Sunday, August 21, 2011

വിദേശ വാര്‍ത്തകള്‍ - ഓസ്ലോ, വെനിസ്വേല, ബ്രിട്ടന്‍

ഒസ്‌ലോ കൂട്ടക്കൊലകേസിലെ പ്രതിയുടെ വിചാരണ തുടങ്ങി

ഒസ്‌ലോ: നോര്‍വേയില്‍ നടന്ന കൂട്ടക്കൊലകേസിലെ പ്രതി ബെഹ്‌റിങ് ബ്രെവിക്(32)ക്കിനെ വിചാരണയോടനുബന്ധിച്ച് ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി. 77 പേര്‍ മരണമടഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റ ബ്രെവിക്ക് കുറ്റസമ്മതവും നടത്തി. ദുരന്തത്തില്‍ ഏഴ്‌പേര്‍ മരിച്ചത് ബോംബ് സ്‌ഫോടനത്തിലായിരുന്നു. വിചാരണ അടച്ചിട്ട മുറിക്കുള്ളിലാണ് നടത്തിയത്. പൊലീസിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. കൂട്ടക്കൊലയില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ കോടതി പരിസരത്ത് സന്നിഹിതരായിരുന്നതിനാലാണ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നത്. പൊലീസ് ബ്രെവിക്കിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആവശ്യം തിങ്കളാഴ്ച മാത്രമെ പരിഗണിക്കൂ.
പടിഞ്ഞാറന്‍ യൂറോപ്പിനെയാകെ ഭീതിയിലാഴ്ത്തിയ ആക്രമണമായിരുന്നു നോര്‍വേ തലസ്ഥാനത്തുണ്ടായത്. 

യുട്ടോയ ദ്വീപില്‍ ലേബര്‍ പാര്‍ട്ടി യുവജന ക്യാംപില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് നടത്തിയ വെടിവയ്പിലാണ് 85 പേര്‍ കൊല്ലപ്പെട്ടത്. വെടിവയ്പിനു മുന്‍പ് ഓസ്‌ലോ ഗവണ്‍മെന്റ് മന്ദിരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നിലും ബ്രെവിക് ആയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യമുണ്ടായത്.  ഇതിനെ തുടര്‍ന്ന് തലസ്ഥാനത്തോടു ചേര്‍ന്ന ഉല്ലാസ കേന്ദ്രമായ ഉടോയ ദ്വീപില്‍ വെടിവയ്പുനടക്കുകയായിരുന്നു. ഇവിടെയാണ് 85 പേര്‍ വെടിയേറ്റു മരിച്ചത്.

ഇസ്‌ലാംവിരുദ്ധ നിലപാടുകളുടെ വക്താവും തീവ്രവലതുപക്ഷ രാഷ്ട്രീയമുള്ള ആളുമാണ് ബ്രെവിക്.  പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. നഗരമധ്യത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയൂം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെനിസ്വലയുടെ കരുതല്‍ നിക്ഷേപം ബ്രിക്‌സ് രാജ്യങ്ങളിലേക്ക് മാറ്റും

കരാക്കസ്: വെനിസ്വലയുടെ സ്വര്‍ണ, കറന്‍സി കരുതല്‍ ശേഖരങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും മാറ്റി ഇന്ത്യയും റഷ്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപിക്കാന്‍ നീക്കം.

അമേരിക്കയുടെ റേറ്റിംഗ് ഇടിഞ്ഞതും പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഹുഗൊഷാവെസ് നേതൃത്വം നല്‍കുന്ന വെനിസ്വലയുടെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിട്ടുള്ളത്.

വെനിസ്വലയുടെ കറന്‍സി കരുതല്‍ ശേഖരം 11 മുതല്‍ 29 ലക്ഷം കോടി ഡോളര്‍ വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ 59 ശതമാനവും സ്വിറ്റ്‌സര്‍ലന്റിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 18 ശതമാനം ബ്രിട്ടനിലും 11.3 ശതമാനം അമേരിക്കയിലുമുണ്ട്. ഈ കരുതല്‍ ശേഖരത്തില്‍ നിന്നും 6.3 ലക്ഷം കോടി ഡോളറിന്റെ കരുതല്‍ ശേഖരം 'ബ്രിക്‌സ്' സമൂഹത്തില്‍ (ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) പ്പെട്ട രാജ്യങ്ങളിലേക്ക് തിരിച്ചുവിടുമെന്നാണ് സൂചന.

സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 365 ടണ്‍വരും. ഇതിപ്പോള്‍ അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട ധനകാര്യ സ്ഥാപനങ്ങളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന് 29.8 ലക്ഷം കോടി ഡോളര്‍ മൂല്യമുണ്ട്. സ്വര്‍ണ കരുതല്‍ ശേഖരത്തിന്റെ വലിയൊരു ഭാഗം വെനിസ്വലയിലേക്കുതന്നെ തിരിച്ചുകൊണ്ടുപോകാനാണ് പദ്ധതി. ലോകത്ത് സ്വര്‍ണം കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ 13-ാം സ്ഥാനമാണ്.പ്രസിഡന്റ് ഷാവെസിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. ബ്രിക്‌സ് രാഷ്ട്രങ്ങളുടെ ഒരു പാവമാത്രമായി ഷാവെസ് മാറിയിരിക്കുന്നുവെന്നാണ് അവരുടെ വിമര്‍ശനം. ബ്രിക്‌സ്  രാഷ്ട്രങ്ങളുമായി വെനിസ്വലയുടെ സാമ്പത്തിക സഹകരണം ശക്തമാകുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ 16 മാസങ്ങള്‍ക്കിടയില്‍ ബ്രസില്‍, റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും 34 ലക്ഷം കോടി ഡോളറിന്റെ വായ്പ വെനിസ്വല സ്വീകരിച്ചിരുന്നു.

ബ്രിട്ടനില്‍ യുവാക്കളുടെ പ്രക്ഷോഭങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കും

ലണ്ടന്‍: ബ്രിട്ടനിലെ തൊഴില്‍രഹിതരായ യുവാക്കളുടെ പ്രക്ഷോഭങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കും.

തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെയും തൊഴിലാളികളുടെയും യോജിച്ച പ്രക്ഷോഭം വളര്‍ത്താനാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി രൂപം നല്‍കിയിട്ടുള്ള അണ്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കമ്മിറ്റി (യു എ സി) യുടെ കണ്‍വീനര്‍ ടോമി മോറിസണ്‍ പറഞ്ഞു.

ബ്രിട്ടനില്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളുടെ എണ്ണം 30 ലക്ഷം കഴിഞ്ഞു. 16 നും 24 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരില്‍ 20 ശതമാനത്തിന് തൊഴില്‍ നഷ്ടപ്പെട്ടു. ഭവനനിര്‍മാണത്തിനുള്ള സഹായം, അംഗവൈകല്യമുള്ളവര്‍ക്കുള്ള സഹായം തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളെല്ലാം ഒന്നൊന്നായി പിന്‍വലിക്കുന്നതിനു പുറമെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ബ്രിട്ടനിലെ അന്തരീക്ഷം വളരെ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ ബ്രിട്ടനില്‍ നടന്ന കലാപങ്ങളില്‍ പങ്കെടുത്ത യുവാക്കള്‍ക്കെതിരെ ഭ്രാന്തമായ നിയമനടപടികളെന്ന് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്.

യുവാക്കളുടെ രോഷത്തെ ശരിയായ പാതയിലേയ്ക്ക് തിരിച്ചുവിടുന്നതിനും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം മുന്‍നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് മോറിസണ്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ സെപ്തംബറില്‍ നടക്കുന്ന സമ്മേളനം ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും

ജനയുഗം 200811

1 comment:

  1. വെനിസ്വലയുടെ സ്വര്‍ണ, കറന്‍സി കരുതല്‍ ശേഖരങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും മാറ്റി ഇന്ത്യയും റഷ്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപിക്കാന്‍ നീക്കം.

    അമേരിക്കയുടെ റേറ്റിംഗ് ഇടിഞ്ഞതും പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഹുഗൊഷാവെസ് നേതൃത്വം നല്‍കുന്ന വെനിസ്വലയുടെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിട്ടുള്ളത്.

    ReplyDelete