാമെന്ന നിയമോപദേശം വിജിലന്‍സ് തള്ളി

പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം വിജിലന്‍സ് തള്ളി. നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി അംഗങ്ങളില്‍നിന്ന് മൊഴി എടുക്കണമെന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയ മാത്യു എന്നിവരെ വീണ്ടും ചോദ്യംചെയ്യണമെന്ന നിര്‍ദേശവും കണക്കിലെടുത്തില്ല.

അതിനിടെ, പാമൊലിന്‍ ഇറക്കുമതിക്ക് 15ശതമാനം കമീഷന്‍ നല്‍കണമെന്ന നിര്‍ദേശത്തെ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒരുഘട്ടത്തിലും എതിര്‍ത്തിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിജിലന്‍സിന് നല്‍കിയ 19 പേജുള്ള രണ്ടാമത്തെ മൊഴിയിലും അദ്ദേഹം കമീഷനെ ന്യായീകരിച്ചു. സര്‍വീസ് ചാര്‍ജ് എന്ന പേരിലാണ് കമീഷന്‍ ശുപാര്‍ശ കരാറില്‍ ഉള്‍പ്പെടുത്തിയത്. തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് പ്രത്യേക കോടതി നിര്‍ദേശിച്ച ശേഷമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അഭിപ്രായം വിജിലന്‍സ് ചോദിച്ചത്. കേസ് ഡയറിയും തുടരന്വേഷണ ഘട്ടത്തില്‍ ലഭിച്ച നിര്‍ണായകമായ ചില മൊഴികളും അദ്ദേഹത്തിന്റെ പരിശോധനയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാമെന്നതടക്കമുള്ള സുപ്രധാന മാര്‍ഗനിര്‍ദേശം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് രേഖാമൂലം നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ, ഐജി എ സുരേന്ദ്രന്‍ , സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ എന്നിവര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തി. മെയ് ഒമ്പതിന് അദ്ദേഹം അന്വേഷണസംഘത്തിന് കുറിപ്പ് നല്‍കി. എന്നാല്‍ , ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി മെയ് 13ന് നല്‍കിയ റിപ്പോര്‍ട്ടിനോടൊപ്പം സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഈ കത്ത് ഉള്‍പ്പെടുത്തിയില്ല.

പാമൊലിന്‍ അഴിമതി ആദ്യം ചൂണ്ടിക്കാട്ടിയ നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന എംഎം ഹസ്സന്‍ , റിപ്പോര്‍ട്ട് നല്‍കിയ സമയത്തെ അധ്യക്ഷ ജെ മെഴ്സിക്കുട്ടിയമ്മ തുടങ്ങിയവരില്‍നിന്ന് വീണ്ടും മൊഴി രേഖപ്പെടുത്തണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. മുസ്തഫ, സഖറിയാ മാത്യു എന്നിവരുടെ പുതിയ വെളിപ്പെടുത്തലിന്റെയും ധനവകുപ്പില്‍നിന്ന് പിന്നീട് കണ്ടെടുത്ത രണ്ട് ഫയലുകളുടെ ഉള്ളടക്കത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ , ഇതെല്ലാം പാടെ അവഗണിച്ചു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പ്രോസിക്യൂട്ടറുടെ അഭിപ്രായംകൂടി ഉള്‍പ്പെടുത്തുകയാണ് പതിവ്. എന്നാല്‍ , പാമൊലിന്‍ കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് ഉള്‍ക്കൊള്ളിക്കാതിരുന്നത് ബോധപൂര്‍വമാണ്. തന്റെ അഭിപ്രായം ഉള്‍പ്പെടുത്തിയില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അത് കോടതിക്ക് നേരിട്ട് സമര്‍പ്പിച്ചു.

അതേസമയം, സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അഭിപ്രായം അവഗണിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം കിട്ടിയതായി സൂചനയുണ്ട്. അന്വേഷണവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ പ്രതികളുമായി ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുമെന്നും ഡയറക്ടറെ അറിയിച്ചു. കോടതി ഇടപെടല്‍ ഭയന്ന് സര്‍ക്കാര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.
(കെ ശ്രീകണ്ഠന്‍)

deshabhimani 230811

2 comments:

  1. പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം വിജിലന്‍സ് തള്ളി. നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി അംഗങ്ങളില്‍നിന്ന് മൊഴി എടുക്കണമെന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയ മാത്യു എന്നിവരെ വീണ്ടും ചോദ്യംചെയ്യണമെന്ന നിര്‍ദേശവും കണക്കിലെടുത്തില്ല.

    ReplyDelete
  2. മൊലിന്‍ കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മെയ് 13നു ധൃതിപിടിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. ഇതു കണക്കിലെടുക്കാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.

    ReplyDelete