Sunday, August 21, 2011

ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു

കാസര്‍കോട്: ഗ്രൂപ്പ് പോര് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി പരിച്ചുവിട്ടു. സംഘടനാപരമായി ഗുരുതര വീഴ്ചവരുത്തി എന്ന് ബോധ്യമായതിനാല്‍ എം നാരായണഭട്ട് അധ്യക്ഷനായ ജില്ലാ കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്തെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ജില്ലാ നേതാക്കള്‍ സംസ്ഥാന - ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാതെ ജില്ലാ കമ്മിറ്റി പിരിച്ച് വിട്ടത് കെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് പരക്കേ ആഷേപമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ കനത്ത പരാജയത്തെതുടര്‍ന്നാണ് ബിജെപി കലഹം രൂക്ഷമായത്. തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതും തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്കിനെ ചൊല്ലിയും ഇരു വിഭാഗങ്ങള്‍ തമ്മില്‍ കലഹം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം രണ്ട് മണ്ഡലം കമ്മിറ്റികളിലും കണക്ക് അവതരിപ്പിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് ജില്ലയിലെ നേതാക്കള്‍ സംസ്ഥാന - ദേശീയ നേതൃത്വത്തിന് പാരതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഈ മണ്ഡലങ്ങളിലെത്തിയ ലക്ഷക്കണക്കിന് രൂപ ആര് കൈക്കലാക്കിയെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കും ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

കെ സുരേന്ദ്രനെതിരെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന പ്രസിഡന്റ് നിയോഗിച്ച രണ്ടംഗസംഘം ജില്ലയിലെത്തി തെളിവെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ പരാതി. സുരേന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്ന ജില്ലാജനറല്‍ സെക്രട്ടറിയും ജില്ലയിലെ ബിജെപിയില്‍ വിഭാഗീയത ഉണ്ടാക്കുകയാണെന്നും ഇത് പാര്‍ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. പല നേതാക്കളും പ്രവര്‍ത്തന രംഗത്ത്നിന്ന് മാറി നില്‍ക്കാന്‍ ഇവരുടെ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെന്നും പറയുന്നു.

അതേസമയം സംസ്ഥാനസെക്രട്ടറി ശിവന്‍കുട്ടിയും സംസ്ഥാനസമിതി അംഗം അരവിന്ദാക്ഷനും നടത്തിയ തെളിവെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് അഴിമതിയുടെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നാലു ലക്ഷം രൂപ കാണുന്നില്ലെന്ന വിവരമാണ് കിട്ടിയത്. ഇത് ചിലര്‍ വീതിച്ച് എടുത്തുവെന്നാണ് തെളിവ് നല്‍കാന്‍ എത്തിയവര്‍ പറഞ്ഞത്. അതോടൊപ്പം മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചതിന്റെ തെളിവും കമീഷനു മുമ്പാകെ നല്‍കിയതായും സൂചനയുണ്ട്. പ്രമുഖ നേതാവ് മണ്ഡലത്തിലെ പ്രബല സമുദായ നേതാക്കളോട് സുരേന്ദ്രനെ തോല്‍പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അതിനുശേഷം അവര്‍ നടത്തിയ ടെലിഫോണ്‍ വിളിയുടെ രേഖകളും കമീഷന്റെ മുമ്പാകെ ഹാജരാക്കി. മുപ്പതോളം പേരാണ് രണ്ട് ദിവസമായി തെളിവ് നല്‍കിയത്. കമീഷന്‍ വിളിപ്പിച്ചവര്‍ മാത്രമാണ് ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഇതില്‍ സുരേന്ദ്രനെ പിന്തുണക്കുന്നവരാണ് ഭുരിപക്ഷവും. വോട്ട് മറിക്കാന്‍ യുഡിഎഫില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം കഴിഞ്ഞ ആഴ്ച ചേര്‍ന്ന ആര്‍എസ്എസ് ബൈഠെക്കിലും ബിജെപി നേതാവ് ഉന്നയിച്ചിരുന്നു.

deshabhimani news

1 comment:

  1. ഗ്രൂപ്പ് പോര് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി പരിച്ചുവിട്ടു. സംഘടനാപരമായി ഗുരുതര വീഴ്ചവരുത്തി എന്ന് ബോധ്യമായതിനാല്‍ എം നാരായണഭട്ട് അധ്യക്ഷനായ ജില്ലാ കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്തെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്.

    ReplyDelete