ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ തിലകക്കുറിയാകുമെന്ന് പ്രതീക്ഷിച്ച് പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരത്തെ ബ്രഹ്മോസ് മിസൈല്‍ വികസനകേന്ദ്രം ഇരുട്ടില്‍ തപ്പുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ശബ്ദാതിവേഗ ക്രൂസ് മിസൈല്‍ നിര്‍മാണത്തിനായി ആരംഭിച്ച ബ്രഹ്മോസ് പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് തകര്‍ച്ചയെ നേരിടുകയാണ്.
പിറവിയെടുത്ത് മൂന്നരവര്‍ഷക്കാലം പിന്നിട്ടെങ്കിലും ഐ എസ് ആര് ഒയ്ക്കും ഹൈദരാബാദിലെ മാതൃസ്ഥാപനങ്ങളില്‍ ഒന്നായ ബ്രഹ്മോസ് ഹൈദരാബാദിനും ആവശ്യമായ ഏതാനും ഘടകങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് മാത്രമായി തിരുവനന്തപുരത്തെ സ്ഥാപനം ഒതുങ്ങി. പ്രതിരോധ വകുപ്പിനു കീഴിലുള്ള സ്ഥാപനമാക്കി മാറ്റുമെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ സ്ഥാപനമോ പൊതുമേഖലാ സ്ഥാപനമോ അല്ല എന്നു വ്യക്തമായിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ബ്രഹ്മോസിന്റെ ഉദ്ഘാടന ഘട്ടത്തില്‍ ഭാരത സര്‍ക്കാര്‍ സ്ഥാപനം, പ്രതിരോധ വകുപ്പ് തുടങ്ങിയവ രേഖപ്പെടുത്തിയ വലിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കൂടാതെ പ്രതിരോധ സ്ഥാപനങ്ങളുടെ സുരക്ഷാ വിഭാഗമായ ഡിഫന്‍സ് സെക്യൂരിറ്റി കോറിനെയും ഇവിടെ വിന്യസിച്ചു. ക്രമേണ ബോര്‍ഡില്‍ നിന്ന് `ഭാരതസക്കാര് സ്ഥാപനം, പ്രതിരോധവകുപ്പ്' എന്നിവ നീക്കം ചെയ്തു. സുരക്ഷാ സംവിധാനങ്ങളും പിന്‍വലിച്ചു. ബ്രഹ്മോസിന്റെ തിരുവനന്തപുരം കേന്ദ്രമായിട്ടല്ലാതെ ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയായിട്ടാണ് ഇപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം. അതിനാല്‍ത്തന്നെ മറ്റു ബ്രഹ്മോസ് യൂണിറ്റുകളിലെ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിന് തിരുവനന്തപുരം കേന്ദ്രം ബാങ്ക് ഗ്യാരന്റി നല്‍കേണ്ട അവസ്ഥയിലുമാണ്. സ്വകാര്യസ്ഥാപനത്തിന് സമാനമായ രീതിയിലാണ് ഇന്ന് ബ്രഹ്മോസിന്റെ പ്രവര്‍ത്തനം.
