Monday, August 1, 2011

മുറിവൈദ്യന്മാരുടെ ചികിത്സ

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ പഠിപ്പിക്കുന്നവരില്‍ ഏറെയും അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരാണ് എന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് അത്യന്തം ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. പുതിയ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം, പുതുതായി കോളേജുകള്‍ അനുവദിക്കേണ്ട എന്ന് ഹൈക്കോടതി എടുത്ത നിലപാട് ആശ്വാസകരമാണ്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അനുദിനം പുറത്തുവരുന്ന അനാശാസ്യപ്രവണതകള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകതയാണ് ഈ കോടതിയിടപെടലിലൂടെ വെളിപ്പെടുന്നത്.

വിദ്യാഭ്യാസ മേഖലയിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവരും ഈ മേഖലയിലെ വിദഗ്ധരും വര്‍ഷങ്ങള്‍ക്കുമുന്നേ മുന്നറിയിപ്പ് നല്‍കിയ അപകടങ്ങള്‍ അതേപടി യാഥാര്‍ഥ്യമാവുകയാണ്. യോഗ്യരായ അധ്യാപകര്‍ ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും കെട്ടിപ്പൊക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വെറും കച്ചവടകേന്ദ്രങ്ങള്‍ മാത്രമായി മാറുമ്പോള്‍ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച പൂര്‍ണമാകുന്നതിനുപുറമെ പെരുവഴിയിലാകുന്നത് പാവപ്പെട്ട വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യതയെങ്കിലും അതുള്ളവര്‍ പത്ത് ശതമാനംപോലുമില്ല. ഇതിന് സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍കാര്‍ പറയുന്നത് സംസ്ഥാനത്ത് വേണ്ടത്ര പിജി കോഴ്സ് ഇല്ലെന്നാണ്. അതിനര്‍ഥം അവര്‍ക്ക് പിജി കോഴ്സ് കൂടി തുടങ്ങാന്‍ അനുവാദം നല്‍കി കൂടുതല്‍ കൊള്ളയ്ക്ക് അവസരമൊരുക്കണമെന്നാണ്. മാത്രമല്ല, അപ്പോഴും പിജിക്ക് പഠിപ്പിക്കാന്‍ യോഗ്യരായവരെ എവിടന്ന് കിട്ടും എന്ന ചോദ്യവും ഉയരില്ലേ? യഥാര്‍ഥത്തില്‍ യോഗ്യരായ അധ്യാപകരെ കിട്ടാത്തതിന് കാരണം നാട്ടില്‍ വിദ്യാസമ്പന്നര്‍ ഇല്ലാത്തതല്ല; മാനേജ്മെന്റുകള്‍ എഐസിടിഇ നിര്‍ദേശിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യവും കൊടുക്കാത്തതാണ്. 10,000 രൂപ 12,000 രൂപ വരെ മാത്രമാണ് മിക്ക മാനേജ്മെന്റുകളും പ്രതിമാസം നല്‍കുന്ന "കൂലി". എന്നിട്ടും എഐസിടിഇ നിരക്കില്‍ ശമ്പളം നല്‍കണമെന്ന് പറഞ്ഞ് യുഡിഎഫ് സര്‍ക്കാരിലെ ചില ഉന്നതരെ സ്വാധീനിച്ച് ഈ വര്‍ഷം മുതല്‍ 25,000 രൂപ ഫീസ് കൂട്ടി. പ്രതിവര്‍ഷം മാനേജ്മെന്റുകള്‍ക്ക് 30 കോടി രൂപവരെ കൊള്ളയടിക്കാനാണ് ഇത് അവസരമൊരുക്കിയത്.

അധ്യാപകരുടെ യോഗ്യത മാത്രമല്ല പ്രശ്നം. എഐസിടിഇ നിഷ്കര്‍ഷിക്കുന്ന ലാബുകളോ, ലൈബ്രറികളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കോളേജുകളാണ് ഏറെയും. മാനദണ്ഡങ്ങള്‍ ലംഘിച്ച് അടിസ്ഥാന യോഗ്യത ഇല്ലാത്തവര്‍ക്കുപോലും പ്രവേശനം നല്‍കുന്ന മാനേജ്മെന്റുകള്‍ , അംഗീകാരമില്ലാത്ത കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നല്‍കി വിദ്യാര്‍ഥികളെയും അധ്യാപകരെയും വഞ്ചിക്കുന്ന മാനേജ്മെന്റുകള്‍ , കോപ്പിയടിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ - കേരളത്തിലെ സ്വാശ്രയ മേഖലയുടെ ചിത്രം ഇങ്ങനെയൊക്കെയാണ്. വളരെക്കുറച്ച് മാനേജ്മെന്റുകള്‍ ഇതില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

