Wednesday, August 3, 2011

എന്‍ഡോസള്‍ഫാന്‍ : നിരോധം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിക്കുള്ള എതിര്‍ സത്യവാങ്മൂലത്തിലാണ് എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാടുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് കൃഷി ഡയറക്ടര്‍ വന്ദന ജയിന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. പല ലോകരാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് സംശയത്തിന്റെ പിന്‍ബലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതും മുന്‍കരുതലെന്ന നിലയിലാണ്.

സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ നിരോധിത കീടനാശിനികളുടെ പട്ടികയായ അനക്സ് എ യില്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ത്യ പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഇതിന് 11 വര്‍ഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. പകരം ഉപയോഗിക്കാന്‍ വീര്യമുള്ളതും വിലകുറഞ്ഞതുമായ കീടനാശിനി വികസിപ്പിക്കുന്നതിനാണ് ഈ സമയം. ഈ കാലയളവില്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും ഉപയോഗവും തുടരാം. അടിയന്തര നിരോധനത്തിന്റെ ആവശ്യമില്ല. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങി. അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ചില രാജ്യങ്ങള്‍ നിരോധിക്കുകയാണ് ചെയ്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ രാജ്യങ്ങളാണ് കൂടുതലായും എന്‍ഡോസള്‍ഫാന്‍ ഉപയോഗം വേണ്ടെന്നുവെച്ചത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വ്യോമമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ടാണ് കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രശ്നങ്ങളുണ്ടായത്. അനുമതിയില്ലാതെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വ്യോമമാര്‍ഗം കീടനാശിനി തളിച്ചത്. ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിന് 1992 ന് ശേഷം മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിയിരുന്നു. എന്നാല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഈ അനുമതി വാങ്ങിയിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഉപയോഗം അടിയന്തരമായി നിരോധിക്കണമെന്ന ഡിവൈഎഫ്ഐയുടെ ആവശ്യത്തില്‍ കഴമ്പില്ല. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ സമയത്താണ് അവര്‍ പരാതി നല്‍കിയത്. അതുകൊണ്ട് ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല.

ലോകാരോഗ്യസംഘടന 2006 ല്‍ നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ മാരകമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിലവിലുള്ള കീടനാശിനി നിയമം രാജ്യത്ത് ഉപയോഗിക്കുന്ന കീടനാശിനികളുടെ ദോഷവശങ്ങള്‍ പരിശോധിക്കാന്‍ പര്യാപ്തമാണ്. സി ഡി മായി കമ്മിറ്റി അടക്കമുള്ള വിദഗ്ധ സമിതികളുടെ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമെന്ന് കണ്ടെത്തിയിട്ടില്ല. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി തന്നെ ഐസിഎംആര്‍ - ഐസിഎആര്‍ സംയുക്ത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എട്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ മതിയാകും- സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു.

കീടനാശിനി ലോബിയോട് കൂറുകാട്ടി വീണ്ടും കേന്ദ്രം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും മലക്കം മറിഞ്ഞു. വന്‍കിട കീടനാശിനി നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് നിലപാട് മാറ്റം. ജനീവയില്‍ ചേര്‍ന്ന സ്റ്റോക്ഹോം ലോകപരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അതിന്റെ ആവശ്യമില്ലെന്നാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ തുടക്കം മുതല്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദത്തിന്റെയും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വിവിധ പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും ഫലമായി അവസാനഘട്ടത്തില്‍ കേന്ദ്രം നിരോധനത്തെ പിന്തുണച്ചു. എന്നാല്‍ ആ നിലപാടുമാറ്റം തികഞ്ഞ കാപട്യമായിരുന്നെന്ന് തെളിയിക്കുകയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ .

എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കാസര്‍കോട് ജില്ലയിലും ദക്ഷിണ കര്‍ണാടകത്തിലെ ചില പ്രദേശത്തുമാണ് രോഗമുള്ളതെന്നും ഇതിനുകാരണം എന്‍ഡോസള്‍ഫാനല്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ . സുപ്രീംകോടതി നിര്‍ദേശപ്രകാരം ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പുള്ള കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം ഐസിഎംആറിനെ സ്വാധീനിക്കാനാണെന്ന് വ്യക്തം.

