Wednesday, August 3, 2011

കാള്‍സെന്ററുകളില്‍ തട്ടിപ്പുസംഘം : ബാങ്ക്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വിറ്റു

ലണ്ടന്‍ : ഇന്ത്യയിലെ കാള്‍സെന്ററുകളില്‍നിന്ന് ആയിരക്കണക്കിന് ബ്രിട്ടീഷ് ഇടപാടുകാരുടെ ബാങ്ക്- ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുച്ഛവിലയ്ക്ക് വിറ്റതായി ആക്ഷേപം. തങ്ങളുടെ വാര്‍ത്താസംഘം രഹസ്യമായി നടത്തിയ നീക്കത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് "ദ സണ്‍" പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗുര്‍ഗാവിലെയും മുംബൈയിലെയും ദല്ലാളുകള്‍ തുച്ഛവിലയ്ക്ക് കാള്‍സെന്റര്‍ ഇടപാടുകാരുടെ സുപ്രധാന വിവരങ്ങള്‍ വില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ട് ബ്രിട്ടനില്‍ ഞെട്ടലുണ്ടാക്കി. ഇത് സംബന്ധിച്ച് സീരിയസ് ഓര്‍ഗനൈസ്ഡ് ക്രൈം ഏജന്‍സി അന്വേഷണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ അക്കൗണ്ട് പാസ്വേഡുകളും ഫോണിലും വെബ്ബിലും ആവശ്യമായ മൂന്നക്ക സിവിവി സുരക്ഷാ കോഡുമൊക്കെ ദല്ലാള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ ഇന്ത്യന്‍ കാള്‍സെന്ററുകളിലേക്ക് അയച്ച തങ്ങളുടെ ബ്രിട്ടീഷ് ഇടപാടുകാരുടെ ബാങ്ക് വിവരങ്ങളും വിലാസങ്ങളും വ്യക്തിപരമായ മറ്റ് വിവരങ്ങളും നല്‍കാമെന്ന് മുമ്പ് കാള്‍സെന്റര്‍ ജീവനക്കാരനായിരുന്ന ദീപക് ചുഭാല്‍ എന്നയാള്‍ വാഗ്ദാനം നല്‍കിയതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ വിവര സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുന്ന റിപ്പോര്‍ട്ട് ഇവിടത്തെ കാള്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് സൂചന. ബ്രിട്ടീഷ് കമ്പനികള്‍ എല്ലാ കാള്‍സെന്ററുകളും ബ്രിട്ടനിലേക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വ്യാവസായിക തോതിലാണ് തട്ടിപ്പ് എന്നതാണ് കൂടുതല്‍ അമ്പരപ്പുണ്ടാക്കിയിരിക്കുന്നത്. വെറും 250 പൗണ്ടിന് ആയിരം ബ്രിട്ടീഷ് ഇടപാടുകാരുടെ വിവരങ്ങള്‍ ദല്ലാള്‍ സണ്‍ സംഘത്തിന് നല്‍കി. തനിക്ക് ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് ഇടപാടുകാരുണ്ടെന്നും ഒരാള്‍ ആഴ്ചയില്‍ 10000 പേരുടെ വിവരങ്ങള്‍ വീതം വാങ്ങുന്നുണ്ടെന്നുമാണ് സണ്‍ സംഘം സമീപിച്ചപ്പോള്‍ ദീപക് ചുഭാല്‍ പറഞ്ഞത്. ഒമ്പത് കാള്‍ സെന്ററുകളിലായി തന്റെ കീഴില്‍ 25 ഏജന്റുമാര്‍ ഉണ്ടെന്നും അയാള്‍ പറഞ്ഞു. ഇവരില്‍ പ്രധാനികള്‍ മാസം 400 പൗണ്ട് വരെ തട്ടിപ്പിലൂടെ സമ്പാദിക്കുന്നുണ്ട്. കാള്‍സെന്റര്‍ വിവരങ്ങള്‍ ലഭ്യമായ ഇന്ത്യന്‍ വ്യാപാരികള്‍ കരിഞ്ചന്ത ഇടപാടുകാരെ തേടുന്ന ഒരു വെബ്സൈറ്റ് വഴിയാണ് സണ്‍ ലേഖകര്‍ ദല്ലാളുകളെ കണ്ടെത്തിയത്. ബാര്‍ക്ലേയ്സിലെയും ടിഎസ്ബിയിലെയും 21 ഇടപാടുകാരുടെ വിവരങ്ങള്‍ ആദ്യം സാമ്പിളായി നല്‍കിയാണ് ചുഭാല്‍ സണ്‍ സംഘത്തെ ആകര്‍ഷിച്ചത്. ആദ്യം ഗുര്‍ഗാവിലെ ഒരു കഫേയിലും പിന്നെ ഡല്‍ഹി ഹയാത് ഹോട്ടലിലുമായിരുന്നു ഇയാളുമായി കൂടിക്കാഴ്ച. മുംബൈയില്‍നിന്നുള്ള മറ്റൊരു ദല്ലാളും സമീപിച്ചതായി പത്രം പറയുന്നു.

deshabhimani 030811

1 comment:

  1. ഇന്ത്യയിലെ കാള്‍സെന്ററുകളില്‍നിന്ന് ആയിരക്കണക്കിന് ബ്രിട്ടീഷ് ഇടപാടുകാരുടെ ബാങ്ക്- ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുച്ഛവിലയ്ക്ക് വിറ്റതായി ആക്ഷേപം. തങ്ങളുടെ വാര്‍ത്താസംഘം രഹസ്യമായി നടത്തിയ നീക്കത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് "ദ സണ്‍" പത്രം റിപ്പോര്‍ട്ട് ചെയ്തു.

    ReplyDelete