ഇനി, സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കാര്യമോ? ഒരിക്കല്‍പോലും മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങള്‍ നേരിട്ട് കാണാന്‍ പറ്റാത്തവര്‍ ഡോക്ടര്‍മാരായി പുറത്തിറങ്ങിയിരിക്കുകയാണ്. കോഴ്സിന്റെ ഭാഗമായി ഇവര്‍ക്ക് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് കണ്ട് പഠിക്കണം. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകളില്‍നിന്ന് പുറത്തിറങ്ങിയവര്‍ക്ക് പോസ്റ്റ്മോര്‍ട്ടം കാണാന്‍ അവസരം കിട്ടിയിട്ടില്ല. ഇവര്‍ എവിടെനിന്ന് പോസ്റ്റ്മോര്‍ട്ടം കണ്ടുവെന്ന് വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ കോളേജുകളില്‍ ഇപ്പോഴും പ്രവേശനം നടത്തുന്നത് പകുതി മാര്‍ക്ക് യോഗ്യതാപരീക്ഷയുടേത് കൂടി കണക്കാക്കിയാണ്. ഇതിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല. എന്നിട്ടും അവര്‍ എങ്ങനെ കോഴ്സ് നടത്തുന്നു? യോഗ്യരായ അധ്യാപകര്‍ ഇവിടങ്ങളിലില്ല. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്ക് വരുമ്പോള്‍മാത്രം കോളേജ് കാണുന്ന ഡോക്ടര്‍മാര്‍ ഏറെയാണ്. ഇവരുടെ പേര് ഹാജര്‍ ബുക്കില്‍ മാത്രമാണുള്ളത്. ജോലി ദൂരെ മറ്റേതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ . ഇവിടെ പേര് ഉള്‍പ്പെടുത്തുന്നതിന് മാത്രം പ്രത്യേക "കൂലി". എംസിഐയുടെ മേലാളര്‍ വരുമ്പോള്‍ മാനേജ്മെന്റുകള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയുംചെയ്യുന്നു. പരിശോധന കഴിഞ്ഞ് പോകുമ്പോള്‍ പണക്കിഴിയും. അതുകൊണ്ടുതന്നെ ഇതൊന്നും പ്രശ്നമാകുന്നില്ല.

ഇത് ഈ മേഖലയെയാകെ പടര്‍ന്നു പടിച്ചിരിക്കുന്ന അര്‍ബുദമാണ്. ഇത് അറുത്തുമാറ്റിയേ പറ്റൂ. അതിനാവശ്യമായ നടപടികള്‍ തുടങ്ങാന്‍ വൈകിക്കൂടാ. സര്‍ക്കാര്‍ ഇടപെടലുകള്‍ വെറും പ്രവേശനത്തിലും ഫീസ് നിയന്ത്രണത്തിലുംമാത്രം ഒതുങ്ങരുത്. ഓരോ കോളേജിലും എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കാനുള്ള കൃത്യമായ മോണിറ്ററിങ് സംവിധാനം വേണം. സ്വന്തം കാശ്കൊണ്ട് തുടങ്ങുന്ന ഒരു കച്ചവടസ്ഥാപനമെന്ന നിലയില്‍ മുതലാളിമാര്‍ക്ക് മേയാനുള്ളതല്ല കേരളത്തിലെ വിദ്യാഭ്യാസ രംഗം. പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും.

deshabhimani editorial 010811

1 comment:

  1. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ പഠിപ്പിക്കുന്നവരില്‍ ഏറെയും അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരാണ് എന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് അത്യന്തം ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. പുതിയ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം, പുതുതായി കോളേജുകള്‍ അനുവദിക്കേണ്ട എന്ന് ഹൈക്കോടതി എടുത്ത നിലപാട് ആശ്വാസകരമാണ്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അനുദിനം പുറത്തുവരുന്ന അനാശാസ്യപ്രവണതകള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകതയാണ് ഈ കോടതിയിടപെടലിലൂടെ വെളിപ്പെടുന്നത്.

    ReplyDelete