Sunday, August 14, 2011

കോളയ്ക്ക് വഴിയൊരുക്കി; കാലാധേരയെ കണ്ണീരിലാഴ്ത്തി

രാജ്യത്ത് മികച്ച വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും വഴി വികസനത്തില്‍ നിര്‍ണായകപങ്കുവഹിക്കേണ്ട കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഐഐ) മേധാവി അതേസമയം ആഗോളകുത്തകയായ കൊക്കകോളയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചത് കടുത്ത അനീതി. യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണബോര്‍ഡ് അംഗമായി നിയമിച്ച തരുണ്‍ദാസിന്റെ അവിഹിത ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. 2002ല്‍ സിഐഐ സെക്രട്ടറി ജനറലായിരിക്കെയാണ് തരുണ്‍ദാസ് കൊക്കകോളയുടെ 12 അംഗ അന്താരാഷ്ട്ര ഉപദേശകസമിതിയില്‍ അംഗമായത്. സമിതിയിലെ രണ്ട് ഏഷ്യക്കാരില്‍ ഒരാള്‍ . തരുണ്‍ദാസിന്റെ ഈ സ്ഥാനലബ്ധിക്കെതിരെ കൊക്കകോളയുടെ എതിരാളികളായ പെപ്സി ശക്തമായി രംഗത്തുവന്നിരുന്നു. ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാന വിപണിയായാണ് കൊക്കകോള കണ്ടിരുന്നത്. അതിനുള്ള വഴി എളുപ്പമാക്കാനായിരുന്നു തരുണ്‍ദാസിന്റെ ഉപദേശകപദവി. വ്യവസായവിഷയങ്ങളില്‍ സര്‍ക്കാരിന്റെ മുഖ്യ ഉപദേശകരായ സിഐഐയിലെ ഉന്നതന്‍ കൊക്കകോളയുടെ ഉപദേശകനായിരുന്നത് സര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരിക്കും എന്നുറപ്പ്. ഇന്ത്യയില്‍ അമ്പതോളം പാനീയനിര്‍മാണ ഫാക്ടറികള്‍ തുടങ്ങാനും മത്സരത്തില്‍ പെപ്സിയെ പിന്തള്ളാനും ചെറുകിട പാനീയകമ്പനികളെ വിഴുങ്ങി വീര്‍ക്കാനും കൊക്കകോളയ്ക്കു സാധിച്ചതിനുപിന്നില്‍ തരുണ്‍ദാസിന് കാര്യമായ പങ്കുണ്ട്. ഭൂഗര്‍ഭജലമൂറ്റുന്നതിന്റെപേരില്‍ കടുത്ത പ്രതിഷേധം ഉയരുമ്പോഴും കൊക്കകോളയെ പരിക്കേല്‍ക്കാതെ മുന്നോട്ടുപോകാന്‍ സഹായിച്ചത് തരുണ്‍ദാസിന് കേന്ദ്രഭരണത്തിലുള്ള സ്വാധീനമാണ്.

രാജസ്ഥാനിലെ കാലാധേരയിലെ കൊക്കകോള കമ്പനിക്ക് ഏറ്റവും ഫലപ്രദമായി വെള്ളം ഉപയോഗിച്ചതിന് 2005ല്‍ സിഐഐ "ജലവിഭവ പരിപാലന"ത്തിനുള്ള ദേശീയപുരസ്കാരം സമ്മാനിച്ചു. ഈ സമയം സിഐഐ മുഖ്യ രക്ഷാധികാരിയായിരുന്നു തരുണ്‍ദാസ്. പ്രദേശത്തെ വലിയൊരു നീര്‍ത്തടംതന്നെ ഇല്ലാതായതിനെതുടര്‍ന്നുണ്ടായ പ്രതിഷേധം ഭയന്ന് കമ്പനി അവിടെനിന്നു പിന്‍വാങ്ങാന്‍ ആലോചിക്കുന്നുവെന്നാതാണ് ദുരന്തസത്യം. പ്ലാച്ചിമട, മഹാരാഷ്ട്രയിലെ വാഡ, ഉത്തര്‍പ്രദേശിലെ മെഹ്ദിഗഞ്ച് എന്നിവിടങ്ങളില്‍ കുടിവെള്ളവും കൃഷിയും ഇല്ലാതാക്കി, ആയിരങ്ങളെ കണ്ണീരുകുടിപ്പിച്ച കമ്പനിക്കാണ് തരുണ്‍ദാസും കൂട്ടരും ഈ പുരസ്കാരം സമ്മാനിച്ചത്.

