Friday, August 19, 2011

മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്ത്രീ സൗഹൃദ ഗ്രാമമാകുന്നു

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യത്തെ സ്ത്രീ സൗഹൃദഗ്രാമമാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവര്‍ക്കു സുരക്ഷിതമായ ഇടം ഒരുക്കുന്നതിനാണ് പദ്ധതിയെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി 20ന് പകല്‍ 2.30ന് കാട്ടൂര്‍ ഹോളി ഫാമിലി എച്ച്എസ്എസില്‍ മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഏഴുമാസം നീണ്ട പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതിക്കു രൂപംനല്‍കിയതെന്നു ഐസക് പറഞ്ഞു.
പഞ്ചായത്തിലെ സ്കൂളുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി കുടുംബങ്ങളിലും ബോധവല്‍ക്കരണവും സംഘടിപ്പിക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ സ്കൂളുകളില്‍ അങ്കണവാടി മുതല്‍ പ്ലസ് ടു വരെ 7262 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കുട്ടികള്‍ക്ക് തെറ്റും ശരിയും ചതിക്കുഴികളും തിരിച്ചറിയുന്നതിന് സ്കൂളുകളില്‍ ആരോഗ്യവകുപ്പ് വിദഗ്ധരുടെ പ്രത്യേകപരിശീലനം സംഘടിപ്പിക്കും. കായികപരിശീലനത്തിന്റെ ഭാഗമായി മുഴുവന്‍ കുട്ടികള്‍ക്കും എയ്റോബിക്സ് പരിശീലിപ്പിക്കും. കുട്ടികളുടെ ആരോഗ്യനില കണ്ടെത്തി ആരോഗ്യപരിരക്ഷ ഉറപ്പാക്കും. കായികക്ഷമതയും മനകരുത്തും ഉറപ്പുവരുത്തുന്നതിന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 600 പെണ്‍കുട്ടികള്‍ക്ക് തൈക്വോണ്‍ഡോ പരിശീലനവും നല്‍കും. വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ ക്ലാസുകളുണ്ടാകും. സ്കൂളുകളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കുട്ടികള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് സുരക്ഷാപെട്ടിയും സ്ഥാപിക്കും. പഞ്ചായത്ത് വിദ്യാഭ്യാസകമ്മിറ്റി എല്ലാ മാസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മാസത്തില്‍ ഒരിക്കല്‍ ആരോഗ്യപരിശോധനയും നടത്തും. മെഡിക്കല്‍ കോളേജുകളിലെയും എസ്എസ്എ, കുടുംബശ്രീ സംസ്ഥാനമിഷന്റെയും വിദഗ്ധര്‍ അടങ്ങുന്ന സംഘം പരിശീലനം നല്‍കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയും പദ്ധതി നടപ്പാക്കും. ഇതിനായി 600 കുടുംബശ്രീ വിദ്യാഭ്യാസവളണ്ടിയര്‍മാരെ പരിശീലിപ്പിക്കും.

25കുടുംബങ്ങള്‍ വീതമുള്ള ചെറുഗ്രൂപ്പുകളായി 15000 കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ എന്‍ പി സ്നേഹജന്‍ , വൈസ് പ്രസിഡന്റ് ഷീല സുരേഷ് എന്നിവര്‍ പറഞ്ഞു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഗത സമിതികളും രൂപീകരിക്കും. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് സമിതിക്ക് പരാതി നല്‍കാം. വനിത കമ്മീഷന്റെ ജാഗ്രത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനു പുറമെ കുടുംബശ്രീ ജന്റര്‍ റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനവും തുടങ്ങും. രക്ഷാകര്‍ത്താക്കള്‍ക്കുള്ള കൗണ്‍സിലിങ് സെന്ററും പഞ്ചായത്തില്‍ സ്ഥാപിക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന, പി വി സത്യനേശന്‍ , ആനന്ദന്‍ , യു സുരേഷ്കുമാര്‍ , ഇന്ദിര തിലകന്‍ , ചെമ്പകക്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 190811

1 comment:

  1. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യത്തെ സ്ത്രീ സൗഹൃദഗ്രാമമാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവര്‍ക്കു സുരക്ഷിതമായ ഇടം ഒരുക്കുന്നതിനാണ് പദ്ധതിയെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി 20ന് പകല്‍ 2.30ന് കാട്ടൂര്‍ ഹോളി ഫാമിലി എച്ച്എസ്എസില്‍ മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഏഴുമാസം നീണ്ട പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതിക്കു രൂപംനല്‍കിയതെന്നു ഐസക് പറഞ്ഞു.

    ReplyDelete