Monday, August 22, 2011

കാണാം ചെറോണ്ണ മുത്തശ്ശിയെ; കമ്യൂണിസ്റ്റ് പാറയും

നാട് പരിവര്‍ത്തനത്തിന്റെ ചായം തേച്ചുതുടങ്ങി. തവളക്കണ്ണനും സ്വര്‍ണആര്യേനും വിളഞ്ഞ ചേറ്റുമണമുള്ള പാടം നേന്ത്രവാഴത്തോട്ടമായി. വിശാലമായ പറമ്പുകള്‍ തെങ്ങിന്‍തോപ്പും റബര്‍എസ്റ്റേറ്റുമായി മുഖംമിനുക്കി. പകല്‍പോലും കുറുക്കന്മാര്‍ ഓരിയിട്ടുനടന്ന കുണ്ടനിടവഴിയുടെ സ്ഥാനത്ത് ടാറിട്ട റോഡുകള്‍ . എങ്കിലും "കുട്ടിക്കമ്മളേ....." എന്ന് വാത്സല്യപൂര്‍വം വിളിച്ച് തൊണ്ണൂറിലെത്തിയ ചെറോണ്ണ മുത്തശ്ശി വെറ്റിലക്കറപുരണ്ട ചിരിയുമായി മുന്നില്‍നില്‍ക്കുമ്പോള്‍ തോന്നും എന്റെ നാട് പൂര്‍ണമായും നാഗരികതയുടെ മണ്ണിലേക്ക് പറിച്ചുനട്ടിട്ടില്ലെന്ന്. ചില അടിവേരുകള്‍ മുറിയാതെ നില്‍ക്കുന്നു. കൊളുത്തകലാന്‍ മടിച്ച് ഏതൊക്കെയോ കണ്ണികള്‍ ...

വള്ളുവക്കോനാതിരിയുടെ അധികാരത്തിലായിരുന്ന കീഴാറ്റൂര്‍ ബ്രിട്ടീഷ് ഭരണത്തോടെ വള്ളുവനാടിന്റെ ഭാഗമായി. പ്രാചീനകാലത്ത് ഇവിടെനിന്ന് ഇരുമ്പയിര്‍ കുഴിച്ചെടുത്ത് ശുദ്ധീകരിച്ച് കാളവണ്ടിയില്‍ തൃശൂര്‍ , കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. ഇരുമ്പയിര്‍ ശുദ്ധീകരിക്കുന്ന ഊത്താലകള്‍ യഥേഷ്ടമുണ്ടായിരുന്നു. അറുപതുവര്‍ഷം മുമ്പ് അവ ഞങ്ങളുടെ തലമുറയില്‍പ്പെട്ടവരുടെ ഓര്‍മ മാത്രമായി. പട്ടിണിയുടെയും പ്രാരബ്ധത്തിന്റെയും ഉഷ്ണക്കാറ്റില്‍ മനസ്സിലെ വെളിച്ചം കെട്ടുപോയ ജനത- കുട്ടിക്കാലം കണ്ണുമിഴിക്കുമ്പോള്‍ ഈ കാഴ്ചയാണ് മുന്നില്‍ . പാടത്ത് വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ നെല്ല് മുഴുവന്‍ അളന്നുകൊടുത്താലും ജന്മിയുടെ പാട്ടക്കുടിശ്ശിക തീരില്ല. രണ്ട് നാരായം നെല്ലോ 12 അണയോ (75 പൈസ) ആണ് കൂലി. വൈക്കോലോ തടുക്കോ മേഞ്ഞ ചെറ്റപ്പുരകളില്‍ ജന്മി എപ്പോഴാണ് കുടിയൊഴിയാന്‍ കല്‍പ്പിക്കുന്നതെന്ന പേടിയോടെ അവര്‍ ജീവിതം തള്ളിനീക്കി. പുറംലോകവുമായി ബന്ധപ്പെടാന്‍ ഒറവംപുറത്തുനിന്ന് ഒരു റോഡ് മാത്രമാണുണ്ടായിരുന്നത്. പെരിന്തല്‍മണ്ണയായിരുന്നു കച്ചവടകേന്ദ്രം. അന്ന് വെള്ളിയാറിന് പാലം ഇല്ല. ഞങ്ങളുടെ ലോകത്തിന്റെ വടക്കേ അതിര് പുഴക്കരയില്‍ തീര്‍ന്നു. പ്രമാണിമാര്‍ക്ക് സഞ്ചരിക്കാന്‍ മണികെട്ടിയ കാളകള്‍ വലിക്കുന്ന സവാരിവണ്ടി. കാശുള്ളവര്‍ക്ക് യാത്രചെയ്യാന്‍ ബസ്സുണ്ടായിരുന്നു. ഒറവംപുറത്തുനിന്ന് പട്ടാമ്പി-ഷൊര്‍ണൂര്‍ -ഒറ്റപ്പാലം വഴി പാലക്കാട്ടെത്തി വൈകിട്ട് തിരിച്ചെത്തുന്ന "കാടാച്ചിറ മോട്ടോര്‍ സര്‍വീസ്". ജനകീയനായ അലവിക്കയായിരുന്നു സാരഥി. മുന്‍കൂര്‍ സീറ്റ് ബുക്കിങ് ഒക്കെയുണ്ടായിരുന്നു. തലേദിവസം പറഞ്ഞേല്‍പ്പിച്ചാല്‍ ആളെത്താന്‍ വൈകിയാലും "കാടാച്ചിറ" റോഡില്‍ കാത്തുനില്‍ക്കും.