ഫാക്ടറികളിലെ മാലിന്യം അശാസ്ത്രീയമായി നദികളിലേക്കും മറ്റു ജലാശയങ്ങളിലേക്കും ഒഴുക്കി വലിയ അളവില്‍ ജലമലിനീകരണം നടത്തുന്നുവെന്ന പരാതിയും കൊക്കകോള ഫാക്ടറികള്‍ക്കെതിരെ ഉണ്ട്. ഇന്ത്യന്‍ വ്യവസായരംഗത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് കടന്നുവരാന്‍ സുഗമമായ വഴിയൊരുക്കിയതിനു പകരമായി ഇന്ത്യ- അമേരിക്ക ബിസിനസ് കൗണ്‍സിലും തരുണ്‍ദാസിനു പുരസ്കാരം സമ്മാനിച്ചിട്ടുണ്ട്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ക്കൊപ്പം പോകുന്ന വ്യവസായസംഘത്തില്‍ തരുണ്‍ദാസിന്റെ ഇഷ്ടക്കാര്‍ക്കായിരുന്നു പ്രാമുഖ്യം. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ വിത്തുപാകാനും തരുണ്‍ദാസ് മുന്‍കൈയെടുത്തു. എണ്‍പതുകളുടെ രണ്ടാംപകുതിയില്‍ തരുണ്‍ദാസും സിഐഐ അംഗങ്ങളായ രാഹുല്‍ ബജാജ്, രത്തന്‍ ടാറ്റ എന്നിവരുമായി ചേര്‍ന്ന് രാജീവ്ഗാന്ധിക്ക് നല്‍കിയ ഉപദേശങ്ങളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുത്തകകള്‍ക്കുതുറന്നിടുന്നതിലേക്കു നയിച്ചത്.
(ഇ സുദേഷ്)

