Wednesday, August 3, 2011

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നിരക്ക് കൂട്ടി

കോഴിക്കോട്: സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കേരളത്തില്‍ കോള്‍ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചു. എയര്‍ടെല്‍ , ഐഡിയ, ടാറ്റാ ഡോകോമോ എന്നീ കമ്പനികളാണ് രഹസ്യമായി നിരക്കുയര്‍ത്തിയത്. മറ്റ് കമ്പനികളും ഇതേ പാതയിലാണ്. എന്നാല്‍ , ബിഎസ്എന്‍എല്‍ പല സ്കീമുകളിലും നിരക്ക് കുറച്ചു. മൊബൈല്‍ നമ്പര്‍ മാറ്റാതെ കമ്പനി മാറാനുള്ള സംവിധാനം (നമ്പര്‍ പോര്‍ട്ടബിലിറ്റി) കേരളത്തില്‍ ബിഎസ്എന്‍എല്ലിന് ഗുണമായി. ആറ് മാസത്തിനുള്ളില്‍ 37,000 പുതിയ വരിക്കാരെ ലഭിച്ചു.

കേരളമുള്‍പ്പെടെ ആറ് സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ നിരക്കുയര്‍ത്തിയത്. ഫ്രീഡം പാക്കില്‍ സെക്കന്റിന് ഒരു പൈസ എന്നത് 1.2 പൈസയാക്കി. അഡ്വാന്റേജ് പാക്കില്‍ മിനുട്ടിന് 50 പൈസയില്‍ നിന്ന് 60 പൈസയാക്കി. ലാന്‍ഡ് ഫോണിലേക്ക് വിളിക്കുമ്പോള്‍ സെക്കന്‍ഡിന് 1.5 പൈസയും മിനുട്ടിന് 90 പൈസയും വര്‍ധിക്കും. ഐഡിയയുടെ സ്റ്റാര്‍ട്ടര്‍ പാക്കില്‍ ലോക്കല്‍ കോളുകള്‍ക്ക് സെക്കന്‍ഡിന് ഒരു പൈസയെന്നത് ഐഡിയ ഫോണുകളിലേക്ക് 1.2 പൈസയായും മറ്റു നമ്പറുകളിലേക്ക് 1.5 പൈസയായും ഉയരും. ഒരു വര്‍ഷത്തിനുശേഷം ഇത് മിനുട്ടിന് ഒരു രൂപയാക്കി മാറ്റും. സെക്കന്‍ഡ് പള്‍സിലൂടെ താരിഫ് മത്സരത്തിന് ശക്തി പകര്‍ന്ന ടാറ്റ ഡോകോമോ സ്വന്തം ഫോണിലേക്കുള്ള ലോക്കല്‍ കോളുകള്‍ക്ക് ഒരു പൈസക്ക് ആറ് സെക്കന്‍ഡ് എന്നത് ഒരു പൈസക്ക് മൂന്ന് സെക്കന്‍ഡാക്കി. കേരളത്തിനുള്ളില്‍ എസ്എംഎസ് നിരക്ക് 60 പൈസയില്‍ നിന്ന് ഒരു രൂപയായും കേരളത്തിനു പുറത്ത് എസ്എംഎസ് നിരക്ക് 1.20 രൂപയില്‍ നിന്ന 1.50 രൂപയുമാക്കി. മറ്റ് കമ്പനികളും നിരക്ക് വര്‍ധന ആലോചിക്കുന്നു.

ത്രീജി സ്പെക്ട്രം നേടുന്നതിനും നെറ്റ്വര്‍ക്ക് വികസനത്തിനുമായി വന്‍തുക ചെലവിട്ടതിനാല്‍ ചെലവ് കൂടിയെന്നാണ് കമ്പനികളുടെ വാദം. ബിഎസ്എന്‍എല്‍ കഴിഞ്ഞ മാസവും നിരക്ക് കുറച്ചു. "പേ പെര്‍ സെക്കന്റ്", "പ്യാരി ജോഡി" പ്ലാനുകളില്‍ രാജ്യത്തെവിടേക്കും ഏത് ഫോണിലേക്കും സെക്കന്‍ഡിന് ഒരു പൈസമാത്രമാണ് നിരക്ക്. ജനറല്‍ പ്ലാനുകളുടെ ലോക്കല്‍ കോള്‍ ചാര്‍ജ് മിനുട്ടിന് 40 പൈസ മുതല്‍ 60 പൈസ വരെയാണ്. വരിക്കാര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക താരിഫ് വൗച്ചറുകള്‍ തെരഞ്ഞെടുക്കാം. 54 രൂപയുടെ പ്രത്യേക വൗച്ചര്‍ ഉപയോഗിച്ച് ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ ഏത് ഫോണിലേക്കും ഒരുമാസം മിനുട്ടിന് 10 പൈസ നിരക്കിലും വിളിക്കാനാവും.

deshabhimani 030811

1 comment:

  1. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കേരളത്തില്‍ കോള്‍ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചു. എയര്‍ടെല്‍ , ഐഡിയ, ടാറ്റാ ഡോകോമോ എന്നീ കമ്പനികളാണ് രഹസ്യമായി നിരക്കുയര്‍ത്തിയത്. മറ്റ് കമ്പനികളും ഇതേ പാതയിലാണ്. എന്നാല്‍ , ബിഎസ്എന്‍എല്‍ പല സ്കീമുകളിലും നിരക്ക് കുറച്ചു. മൊബൈല്‍ നമ്പര്‍ മാറ്റാതെ കമ്പനി മാറാനുള്ള സംവിധാനം (നമ്പര്‍ പോര്‍ട്ടബിലിറ്റി) കേരളത്തില്‍ ബിഎസ്എന്‍എല്ലിന് ഗുണമായി. ആറ് മാസത്തിനുള്ളില്‍ 37,000 പുതിയ വരിക്കാരെ ലഭിച്ചു.

    ReplyDelete