പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം രാജ്യത്ത് പടരുന്ന ബഹുജനരോഷത്തിന്റെ പ്രതിഫലനംകൊണ്ട് ശ്രദ്ധേയമാകേണ്ടതുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണ് സഭയിലുള്ളത് എന്നതുകൊണ്ടുതന്നെ നിയമനിര്‍മാണസഭ ജനവികാരം ഭരണാധികാരികളെ അറിയിക്കാനുള്ള സമരവേദികൂടിയാണ്.
ഗവണ്‍മെന്റിന് തന്നിഷ്ടപ്രകാരമുള്ള ജനവിരുദ്ധ നിയമനിര്‍മാണങ്ങളുമായി നിര്‍ബാധം മുന്നോട്ടുപോകാനുള്ള വഴിയൊരുക്കിക്കൊടുക്കുക എന്നതാണ് സഭയുടെ ദൗത്യം എന്ന മട്ടിലുള്ള ഒരു ചിന്ത പടര്‍ത്താന്‍ വ്യവസ്ഥാപിത താല്‍പ്പര്യങ്ങളുള്ള ചില രാഷ്ട്രീയകേന്ദ്രങ്ങളും അവയെ അനുസരിക്കുന്ന മാധ്യമങ്ങളും കുറെക്കാലമായി പ്രത്യേക താല്‍പ്പര്യം കാട്ടുന്നുണ്ട്. ആണവകരാര്‍ പ്രശ്നത്തില്‍ ഒന്നാം യുപിഎ ഭരണത്തിന്റെ അവസാനഘട്ടത്തിലും സ്പെക്ട്രം കുംഭകോണപ്രശ്നത്തില്‍ രണ്ടാം യുപിഎയുടെ ഘട്ടത്തിലും പാര്‍ലമെന്റ് സ്തംഭിച്ചപ്പോള്‍ ഈ പ്രചാരണം ശക്തമാകുകയുണ്ടായി. സഭാസ്തംഭനം പോലുള്ള നഷ്ടത്തിന്റെ കണക്കുകളുമായി ചില മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളുമെത്തി. സഭ സ്തംഭിക്കുന്നതുകൊണ്ടുണ്ടായ നഷ്ടത്തിന്റെ എത്ര ലക്ഷം ഇരട്ടിയാണ് സ്പെക്ട്രം കുംഭകോണത്തിലൂടെ യുപിഎ ഗവണ്‍മെന്റ് രാജ്യത്തിന്റെ ഖജനാവിന് നഷ്ടപ്പെടുത്തിയത്. ആണവകരാര്‍പോലുള്ളവയിലൂടെ ഇന്ത്യയുടെ ആത്മാഭിമാനവും പരമാധികാരവും പണയംവയ്ക്കുന്നതുകൊണ്ടുള്ള നഷ്ടവും ചില ദിവസങ്ങളില്‍ സഭ സ്തംഭിക്കുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടവും തമ്മില്‍ താരതമ്യമുണ്ടോ? രാഷ്ട്രീയ സ്വാര്‍ഥതാല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്ന വാദഗതിയില്‍ കുടുങ്ങി നിശ്ശബ്ദമായിക്കൂടാ ലോക്സഭയിലും രാജ്യസഭയിലും ഈ സമ്മേളനത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ . സഭ സ്തംഭിക്കുന്നെങ്കില്‍ അതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ ഗവണ്‍മെന്റ് തന്നെയാണ് എന്നതും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
അമേരിക്കയുമായൊത്ത് രാജ്യവിരുദ്ധമായ ആണവകരാര്‍ ഒപ്പിടണമെന്ന യുപിഎയുടെ ദുശ്ശാഠ്യമാണ് മുമ്പ് സഭയെ സ്തംഭിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തില്‍ സഭയെ സ്തംഭിപ്പിച്ചതാകട്ടെ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷണം നടത്താനാകില്ല എന്ന യുപിഎയുടെ കടുംപിടിത്തവും. സഭ സ്തംഭിപ്പിക്കുന്ന യഥാര്‍ഥ ശക്തിയേത് എന്നന്വേഷിച്ചാല്‍ കോണ്‍ഗ്രസിലേക്കും യുപിഎയിലേക്കും അതിനുവേണ്ടി ഇന്ത്യയിലിടപെടുന്ന അമേരിക്കന്‍ താല്‍പ്പര്യങ്ങളിലേക്കും യുപിഎ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകുന്ന കോര്‍പറേറ്റ് പണശക്തികളിലേക്കും ഒക്കെയാണ് നാം എത്തുക.
വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയരാന്‍ വേണ്ടതൊക്കെ യുപിഎ ഭരണം ചെയ്തുവച്ചിട്ടുണ്ട്. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരെ വിദേശതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് യുപിഎ ഭരണം നടത്തുന്നത് എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരനായ സിഐഎ-ലഷ്കര്‍ ഇ തോയ്ബ ഇരട്ട ഏജന്റ് ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ഇവര്‍ക്കില്ല. ഭോപാല്‍ ദുരന്തത്തിലൂടെ ആയിരങ്ങളുടെ ജീവനെടുക്കുകയും ന്യായമായ നഷ്ടപരിഹാരംപോലും നിഷേധിക്കുകയും ചെയ്ത കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടണമെന്നില്ല. പുരുളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ച ഡെന്മാര്‍ക്കുകാരന്‍ കിം ഡേവിയെ വിട്ടുകിട്ടണമെന്നില്ല. ഇപ്പോഴിതാ ആണവബാധ്യതാ നിയമം വിദേശ ആണവ കമ്പനികള്‍ക്ക് ബാധ്യതയില്ല എന്ന നിലയ്ക്ക് ഭേദഗതി ചെയ്യണമെന്ന് ഹിലരി ക്ലിന്റന്‍ ഇന്ത്യന്‍ മണ്ണില്‍ വന്നുനിന്ന് പറഞ്ഞിരിക്കുന്നു. മന്‍മോഹന്‍സിങ് ഒരക്ഷരം ഉരിയാടുന്നില്ല. ഇത്തരം സാമ്രാജ്യത്വ ദാസ്യവേലകള്‍ക്കെതിരായി പാര്‍ലമെന്റില്‍ പ്രതിഷേധമുയരുന്നെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. ഗവണ്‍മെന്റ് അതില്‍ അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല.
ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമമാക്കാനുദ്ദേശിക്കുന്ന ബില്ലുകളുടെ സ്വഭാവം നോക്കുക. ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലകള്‍ വിദേശമൂലധനത്തിനായി തുറന്നുകൊടുക്കുന്ന തരത്തിലുള്ള ഇന്‍ഷുറന്‍സ്-ബാങ്കിങ് നിയമഭേദഗതിയുള്ളതാണ് ചില ബില്ലുകള്‍ . ഇന്‍ഷുറന്‍സ് മേഖല സര്‍ക്കാര്‍ ഉടമസ്ഥതയിലും പൊതുമേഖലയിലുമായി ഗംഭീരപ്രകടനം കാഴ്ചവച്ച് ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിച്ചുകയറിയ ചരിത്രമാണിവിടെയുള്ളത്. അത് വിദേശവല്‍ക്കരിക്കുന്നതെന്തിനാണ്? സുശക്തമായ ബാങ്കിങ് സമ്പ്രദായവും ബാങ്കിങ് മേഖലയുമാണ് ഇന്ത്യയിലുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തിലും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഏറിയ തോതില്‍ ഇന്ത്യയിലേക്ക് കടന്നുവരാതെ കാത്തത് നമ്മുടെ ബാങ്കിങ് സംവിധാനവും അതിന്റെ സവിശേഷഘടനയുമാണ്. അത് എന്തിനാണിപ്പോള്‍ പൊളിച്ചടുക്കുന്നത്? അമേരിക്കന്‍ താല്‍പ്പര്യത്തിലാണിതെന്നത് പകല്‍പോലെ വ്യക്തം. ചില്ലറ വ്യാപാരരംഗം ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കായി തുറന്നുകൊടുക്കാനുള്ളതാണ് യുപിഎ ഗവണ്‍മെന്റ് അവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു ബില്‍ . ലക്ഷക്കണക്കിന് കുടുംബങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന നിയമമാണിത്. എന്നുമാത്രമല്ല, ഗ്രാമതലങ്ങളില്‍വരെ വേരോടിച്ച് ഇന്ത്യയില്‍നിന്ന് കൊള്ളലാഭം കടത്തിക്കൊണ്ടുപോകാന്‍ വിദേശ കമ്പനികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നടപടികൂടിയാണിത്. ഇന്ത്യക്ക് കരസ്ഥമാക്കാന്‍ കഴിയാതിരിക്കുന്ന ഏതെങ്കിലും സാങ്കേതികവിദ്യയുടെ രംഗത്താണ് സഹകരണവും കരാറുമെങ്കില്‍ പിന്നെയും മനസ്സിലാക്കാം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചില്ലറവില്‍പ്പന നടത്താന്‍ അമേരിക്കക്കാര്‍ക്കേ കഴിയൂ എന്ന് മന്‍മോഹന്‍സിങ് പറഞ്ഞാല്‍ , കണ്ണുമടച്ച് വിശ്വസിക്കാന്‍ മന്ദബുദ്ധികളല്ല പാര്‍ലമെന്റില്‍ പ്രതിപക്ഷ ബെഞ്ചുകളിലിരിക്കുന്നത് എന്നോര്‍ക്കണം. കൃഷിക്കുള്ള ഭൂമി വ്യാപകമായ തോതില്‍ ഏറ്റെടുത്ത് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷിക കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന ഒരു പ്രക്രിയയിലാണിപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ്. ഇത് നിര്‍ത്തിവയ്ക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടാതെ വയ്യ. അത് ചെയ്യുമ്പോള്‍ സഭയുടെ സുഗമമായ നടത്തിപ്പിനുള്ള സഹകരണമെവിടെ എന്ന് ചോദിക്കരുത്.