കോര്‍പറേറ്റുകളുടെ ഇന്ത്യന്‍ സ്ഥാനപതി

കൊല്‍ക്കത്ത: കേരളത്തില്‍ ആസൂത്രണബോര്‍ഡ് അംഗമായി നിയുക്തനായ തരുണ്‍ദാസ് ആഗോള മൂലധന ശക്തികളുടെയും ഇന്ത്യന്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും ദല്ലാള്‍ . നാലുദശകമായി ഇന്ത്യന്‍ കോര്‍പറേറ്റ് ശക്തികളുടെ വിലപേശല്‍ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) നേതൃസ്ഥാനത്തുണ്ട്. ദീര്‍ഘകാലം സെക്രട്ടറി ജനറലായി. ഇപ്പോള്‍ മുഖ്യ രക്ഷാധികാരി. കോര്‍പറേറ്റുകള്‍ക്കും ഭരണാധികാരികള്‍ക്കുമിടയിലെ ദല്ലാളായി കഴിവുതെളിയിച്ച തരുണ്‍ദാസ് സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ശക്തനായ പ്രചാരകന്‍ കൂടിയാണ്. 2ജി സ്പെക്ട്രം കുംഭകോണത്തില്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി അടുത്ത ബന്ധമുള്ള തരുണ്‍ദാസ് കേന്ദ്ര മന്ത്രിമാരെ തീരുമാനിക്കുന്നതിലും ആഗോള മൂലധന ശക്തികളുടെ താല്‍പ്പര്യത്തിനായി ചരടുവലിച്ചു. സിബിഐ ചോര്‍ത്തിയ നീരറാഡിയയുടെ ടെലിഫോണ്‍ സംഭാഷണം തരുണ്‍ദാസിന്റെ തനിനിറം വൃക്തമാക്കുന്നു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ മന്ത്രിസഭാരൂപീകരണ ഘട്ടത്തില്‍ കമല്‍നാഥിനു വേണ്ടി വാദിച്ചത് താനാണെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ തരുണ്‍ദാസ് വെളിപ്പെടുത്തുന്നു. "വന്‍ സാധ്യതയുള്ള" ഉപരിതല ഗതാഗതമന്ത്രാലയം പ്രയോജനപ്പെടുത്താന്‍ കമല്‍നാഥിനറിയാമെന്നും രാജ്യസേവനത്തിനും പണമുണ്ടാക്കാനും കമല്‍നാഥിന് ഒരേപോലെ അവസരം ലഭിക്കുമെന്നും തരുണ്‍ദാസ് പറയുന്നു. ആനന്ദ് ശര്‍മയ്ക്ക് വാണിജ്യമന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നതുസംബന്ധിച്ച് നീര റാഡിയ പരാമര്‍ശിച്ചപ്പോള്‍ , അദ്ദേഹത്തെ അറിയാമെന്നും എന്നാല്‍ വളരെയടുത്ത പരിചയമില്ലെന്നും പറഞ്ഞ തരുണ്‍ദാസ് പുതിയ മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എ രാജയെ മന്ത്രിയാക്കുന്നതിനു വേണ്ടിയും തരുണ്‍ദാസ് സ്വാധീനം ചെലുത്തി. ആഗോള-ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാരുമായുള്ള തരുണ്‍ദാസിന്റെ ബന്ധം റാഡിയടേപ്പ് പുറത്തുവരുന്നതിനു മുമ്പേ വ്യക്തമാണ്. എന്നാല്‍ , കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ എത്രമാത്രം ആഴത്തില്‍ ഇടപെടുന്നുവെന്ന് ഈ ടെലിഫോണ്‍ സംഭാഷണം വെളിപ്പെടുത്തി.

കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തശേഷം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയ തരുണ്‍ദാസ് വ്യവസായമേഖലയിലെ നയ രൂപീകരണത്തില്‍ നരസിംഹറാവുവിന്റെ കാലംമുതല്‍ ഇടപെടുന്നു. പശ്ചിമബംഗാളിലെ ഹല്‍ദിയ പെട്രോ കെമിക്കല്‍സില്‍ ചെയര്‍മാനായി തരുണ്‍ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 43 ശതമാനം മാത്രം ഓഹരിയുള്ള ഹല്‍ദിയ പെട്രോ കെമിക്കല്‍സില്‍ സ്വകാര്യമേഖലയുടെ നോമിനിയായാണ് തരുണ്‍ദാസ് ചെയര്‍മാന്‍ സ്ഥാനം നേടിയത്. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തരുണ്‍ദാസിന്റെ സേവനം തേടിയിട്ടില്ല. അസോസിയേറ്റ് സിമന്റ് കമ്പനീസ് ലിമിറ്റഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
(വി ജയിന്‍)

deshabhimani 140811

1 comment:

  1. രാജ്യത്ത് മികച്ച വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും വഴി വികസനത്തില്‍ നിര്‍ണായകപങ്കുവഹിക്കേണ്ട കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഐഐ) മേധാവി അതേസമയം ആഗോളകുത്തകയായ കൊക്കകോളയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചത് കടുത്ത അനീതി. യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണബോര്‍ഡ് അംഗമായി നിയമിച്ച തരുണ്‍ദാസിന്റെ അവിഹിത ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു.

    ReplyDelete