Wednesday, August 3, 2011

ആണവ പദ്ധതികള്‍ക്കെതിരെ യുവകലാസാഹിതി

ഇന്ത്യാ ഗവണ്‍മെന്റും ആണവോര്‍ജ വകുപ്പും ആയിരക്കണക്കിന് മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള, ലക്ഷക്കണക്കിന് കോടി രൂപ മുതല്‍മുടക്കുള്ള ആണവോര്‍ജ കോംപ്ലക്‌സുകള്‍ പണിയാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ ദുരന്തത്തെ തുടര്‍ന്ന് ലോകമെമ്പാടും ആണവ വികിരണ ഭീഷണി നിലനില്‍ക്കുമ്പോഴും ഇന്ത്യാ ഗവണ്‍മെന്റിന് മാത്രം യാതൊരു വേവലാതികളുമില്ല. ആണവ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ തന്നെ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായി നില്‍ക്കുകയാണ്. ഭാവിയിലെ ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന അനേകം കോടികള്‍ ചെലവിട്ട് ഒട്ടും സുരക്ഷിതമല്ലാത്തതും ഭാവി തലമുറകളുടെ നിലനില്‍പനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആണവ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, അത്തരം പദ്ധതികള്‍ രാജ്യത്തിനു വേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട് ആണവ പദ്ധതികള്‍ക്കെതിരായ പ്രചരണ മാസമായി യുവകലാസാഹിതി ഓഗസ്റ്റ് മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.

ആണവ പദ്ധതികള്‍ സുരക്ഷിതമല്ല. മറ്റേത് ഊര്‍ജ പദ്ധതികളേക്കാള്‍ ചെലവേറിയതുമാണ്. ഇത് തിരിച്ചറിഞ്ഞ വികസിത രാജ്യങ്ങള്‍ ആണവ ഊര്‍ജനിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. 1979 ല്‍ അമേരിക്കയിലെ ക്രിബിയില്‍ ഐലന്റിലുണ്ടായ ആണവാപകടത്തെ തുടര്‍ന്ന് അവിടെ പിന്നീടൊരിക്കല്‍ പോലും ആണവ നിലയങ്ങള്‍ സ്ഥാപിച്ചിട്ടില്ല. റഷ്യയിലെ ചെര്‍ണോബില്‍ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ഏറ്റവും വലിയ ആണവശക്തികളായ ഫ്രാന്‍സും ജര്‍മ്മനിയും തങ്ങളുടെ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണങ്ങള്‍ വ്യക്തമാണ്. ആണവ പദ്ധതികള്‍ തീര്‍ത്തും അപകടമുക്തമാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ആണവ മാലിന്യങ്ങള്‍ അപകടരഹിതമായി എങ്ങനെ ഫലപ്രദമായി നിര്‍മാര്‍ജനം ചെയ്യാമെന്നും കണ്ടെത്താനും ശാസ്ത്രലോകത്തിനു സാധിച്ചിട്ടില്ല. ആണവ വികിരണം പരിസരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതും ആണവാപകടം സൃഷ്ടിക്കുന്ന ഭീകരമായ പാരിസ്ഥിതിക ദുരന്തങ്ങളും ആണവേര്‍ജത്തെ കയ്യൊഴിയാന്‍ വികസിത രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ്. ഇങ്ങനെ ചെലവേറിയതും ദുരന്ത സാധ്യതകളുള്ളതും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാകുന്നതുമായ ആണവ പദ്ധതികള്‍ ലോകമെമ്പാടും ഉപേക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാലഹരണപ്പെട്ട ആണവ സാങ്കേതിക വിദ്യ മൂന്നാം ലോക രാജ്യങ്ങളുടെമേല്‍ കെട്ടിയേല്‍പിച്ച് കൊള്ളലാഭമടിക്കാനുള്ള സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുന്നത്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഈ ദുഷ്ടലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കുന്നത്. രാജ്യത്ത് ഉണ്ടായേക്കാവുന്ന ഊര്‍ജ പ്രതിസന്ധിയുടെ മറവിലാണ്, ഈ സാമ്രാജ്യത്വ അജണ്ട ജനങ്ങളുടെ തലയില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കെട്ടിയേല്‍പിക്കുന്നത്.

ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് ഇന്ത്യയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ആണവ ലോബികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്ന വാദമല്ല ഇത്. ഉത്തര്‍പ്രദേശിലെ നറോറ, മഹാരാഷ്ട്രയിലെ താരാപ്പൂര്‍, ഗുജറാത്തിലെ കക്രവാര്‍ തമിഴ്‌നാട്ടിലെ കല്‍പ്പാകം, കര്‍ണാടകയിലെ കൈഗ, രാജസ്ഥാനിലെ റാവങ്ങാട്ട എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആണവനിലയങ്ങളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനങ്ങള്‍, ഭാരതത്തിന്റെ ഊര്‍ജ മേഖലയ്ക്ക് നല്‍കുന്ന സംഭാവന കേവലം മൂന്ന് ശതമാനം മാത്രമാണ്. 1989 ല്‍ പ്രവര്‍ത്തനം ആരംഭിച്ച നറോറ നിലയം ഉല്‍പാദിപ്പിച്ച വൈദ്യുതി നാളിതുവരെ അതിന്റെ പ്രതിഷ്ഠാപിത ശേഷിയുടെ നാലിലൊന്നു മാത്രമാണ്. റാവങ്ങാട്ട നിലയത്തിലെ യൂണിറ്റ് ഒന്ന് 1973 ല്‍ സ്ഥാപിതമായശേഷം മൂന്നില്‍ രണ്ടു ഭാഗം പ്രവര്‍ത്തന സമയവും സാങ്കേതികത്തകരാറുകള്‍ മൂലം അടച്ചിടുകയായിരുന്നു. ഈ അനുഭവങ്ങള്‍ തന്നെ തെളിയിക്കുന്നത്, ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമല്ല അണുശക്തി നിലയങ്ങള്‍ എന്നാണ്.

2032 ഓടെ ഇന്ത്യയുടെ ഊര്‍ജാവശ്യം 8,00,000 മെഗാവാട്ടാകുമെന്നാണ് കണക്കുകളില്‍ കാണുന്നത്.  എന്നാല്‍ 2032 ല്‍ ആവശ്യമെന്ന് കണക്കാക്കുന്നതിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രം ഊര്‍ജോല്‍പാദനമാണ് ഇന്ത്യയില്‍ അണുശക്തി സാധ്യമാവുക. ഇതിനു വരുന്ന ചെലവാകട്ടെ അതിഭീകരവുമാണ്. 9,200 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള ജേതാപ്പൂര്‍ പദ്ധതിക്ക് മാത്രമായി 1,00,000 കോടി രൂപയാണ് ചെലവഴിക്കാന്‍ പോകുന്നത്. ഇത് നിലവിലുള്ള എസ്റ്റിമേറ്റ് മാത്രമാണ്. പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ എസ്റ്റിമേറ്റുകള്‍ എത്രയോ അധികമായി വര്‍ധിക്കും. കൂടംകുളം, നറോറ തുടങ്ങിയ പദ്ധതികളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.

ആണവനിലയങ്ങള്‍, അപകട സാധ്യതകളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന സാങ്കേതികവിദ്യ ഇനിയും ലഭ്യമല്ല. ഫുകുഷിമ അപകടം അതിന് അടിവരയിടുന്നു. ലോകത്തില്‍ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ആണവ നിലയങ്ങള്‍ ഇന്ത്യയിലേതാണത്രെ. നറോറ നിലയത്തിലെ തീപിടുത്തം, കക്രയാര്‍ നിലയത്തിലെ ടര്‍ബൈന്‍ മുറിയിലുണ്ടായ വെള്ളപ്പൊക്കം , കൈഗ പദ്ധതിയുടെ ഭാഗമായ ഡോമിന്റെ കോണ്‍ക്രീറ്റ് തകര്‍ച്ച, ട്രിഷിയം ചോര്‍ച്ച എന്നിവ ഭാഗ്യംകൊണ്ടു മാത്രം സംഭവിക്കാതെ പോയ വന്‍ ദുരന്തങ്ങളാണ്. ഇവയൊന്നും തന്നെ പൊതുജനങ്ങളെ അറിയിക്കാതെ ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്ന് കൊട്ടിഘോഷിക്കാനാണ് ആണവ ലോബികളും ഭരണാധികാരികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആണവ സാങ്കേതികവിദ്യ നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞിട്ടും അണുനിലയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ആണവ മാലിന്യങ്ങള്‍ എന്തു ചെയ്യുമെന്നറിയാതെ ശാസ്ത്രലോകം ഇരുട്ടില്‍ തപ്പുകയാണ്. വികസിത രാജ്യങ്ങളില്‍ പോലും ആണവ മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടില്ല. വികിരണശേഷിയുള്ള മാലിന്യങ്ങള്‍ കടലില്‍ തള്ളുകയോ നിലയങ്ങളില്‍ തന്നെ സൂക്ഷിക്കുകയോ ആണത്രെ ഇപ്പോള്‍ ചെയ്തുവരുന്നത്. ഇത് ഭാവി തലമുറയുടെ തന്നെ നിലനില്‍പിനു ഭീഷണിയാണ്.

ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ഊര്‍ജോല്‍പാദന  സാങ്കേതിക വിദ്യകള്‍ ലഭ്യമാണെങ്കിലും സര്‍ക്കാരും ആണവലോബികളും അവ സ്വീകരിക്കാന്‍ തയ്യാറല്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ വികസനത്തിന് പണം ചെലവഴിക്കാന്‍ ഭരണാധികാരികള്‍ ഒരുക്കമല്ല. അതനുവദിക്കാന്‍ കൊള്ളലാഭക്കാരായ ആണവ ലോബികളും സമ്മതിക്കില്ല! കാറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഇപ്പോള്‍ ഇന്ത്യയില്‍ ആകെ ഉല്‍പാദനത്തിന്റെ ഏഴ് ശതമാനമാണ്. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ അനന്തമായ സാധ്യതകളാണ് നമുക്കുള്ളത്. ഇന്ത്യയുടെ ആകെ ഊര്‍ജ ഉല്‍പാദനത്തിന്റെ 30-40 ശതമാനം പ്രസരണ നഷ്ടം വരുന്നതായി കണക്കാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രസരണ സാങ്കേതികവിദ്യ സ്ഥാപിച്ചാല്‍ ലക്ഷ്യമിടുന്ന ആണവ ഊര്‍ജോല്‍പാദനത്തിന്റെ നാലിരട്ടി വൈദ്യുതി ലാഭിക്കാനും ഭീമമായ മുതല്‍മുടക്ക് ഒഴിവാക്കാനും സാധിക്കും. ഇത്തരം സാധ്യതകള്‍ ഇല്ലാതാക്കുന്നത് അധികാരികളുടേയും ലോബികളുടേയും കൊള്ളലാഭതാല്‍പര്യങ്ങളാണ്.

ഈ സാഹചര്യങ്ങളില്‍ യഥാര്‍ഥ ഊര്‍ജ രാഷ്ട്രീയം തിരിച്ചറിയപ്പെടേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദപരവും ചെലവുകുറഞ്ഞതും വികേന്ദ്രീകൃതവും ജനതാല്‍പര്യത്തിന് അനുസൃതവുമായ നിരവധി ഊര്‍ജ സ്രോതസുകള്‍ നിലവിലുണ്ടായിട്ടും അവയൊന്നും തന്നെ പരിഗണിക്കാതെ ആണവ നിലയങ്ങള്‍ പോലുള്ള സംഹാരാത്മകമായ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത് കൊള്ളലാഭവും നിക്ഷിപ്ത താല്‍പര്യങ്ങളും മുന്‍നിര്‍ത്തിയാണ്. ഊര്‍ജ കേന്ദ്രീകരണമെന്നത് അധികാര കേന്ദ്രീകരണത്തിന്റെയും മൂലധന കേന്ദ്രീകരണത്തിന്റെയും വകഭേദം തന്നെയാണ്. അതുകൊണ്ട് ഊര്‍ജ കേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് മൂലധന ശക്തികള്‍ക്കെതിരായ സമരം ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആണവ നിലയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ദിശാബോധം അത്തരമൊരു തിരിച്ചറിവില്‍ നിന്നായിരിക്കണം.

''ആണവ പദ്ധതികള്‍ ഉപേക്ഷിക്കുക; ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ റദ്ദാക്കുക'' എന്ന ആശയം മുന്‍നിര്‍ത്തി, ഹിരോഷിമ-നാഗസാക്കി ദുരന്താനുഭങ്ങളുടെ ഓര്‍മയില്‍ യുവകലാസാഹിതി സംസ്ഥാന വ്യാപകമായി ഓഗസ്റ്റ് 21ന് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇ എം സതീശന്‍ janayugom 020811

1 comment:

  1. ഇന്ത്യാ ഗവണ്‍മെന്റും ആണവോര്‍ജ വകുപ്പും ആയിരക്കണക്കിന് മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള, ലക്ഷക്കണക്കിന് കോടി രൂപ മുതല്‍മുടക്കുള്ള ആണവോര്‍ജ കോംപ്ലക്‌സുകള്‍ പണിയാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ ദുരന്തത്തെ തുടര്‍ന്ന് ലോകമെമ്പാടും ആണവ വികിരണ ഭീഷണി നിലനില്‍ക്കുമ്പോഴും ഇന്ത്യാ ഗവണ്‍മെന്റിന് മാത്രം യാതൊരു വേവലാതികളുമില്ല. ആണവ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ തന്നെ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായി നില്‍ക്കുകയാണ്. ഭാവിയിലെ ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന അനേകം കോടികള്‍ ചെലവിട്ട് ഒട്ടും സുരക്ഷിതമല്ലാത്തതും ഭാവി തലമുറകളുടെ നിലനില്‍പനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആണവ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, അത്തരം പദ്ധതികള്‍ രാജ്യത്തിനു വേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട് ആണവ പദ്ധതികള്‍ക്കെതിരായ പ്രചരണ മാസമായി യുവകലാസാഹിതി ഓഗസ്റ്റ് മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.

    ReplyDelete