Sunday, August 7, 2011

ശ്രീധരന്‍പിള്ളയെ പുറത്താക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത നീക്കം

പാലക്കാട്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളക്കെതിരായ ആര്‍എസ്എസ് നീക്കത്തിനുകാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ പ്രകടനം മോശമാണെന്ന് കാണിച്ച് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കിയ കത്താണെന്ന് വ്യക്തമായി. മാറാട് സംഭവത്തെക്കുറിച്ചുള്ള അഭിപ്രായം മറയാക്കി ശ്രീധരന്‍പിള്ളയെ ബിജെപിയില്‍നിന്ന് പുറത്താക്കാനുള്ള സംഘടിതനീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ശ്രീധരന്‍പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് "ജന്മഭൂമി"യില്‍ കത്തിന്റെ രൂപത്തില്‍ വന്ന വാര്‍ത്തയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലേഖനം വന്നത്. ഇത് ആര്‍എസ്എസിന്റെ നിലപാടാണെന്ന് ചീഫ് എഡിറ്ററും ആര്‍എസ്എസിന്റെ ദക്ഷിണ ക്ഷേത്രീയ ഭൗതിക് പ്രമുഖുമായ നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. കേസരിയില്‍ വന്നത് ചിലരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് നന്ദകുമാര്‍ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച പ്രകടനമാണെന്ന് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇത്തരത്തില്‍ പോയാല്‍ ബിജെപിക്ക് ദോഷമാണ് സംഭവിക്കുകയെന്നും കാണിച്ച് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ , ഒ രാജഗോപാല്‍ , സി കെ പത്മനാഭന്‍ , പി കെ കൃഷ്ണദാസ് എന്നീനേതാക്കള്‍ക്കും കേരളത്തിലെയും കേന്ദ്രത്തിലെയും ആര്‍എസ്എസ്-ബിജെപിനേതാക്കള്‍ക്കും കത്തയച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍മാത്രം ബിജെപി കേന്ദ്രീകരിച്ചത് ശരിയായില്ലെന്നും മറ്റിടങ്ങളിലെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ ഇത് ഇടയാക്കിയെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നിലവില്‍ ആര്‍എസ്എസിനും ബിജെപിക്കും നേതൃത്വം നല്‍കുന്ന വി മുരളീധരന്‍ , ആര്‍എസ്എസിന്റെ മുന്‍ പ്രാന്തക് പ്രചാരക് എ ഗോപാലകൃഷ്ണന്‍ , കെ സുരേന്ദ്രന്‍ എന്നിവരെ പ്രകോപിതരാക്കി.

ശ്രീധരന്‍പിള്ളയെ ഒതുക്കാന്‍ അവസരം നോക്കിയിരിക്കുമ്പോഴാണ് മാറാട് സംഭവവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശം വീണുകിട്ടിയത്. മാറാട് സമാധാനം പുന:സ്ഥാപിക്കാന്‍ ലീഗ് നേതാവ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് പിള്ള അഭിപ്രായപ്പെട്ടിരുന്നു. ഈ അവസരം മുതലെടുത്ത് ആര്‍എസ്എസ് പിള്ളക്കെതിരായ നീക്കം ശക്തമാക്കി. വി മുരളീധരെന്‍റ പിന്തുണയും ഇതിന് ലഭിച്ചു. ഇതിനെതുടര്‍ന്നാണ് "ജന്മഭൂമി"യിലും "കേസരി"യിലുമായി ആര്‍എസ്എസ് നിലപാട് പുറത്തുവന്നത്.

ലേഖനം വന്നതോടെ വി മുരളീധരന്‍ , സി കെ പത്മനാഭന്‍ എന്നിവര്‍ ആദ്യംതന്നെ പിള്ളയെ തള്ളിപ്പറഞ്ഞു. ബിജെപിയില്‍ പിള്ള അനുകൂലികളായി അറിയപ്പെടുന്ന പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ആര്‍എസ്എസിന്റെ അച്ചടക്കഭീഷണിമൂലം പ്രതികരിക്കാന്‍ ഭയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിെന്‍റ പേരില്‍ നിലപാട് മാറ്റാന്‍ പിള്ള തയ്യാറല്ലെന്ന് അറിയുന്നു. പൊതുപ്രവര്‍ത്തനരംഗത്തെ തന്റെ ഇടപെടലുകള്‍ ഇഷ്ടപ്പെടാത്തവരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് ശ്രീധരന്‍പിള്ള പറയുന്നു. വിവാദം ഉണ്ടായിട്ടും പിള്ളയോട് ഇതുവരെയും വിശദീകരണം ചോദിച്ചിട്ടില്ല. മാറാട് സംഭവത്തിലെ ചര്‍ച്ചയ്ക്കോ ധാരണയ്ക്കോ നേതൃത്വം നല്‍കിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് പിള്ളയുടെ നിലപാട്.
(ഇ എസ് സുഭാഷ്)

ദേശാഭിമാനി 070811

1 comment:

  1. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളക്കെതിരായ ആര്‍എസ്എസ് നീക്കത്തിനുകാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ പ്രകടനം മോശമാണെന്ന് കാണിച്ച് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കിയ കത്താണെന്ന് വ്യക്തമായി. മാറാട് സംഭവത്തെക്കുറിച്ചുള്ള അഭിപ്രായം മറയാക്കി ശ്രീധരന്‍പിള്ളയെ ബിജെപിയില്‍നിന്ന് പുറത്താക്കാനുള്ള സംഘടിതനീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ശ്രീധരന്‍പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് "ജന്മഭൂമി"യില്‍ കത്തിന്റെ രൂപത്തില്‍ വന്ന വാര്‍ത്തയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലേഖനം വന്നത്. ഇത് ആര്‍എസ്എസിന്റെ നിലപാടാണെന്ന് ചീഫ് എഡിറ്ററും ആര്‍എസ്എസിന്റെ ദക്ഷിണ ക്ഷേത്രീയ ഭൗതിക് പ്രമുഖുമായ നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. കേസരിയില്‍ വന്നത് ചിലരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് നന്ദകുമാര്‍ നിലപാട് വ്യക്തമാക്കിയത്.

    ReplyDelete