Sunday, August 21, 2011

ഓണച്ചന്ത തുറന്നില്ല

ആഘോഷസീസണില്‍ നിത്യോപയോഗസാധനവില കുതിക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലമായതാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകാന്‍ കാരണം. വിലവര്‍ധന പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും മറ്റും ഓണവിപണിയില്‍ ഇടപെട്ടില്ല. സപ്ലൈകോയുടെ ഓണം മെട്രോ, ടൗണ്‍ ബസാറുകള്‍ തുടങ്ങിയിട്ടില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ആഗസ്ത് ഒന്നുമുതല്‍ ആരംഭിച്ചെങ്കിലും കൂപ്പണ്‍ സംവിധാനവും മറ്റും ആയതിനാല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുന്നില്ല.

കഴിഞ്ഞവര്‍ഷം റെക്കോഡ് വില്‍പ്പനയാണ് ഈ കേന്ദ്രങ്ങളില്‍ നടന്നത്. കഴിഞ്ഞ ഓണക്കാലത്ത് സഹകരണ-സപ്ലൈകോ സ്ഥാപനങ്ങളില്‍ ഉള്ളതിനേക്കാള്‍ ചെറുപയര്‍ , ഉഴുന്നുപരിപ്പ്, വന്‍കടല, പീസ് പരിപ്പ്, മല്ലി എന്നിവയ്ക്ക് വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് 28 രൂപ ഉണ്ടായിരുന്ന ചെറുപയറിന് 52 രൂപയാണ്. 27 രൂപ ഉണ്ടായിരുന്ന വന്‍കടലയ്ക്ക് 34ഉം, 18 രൂപ ഉണ്ടായിരുന്ന പീസ്പരിപ്പിന് 26 രൂപയുമായി. മല്ലി വില 37ല്‍നിന്ന് 56 ആയി. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും തീവിലയായി. പഴങ്ങളുടെ വില കുതിക്കുന്നു. സഹകരണസംവിധാനം താറുമാറായതോടെ ഉപയോക്താക്കള്‍ക്ക് സ്വകാര്യ കച്ചവടക്കാരുടെ പൊള്ളുന്ന വിലയില്‍ സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ്. സഹകരണസ്ഥാപനങ്ങളിലെ വിലയുടെ ഇരട്ടിയിലേറെയാണ് പൊതുവിപണിയില്‍ . ചെറുപയറിന് 75.90, വന്‍കടല 44, പീസ്പരിപ്പ് 38, മല്ലി 77, മുളക് 177, ജീരകം 254 എന്നിങ്ങനെയാണ് വില.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. 15 മുതല്‍ 75 ശതമാനംവരെ വിലക്കുറവില്‍ വാര്‍ഡ്തലംവരെ വിപുലമായ ഓണവിപണി ഒരുക്കി. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പ്രത്യേക ഫണ്ടും ജീവനക്കാരെയും ഉള്‍പ്പെടുത്തി അന്ന് സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുന്നുവെന്ന് മുന്‍ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ദേശാഭിമാനിയോട് പറഞ്ഞു. 1.67 ലക്ഷം ആദിവാസികള്‍ക്ക് 12 കിലോ അരിവീതം ഓണക്കാലത്തേക്കു സൗജന്യമായും ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതവും അങ്കണവാടി കുട്ടികള്‍ക്ക് നാലുകിലോ അരിയും അനുവദിച്ചു. 20 ലക്ഷം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റും നല്‍കിയെന്ന് ദിവാകരന്‍ പറഞ്ഞു.

ദേശാഭിമാനി 210811

1 comment:

  1. ആഘോഷസീസണില്‍ നിത്യോപയോഗസാധനവില കുതിക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലമായതാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകാന്‍ കാരണം. വിലവര്‍ധന പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും മറ്റും ഓണവിപണിയില്‍ ഇടപെട്ടില്ല. സപ്ലൈകോയുടെ ഓണം മെട്രോ, ടൗണ്‍ ബസാറുകള്‍ തുടങ്ങിയിട്ടില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ആഗസ്ത് ഒന്നുമുതല്‍ ആരംഭിച്ചെങ്കിലും കൂപ്പണ്‍ സംവിധാനവും മറ്റും ആയതിനാല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുന്നില്ല.

    ReplyDelete