നാട്ടില്‍ ആദ്യമായി സൈക്കിള്‍ കൊണ്ടുവന്നത് പൂന്താനം രാമന്‍ നമ്പൂതിരിയാണ്. മഹാകവിയുടെ ആറാംതലമുറക്കാരന്‍ . മലബാര്‍ ലഹളയില്‍ കലാപകാരികളായ മുസ്ലീങ്ങള്‍ക്ക് സഹായം നല്‍കി എന്ന കുറ്റംചുമത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ബെല്ലാരി ജയിലില്‍ അടച്ചു. ശിക്ഷകഴിഞ്ഞ് പുറത്തുവന്ന രാമന്‍നമ്പൂതിരിക്ക് സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. പക്ഷേ തോറ്റുകൊടുത്തില്ല. അന്തര്‍ജനത്തിനൊപ്പം ഇല്ലത്തിരുന്ന് ബീഡിതെരച്ച് പൂന്താനം ബീഡി എന്ന ലേബലില്‍ സൈക്കിളില്‍ പെരിന്തല്‍മണ്ണയിലും പരിസരത്തും വിറ്റ് ജീവിച്ചു. തിരുവിതാംകൂറില്‍നിന്ന് 1930കളുടെ അവസാനം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കുടിയേറ്റക്കാരായി വന്നുചേര്‍ന്നു. അതോടെ കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടായി. നെല്‍കൃഷിയല്ലാതെ മറ്റൊന്നും വശമില്ലാതിരുന്ന നാടന്‍ കര്‍ഷകരെ തെങ്ങും റബറും കവുങ്ങും കുരുമുളകും ഇഞ്ചിയും മരച്ചീനിയും നട്ട് നേട്ടമുണ്ടാക്കാന്‍ അവര്‍ പഠിപ്പിച്ചു. അതോടെ തരിശായി കിടന്ന പറമ്പുകളിലും പുരയിടങ്ങളിലും കാര്‍ഷികവിളകള്‍ നിറഞ്ഞു.

ഗ്രാമത്തിലെ കര്‍ഷകര്‍ക്കിടയില്‍ 1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെല്‍ രൂപംകൊണ്ടു. എലിപ്പാറ്റ മാക്കുണ്ണി മാസ്റ്റര്‍ , കുന്നത്ത് മാധവന്‍നായര്‍ , ചേരിയാടന്‍ ഉണീന്‍കുട്ടി മാസ്റ്റര്‍ എന്നിവരായിരുന്നു മെമ്പര്‍മാര്‍ . വള്ളുവനാടിന്റെ വടക്കന്‍മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്തിറക്കലായിരുന്നു അത്. തുടര്‍ന്ന് പല ദിക്കിലും കര്‍ഷകസംഘങ്ങള്‍ രൂപംകൊണ്ടു. പട്ടിക്കാട് റെയില്‍വേ സ്റ്റേഷനടുത്ത് ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ യോഗം ചേര്‍ന്നിരുന്ന സ്ഥലത്തിന്റെ പേരുതന്നെ കമ്യൂണിസ്റ്റ് പാറ എന്നായിരുന്നു. മനോരമയുടെ യങ് ഇന്ത്യ ഗ്രൂപ്പ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ സംഘടിച്ച് 1948-ല്‍ ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് രൂപംനല്‍കി. വള്ളുവനാടിന്റെ വടക്കന്‍പ്രദേശത്ത് ആദ്യമായി രൂപംകൊണ്ട സംഘടനയുടെ അമരക്കാര്‍ സഖാവ് കൊങ്ങശ്ശേരി കൃഷ്ണനും ആയംകുര്‍ശ്ശി ശങ്കരനുമായിരുന്നു.

