Monday, August 15, 2011

നാലു ഭക്ഷ്യവിളകളില്‍ ജനിതകമാറ്റ പരീക്ഷണത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: നാലു ഭക്ഷ്യവിളകളില്‍ ജനിതകമാറ്റ പരീക്ഷണവും പഠനവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അരി, കടുക്, തുവരപരിപ്പ്, നിലക്കടല എന്നീ ഭക്ഷ്യവസ്തുക്കളാണ് ജനിതകമാറ്റ പരീക്ഷണത്തിനും പഠനത്തിനും ജനിറ്റിക്ക് എന്‍ജിനിയറിങ് അപ്രൈസല്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുള്ളത്. പരീക്ഷണത്തിന് അതതു സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ട്. ആദ്യമായാണ് ഇത്രയും ഭക്ഷ്യവസ്തുക്കളില്‍ ഒന്നിച്ച് ജനിതകമാറ്റ പരീക്ഷണത്തിന് അനുമതി നല്‍കുന്നത്.

ജനിതക വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2009ല്‍ അനുവാദം നല്‍കിയെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനത്തില്‍നിന്നും 2010ല്‍ പിന്‍വാങ്ങേണ്ടി വന്നു. ജനിതക മാറ്റം വരുത്തിയ വഴുതന കൃഷി ചെയ്യാനുള്ള അനുവാദം വനം പരിസ്ഥിതിമന്ത്രി ജയ്റാം രമേഷ് മരവിപ്പിച്ചതിനു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ ജനിതകമാറ്റ പരീക്ഷണത്തിന് അനുവാദം നല്‍കുന്നത്. നേരത്തേ തന്നെ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ജനിതകമാറ്റ പരീക്ഷണത്തിന് സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അത് അനുവദിക്കാന്‍ മന്ത്രി ജയ്റാംരമേഷ് തയ്യാറായില്ല.

എന്നാല്‍ , ജയന്തി നടരാജന്‍ മന്ത്രിയായ ശേഷം ബുധനാഴ്ച ചേര്‍ന്ന ആദ്യ അതോറിറ്റി യോഗമാണ് നാലുപ്രധാന ഭക്ഷ്യവസ്തുക്കളുടെ ജനിതകമാറ്റ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഈ പരീക്ഷണവിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജനിതകമാറ്റകൃഷിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കുക. അരിയുടെ വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ കര്‍ണാടകയില്‍ വച്ച് പരീക്ഷണം നടക്കും. കടുകിന്റേത് ഡല്‍ഹിയിലും. ജൈവസാങ്കേതികവിദ്യ വളര്‍ത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന യുപിഎ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. നിലവില്‍ പരുത്തിയില്‍ മാത്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ ജനിതക ഉല്‍പ്പാദനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
 
deshabhimani 150811

1 comment:

  1. ജനിതക വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2009ല്‍ അനുവാദം നല്‍കിയെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനത്തില്‍നിന്നും 2010ല്‍ പിന്‍വാങ്ങേണ്ടി വന്നു. ജനിതക മാറ്റം വരുത്തിയ വഴുതന കൃഷി ചെയ്യാനുള്ള അനുവാദം വനം പരിസ്ഥിതിമന്ത്രി ജയ്റാം രമേഷ് മരവിപ്പിച്ചതിനു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ ജനിതകമാറ്റ പരീക്ഷണത്തിന് അനുവാദം നല്‍കുന്നത്. നേരത്തേ തന്നെ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ജനിതകമാറ്റ പരീക്ഷണത്തിന് സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അത് അനുവദിക്കാന്‍ മന്ത്രി ജയ്റാംരമേഷ് തയ്യാറായില്ല.

    ReplyDelete