ഇതേസമയം ജനങ്ങള്‍ക്കാവശ്യമുള്ളതും വമ്പിച്ച ജനസമ്മര്‍ദത്തിന്റെ ഫലമായി തുടങ്ങിവച്ചതുമായ നിയമനിര്‍മാണപ്രക്രിയയുടെ കാര്യത്തിലൊന്നും യുപിഎ ഗവണ്‍മെന്റിന് താല്‍പ്പര്യമില്ല എന്നതും കാണണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമംതന്നെ ഉദാഹരണം. ഇടതുപക്ഷ പാര്‍ടികളില്‍നിന്നുള്ള അതിശക്തമായ സമ്മര്‍ദത്തിന്റെ ഫലമായാണ് ഇത്തരമൊരു ബില്‍ അവതരിപ്പിക്കാമെന്ന് ഭരണപക്ഷം ഏറ്റത്. ഈ ബില്‍ ഈ സമ്മേളനത്തില്‍ നിയമമാക്കുന്നതിന്റെ ഒരു സൂചനയും ഇതുവരെ കാണാനില്ല. വനിതാ സംവരണ ബില്‍ പ്രശ്നവും തഥൈവ. യുപിഎ ഗവണ്‍മെന്റ് അധികാരത്തിന്റെ ആദ്യ നൂറുനാളുകള്‍ക്കിടയില്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളില്‍ പെടുന്നതാണ് വനിതാസംവരണ ബില്‍ . എന്നാല്‍ , ഇത് ഈ സമ്മേളനത്തില്‍ നിയമമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യുപിഎ പ്രകടിപ്പിക്കില്ല എന്നത് വ്യക്തമാണ്.
സ്പെക്ട്രം കുംഭകോണത്തിലെ ഇടപാടുകള്‍ അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അറിഞ്ഞുകൊണ്ടായിരുന്നു എന്ന് ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി എ രാജ പറഞ്ഞിട്ടുണ്ട്. ഇതിന് യുക്തിസഹമായ ഒരു വിശദീകരണവും പ്രധാനമന്ത്രിയില്‍നിന്നുണ്ടായിട്ടില്ല. ലോക്പാല്‍ ബില്ലിന്റെ പരിഗണനാവിഷയത്തില്‍നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ജുഡീഷ്യറിയെയും ഒഴിച്ചുനിര്‍ത്തരുതെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്. എന്നാല്‍ , ഇതിനോട് സഹകരണാത്മകമായി പ്രതികരിക്കാനുള്ള സന്നദ്ധത മന്‍മോഹന്‍സിങ് പ്രകടിപ്പിച്ചിട്ടില്ല. അതിരൂക്ഷമായ വിലക്കയറ്റം, പണപ്പെരുപ്പം, ഭക്ഷ്യപണപ്പെരുപ്പം എന്നിവയിലൊന്നും ആശ്വാസം കാണാനുള്ള ഒരു നടപടിയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമം പഴുതടച്ച് ഭേദഗതിപ്പെടുത്താനുള്ള ശ്രമമില്ല. ചുരുക്കത്തില്‍ ഭരണം ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഒരു രാഷ്ട്രീയ വൈതാളികസംഘത്തിനുവേണ്ടിയാണ് എന്നതാണ് സ്ഥിതി.
അതുപോലെ പ്രതിപക്ഷത്തുനിന്ന് ആളെ വിലയ്ക്കെടുക്കാനുമുണ്ട് യുപിഎയുടെ നീക്കം. ലോക്പാല്‍ ബില്‍ പാസാക്കാന്‍ ബിഎസ്പിയെ കൂട്ടുപിടിക്കാന്‍ നോക്കുന്നു. ബാങ്കിങ്-ഇന്‍ഷുറന്‍സ് മേഖല വിദേശമൂലധനത്തിനായി വിട്ടുകൊടുക്കുന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ കൂട്ടുപിടിക്കാന്‍ നോക്കുന്നു. ഇങ്ങനെ അവസരവാദപരമായ താല്‍ക്കാലിക സൗഹൃദങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും സഭയില്‍ ജാഗ്രതയുണ്ടാകേണ്ടതുണ്ട്. പെന്‍ഷന്‍ പരിഷ്കരണ ബില്‍ അവതരിപ്പിക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത് രാജ്യം കണ്ടു. അത്തരം ഇടപാടുകളിലെ അവസരവാദസ്വഭാവം തുറന്നുകാട്ടാനുള്ള വേദികൂടിയായി വര്‍ഷകാലസമ്മേളനകാലത്ത് പാര്‍ലമെന്റ് മാറട്ടെ.
deshabhimani editorial 020811
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം രാജ്യത്ത് പടരുന്ന ബഹുജനരോഷത്തിന്റെ പ്രതിഫലനംകൊണ്ട് ശ്രദ്ധേയമാകേണ്ടതുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണ് സഭയിലുള്ളത് എന്നതുകൊണ്ടുതന്നെ നിയമനിര്‍മാണസഭ ജനവികാരം ഭരണാധികാരികളെ അറിയിക്കാനുള്ള സമരവേദികൂടിയാണ്.
ReplyDelete