അടിയാളവര്‍ഗവും പതുക്കെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. അയിത്തത്തിനെതിരെ പ്രതികരിക്കാന്‍ അവര്‍ തയ്യാറായി. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ പട്ടിക്കാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഴകത്ത് ചാത്തന്‍കുട്ടിയുടെയും പെരുവണ്ണാന്‍ രാമന്‍കുട്ടിയുടെയും നേതൃത്വത്തില്‍ 12 അവര്‍ണ്ണര്‍ കയറി തൊഴുതു. റോഡ് മേസ്തിരിയായിരുന്ന നടരാജന്‍ , അരിപ്ര പ്രഭാകരന്‍നായര്‍ , കുന്നത്ത് മാധവന്‍നായര്‍ എന്നീ ഉയര്‍ന്ന ജാതിക്കാര്‍ അവര്‍ക്ക് കൂട്ടുപോയി. ഒടുവില്‍ ക്ഷേത്രപ്രവേശം സവര്‍ണ്ണര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. ഇതിന് അടിയാളര്‍ക്ക് ആത്മധൈര്യം പകര്‍ന്നുനല്‍കിയത് ഇ എം എസ്സിന്റെ ഗുരുനാഥനും പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എയുടെ മുത്തച്ഛനുമായ മാഞ്ചീരി രാമന്‍നായര്‍ മാസ്റ്ററായിരുന്നു. പരിവര്‍ത്തനങ്ങള്‍ക്കെല്ലാം അക്ഷരജ്ഞാനത്തിലൂടെ ഊര്‍ജംപകര്‍ന്നത് നൂറ്റാണ്ടിന്റെ ഓര്‍മകളുള്ള പട്ടിക്കാട് സ്കൂളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കക്കാടന്‍ കുഞ്ഞമ്മദാജി കാര്യാവട്ടത്ത് ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് പട്ടിക്കാട് യുപി സ്കൂളായത്. ഇപ്പോഴത് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്.

മാറ്റത്തിന്റെ തേരേറി നാഗരികസ്വപ്നങ്ങളിലേക്ക് മനസ്സ് ഊന്നിയിട്ടുണ്ടെങ്കിലും നാട്ടിന്‍പുറത്തിന്റെ നന്മകള്‍ വലിച്ചെറിയാന്‍ മടിക്കുന്ന ഗ്രാമമാണ് എന്റേത്. ചെറോണ്ണ മുത്തശ്ശിയെപ്പോലുള്ളവരും പച്ചപ്പുവിടാത്ത തിരുത്തിയന്‍കുന്നും പൂപ്പല്‍ പിടിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ് പാറയും ജ്ഞാനപ്പാന ഉറഞ്ഞൊഴുകിയ പൂന്താനം ഇല്ലവുമൊക്കെ നഷ്ടപ്പെടാത്ത നാട്ടുനന്മയുടെ സാക്ഷ്യമാകുന്നു.

deshabhimani 220811

1 comment:

  1. നാട് പരിവര്‍ത്തനത്തിന്റെ ചായം തേച്ചുതുടങ്ങി. തവളക്കണ്ണനും സ്വര്‍ണആര്യേനും വിളഞ്ഞ ചേറ്റുമണമുള്ള പാടം നേന്ത്രവാഴത്തോട്ടമായി. വിശാലമായ പറമ്പുകള്‍ തെങ്ങിന്‍തോപ്പും റബര്‍എസ്റ്റേറ്റുമായി മുഖംമിനുക്കി. പകല്‍പോലും കുറുക്കന്മാര്‍ ഓരിയിട്ടുനടന്ന കുണ്ടനിടവഴിയുടെ സ്ഥാനത്ത് ടാറിട്ട റോഡുകള്‍ . എങ്കിലും "കുട്ടിക്കമ്മളേ....." എന്ന് വാത്സല്യപൂര്‍വം വിളിച്ച് തൊണ്ണൂറിലെത്തിയ ചെറോണ്ണ മുത്തശ്ശി വെറ്റിലക്കറപുരണ്ട ചിരിയുമായി മുന്നില്‍നില്‍ക്കുമ്പോള്‍ തോന്നും എന്റെ നാട് പൂര്‍ണമായും നാഗരികതയുടെ മണ്ണിലേക്ക് പറിച്ചുനട്ടിട്ടില്ലെന്ന്. ചില അടിവേരുകള്‍ മുറിയാതെ നില്‍ക്കുന്നു. കൊളുത്തകലാന്‍ മടിച്ച് ഏതൊക്കെയോ കണ്ണികള്‍ ...

    ReplyDelete