കേന്ദ്രനിലപാട് ആയിരക്കണക്കിന് ദുരിതബാധിതരെയും ആശങ്കയിലാക്കി. കേന്ദ്രസഹായത്തോടെ പുനരധിവാസ പാക്കേജിന് രൂപം നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനവും പാഴാവുമെന്ന ആശങ്കയുണ്ട്. കീടനാശിനി കമ്പനികള്‍ ഉയര്‍ത്തിയ വാദം അതേപടി ആവര്‍ത്തിക്കുകയാണ് കേന്ദ്രം. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍ കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ കാണുന്ന അസാധാരണ രോഗങ്ങള്‍ക്കുകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിരുന്നു. ഐസിഎംആര്‍ ഡയറക്ടര്‍ വിശ്വമോഹന്‍ കട്ടോജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ദുരന്തബാധിത പ്രദേശവും രോഗികളെയും സന്ദര്‍ശിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ദുരന്തത്തിന്റെ ഭീകരത മനസിലാക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടാണ് അവര്‍ മടങ്ങിയത്.
(എം ഒ വര്‍ഗീസ്)

സത്യവാങ്മൂലം വെല്ലുവിളി: വി എസ്

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് അന്താരാഷ്ട്ര സമൂഹത്തോടുതന്നെയുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാ വ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് മഹാഭൂരിപക്ഷം രാജ്യങ്ങളും ആവശ്യപ്പെട്ടപ്പോള്‍ , ഈ ജീവനാശിനിക്കുവേണ്ടി അവസാനനിമിഷംവരെ വാദിച്ച രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ , എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തങ്ങള്‍ കേരളം ലോകശ്രദ്ധയില്‍ കൊണ്ടുവരികയും ബഹുജനപ്രക്ഷോഭത്തിലൂടെ ലോകമനസ്സാക്ഷി ഉണര്‍ത്തുകയുംചെയ്തു. ഈ സാഹചര്യത്തില്‍ നിരോധത്തിന് അനുകൂല നിലപാടെടുക്കാന്‍ ഇന്ത്യയും നിര്‍ബന്ധിതമായി.

എന്നാല്‍ , ജനീവ കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ പറയുന്ന ചില ഇളവ് ചൂണ്ടിക്കാട്ടി 11 വര്‍ഷംകൊണ്ട് നിരോധിച്ചാല്‍ മതിയെന്ന നിലപാട് സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ് കേന്ദ്രം. എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കിയത് പച്ചക്കള്ളമാണ്. എന്‍ഡോസള്‍ഫാന്റെ ദുരിതംപേറുന്ന ആയിരങ്ങളോടുള്ള വെല്ലുവിളിയാണിത്. ദുരന്തം സംബന്ധിച്ച് ദേശീ യ മനുഷ്യാവകാശകമീഷന്‍ കേന്ദ്രസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതാണ്. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. ആ റിപ്പോര്‍ട്ടിനെയും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പരിഹസിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കുത്തകകള്‍ക്കും ഉത്തരേന്ത്യയിലെ വന്‍കിട കാര്‍ഷികമുതലാളിമാര്‍ക്കും വേണ്ടിയാണ് കേന്ദ്രം എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ നൂറുദിനപരിപാടിയിലെ പ്രധാന ഇനമായി പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണമായി നടപ്പാക്കുമെന്നാണ്. എന്നാല്‍ , ഉമ്മന്‍ചാണ്ടിയെ നയിക്കുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ലോകസമൂഹത്തെ ധിക്കരിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെടുകയുംചെയ്തിരിക്കുന്നു. സുപ്രീംകോടതിയിലെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിചേരണമെന്നും കേന്ദ്രനിലപാടിനെതിരെ സത്യവാങ്മൂലം നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.

സത്യവാങ്മൂലത്തിന്റെ കോപ്പി കത്തിക്കും: ഡിവൈഎഫ്ഐ

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളജതയെ തീരാദുരിതത്തിലാക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാസെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കീടനാശിനി ലോബിയുടെ തടവറയിലാണ്. എന്‍ഡോസള്‍ഫാന്‍ രോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം എന്‍ഡോസള്‍ഫാന് ക്ലീന്‍ ചിറ്റ് ല്‍കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്ങ്ങളൊന്നുമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍ഥിച്ചത്. എന്‍ഡോസള്‍ഫാന് അനുകൂലമായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരും. കീടനാശിനി ലോബിക്കുവേണ്ടി തയ്യാറാക്കിയ സത്യവാങ്മൂലത്തിന്റെ കോപ്പി ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് ഒമ്പതി്ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കത്തിക്കും.

ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടിന് കാത്തു നില്‍ക്കാതെ തിടുക്കത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത് ദുരൂഹമാണ്. റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച വന്ദനാജെയിന്‍ സ്റ്റോക്ക്ഹോം അന്താരാഷ്ട്ര ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി വിവിധ രാജ്യങ്ങളുമായി വിലപേശിയ വ്യക്തിയാണെന്ന് രാജേഷ് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ , ജില്ലാ സെക്രട്ടറി എസ് പി ദീപക്, പ്രസിഡന്റ് ബി ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 030811

1 comment:

  1. ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടിന് കാത്തു നില്‍ക്കാതെ തിടുക്കത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത് ദുരൂഹമാണ്. റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച വന്ദനാജെയിന്‍ സ്റ്റോക്ക്ഹോം അന്താരാഷ്ട്ര ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി വിവിധ രാജ്യങ്ങളുമായി വിലപേശിയ വ്യക്തിയാണെന്ന് രാജേഷ് പറഞ്ഞു.

    ReplyDelete