Sunday, August 14, 2011

അഴിമതിക്കെതിരെ നാളെ സേവ് ഇന്ത്യാ റാലി

സ്വാതന്ത്ര്യദിനത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സേവ് ഇന്ത്യാ റാലി സംഘടിപ്പിക്കും. അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി. റാലി വന്‍വിജയമാക്കുന്നതിനുള്ള ഒരുക്കം പൂര്‍ത്തിയായി. പരിപാടിയുടെ പ്രചാരണാര്‍ഥം എല്ലാ ജില്ലയിലും ആയിരങ്ങള്‍ പങ്കെടുത്ത ജാഥ പര്യടനം നടത്തി. സംസ്ഥാനത്താകെ അഞ്ചുലക്ഷം യുവതീയുവാക്കള്‍ റാലിയില്‍ പങ്കെടുക്കും. ഇന്ത്യയെ അഴിമതിയില്‍നിന്നും കള്ളപ്പണത്തില്‍നിന്നും രക്ഷിക്കാനുള്ള സമരത്തില്‍ അണിചേരാനും രാജ്യത്തെ രക്ഷിക്കുമെന്നും യുവാക്കള്‍ പ്രതിജ്ഞയെടുക്കും. മലപ്പുറത്ത് രാവിലെ 10നും മറ്റു ജില്ലകളില്‍ വൈകിട്ട് നാലിനുമാണ് റാലി.

ജില്ലകളില്‍ റാലി ഉദ്ഘാടനംചെയ്യുന്നവര്‍ : പാലക്കാട്- വി എസ് അച്യുതാനന്ദന്‍ , കണ്ണൂര്‍ - പിണറായി വിജയന്‍ , കോഴിക്കോട്, മലപ്പുറം- എസ് രാമചന്ദ്രന്‍പിള്ള, തിരുവനന്തപുരം- കോടിയേരി ബാലകൃഷ്ണന്‍ , കൊല്ലം- ഹനന്‍മുള്ള, കാസര്‍കോട്- പി ശ്രീരാമകൃഷ്ണന്‍ , വയനാട്- ഇ പി ജയരാജന്‍ , തൃശൂര്‍ - പി കെ ശ്രീമതി, എറണാകുളം- എം ബി രാജേഷ്, കോട്ടയം- എ വിജയരാഘവന്‍ , ആലപ്പുഴ- ടി എം തോമസ് ഐസക്, ഡിവൈഎഫ്ഐ ത്രിപുര സംസ്ഥാന സെക്രട്ടറി അമല്‍ ചക്രവര്‍ത്തി പങ്കെടുക്കും. ഇടുക്കി- ടി വി രാജേഷ്, പത്തനംതിട്ട- ആനത്തലവട്ടം ആനന്ദന്‍ .

സ്വാതന്ത്ര്യദിനത്തില്‍ എഐവൈഎഫ് രാജ്യരക്ഷാമാര്‍ച്ച്

"രാജ്യം അരാജകത്വത്തില്‍ , യുവത്വം പ്രക്ഷോഭത്തിലേക്ക്" എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ രാജ്യരക്ഷാമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാനസെക്രട്ടറി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നയം സര്‍ക്കാര്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണെന്ന് രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം മന്ത്രിമാരും ആരോപണവിധേയരാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. വഴിവിട്ട് നിയമനം നടത്തിയ കെ എസ് രാധാകൃഷ്ണനെ പിഎസ്സി മേധാവിയായി നിയമിക്കുന്നത് കേരളത്തിന് അപമാനമാണെന്നും തരുണ്‍ദാസിനെ പ്ലാനിങ് ബോര്‍ഡ് അംഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി കാലടി ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 140811

1 comment:

  1. സ്വാതന്ത്ര്യദിനത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സേവ് ഇന്ത്യാ റാലി സംഘടിപ്പിക്കും. അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി.

    ReplyDelete