1992ല്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച പൊതുമേഖലാ സ്ഥാപനമായ കെല്‍ടെക്കാണ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് ബ്രഹ്മോസ് മിസൈല്‍ വികസന കേന്ദ്രമാക്കി മാറ്റിയത്. ഐ എസ് ആര് ഒ, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി ആര് ഡി ഒ) തുടങ്ങിയവര്‍ക്ക് ആവശ്യമായ പ്രതിരോധ ബഹിരാകാശ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്ന കെല്‍ടെക്കിനെ 2007 മാര്‍ച്ച് 22ന് പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡി ആര് ഡി ഒയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. എന്നാല്‍ ഡി ആര് ഡി ഒ ഗവേഷണ സ്ഥാപനമാണെന്നും ഉല്‍പ്പാദന കേന്ദ്രമായി ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ലെന്നും അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് കെല്‍ടെക്കിനെ ഡി ആര് ഡി ഒയ്ക്ക് കൈമാറുന്ന സര്‍ക്കാര്‍ ഉത്തരവില്‍ 2007 ഒക്ടോബര്‍ 11ന് ഭേദഗതി വരുത്തി. ഡി ആര് ഡി ഒയ്ക്ക് കീഴില്‍ തന്നെയുള്ള ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭം ബ്രഹ്മോസ് ഏറോ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പിന്നീട് കെല്‍ടെക്കിനെ കൈമാറിയത്. തൊഴിലാളികളുകളും ഭൂമിയും ഉള്‍പ്പെടെ കെല്ടെക്കിന് ഒരു രൂപ മൂല്യം നിര്‍ണയിച്ചായിരുന്നു കൈമാറ്റം. എന്തെങ്കിലും കാരണവശാല്‍ കരാറില്‍ തുടരാനാവാത്തപക്ഷം കേരള സര്‍ക്കാരിനെ സ്ഥാപനം തിരിച്ചേല്‍പ്പിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. പൊതുമേഖലയില്‍ കേന്ദ്ര നിക്ഷേപം കുറവായ കേരളത്തില്‍ ഈ യൂണിറ്റിലൂടെ തുടക്കത്തില്‍ തന്നെ 125 കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന് ഉദ്ഘാടനവേളയില്‍ പതിരോധമന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 100 കോടി ബ്രഹ്മോസും 25 കോടി ഐ എസ് ആര് ഒയും മുടക്കും. അഞ്ചുവര്‍ഷത്തിനകം നിക്ഷേപം ആയിരംകോടിയായി വര്‍ധിക്കുമെന്നും സംസ്ഥാനത്തെ നിലവിലുള്ള വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വരുമാനവും പുതിയ നിരവധി വ്യവസായങ്ങള്കക്കുള്ള സാധ്യതകളും ഇതുവഴി ഉണ്ടാകുമെന്നും ആന്റണി പറഞ്ഞിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൈമാറിയ കെല്‍ടെക്കിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ഉദ്ഘാടന വേദിയില്‍ ആന്റണി പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഘട്ടത്തിനായി ബ്രഹ്മോസ് പ്രഖ്യാപിച്ച 100 കോടിയില്‍ 25 കോടി രൂപ യന്ത്രസാമഗ്രികള്ക്കായിരുന്നു. ഈ തുക ഇനിയും ലഭ്യമാക്കിയിട്ടില്ല. പ്ലാന്റ് സ്ഥാപിക്കാനായി 50 കോടി രൂപ അനുവദിച്ചെങ്കിലും ബാങ്ക് നിക്ഷേപമായി തുടരുന്നു. ഹൈദരാബാദ് ബ്രഹ്മോസിന് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡറിന് ഗോദ്റേജ്, എല്‍ ആന്റ് ടി ഉള്‍പ്പെടെയുള്ള സ്വാകാര്യ കമ്പനികളോട് മത്സരിക്കുകയാണ് തിരുവനന്തപുരം ബ്രഹ്മോസ്. നാലുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തനലാഭം കൈവരിച്ചു നില്‍ക്കുമ്പോഴാണ് കെല്‍ടെക്കിനെ ബ്രഹ്മോസിനു കൈമാറിയത്. അന്ന് ഒരു രൂപ മൂല്യത്തിന് കൈമാറ്റം നടക്കുമ്പോള്‍ കെല്‍ടെക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന ഏഴു കോടി രൂപയും ബ്രഹ്മോസിന് ലഭിച്ചു.
ബ്രഹ്മോസിന്റെ രണ്ടാം ഘട്ട വികസനത്തിന് വ്യോമസേനയുടെ കൈവശമുള്ള ഏഴര ഏക്കര്‍ ഭൂമി ആവശ്യമാണ്. ഇതിന് പകരം ഭൂമി വ്യോമസേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്ന ആവശ്യം ഉപാധികളൊന്നുമില്ലാതെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഭൂമിയുടെ മൂല്യം കണക്കാക്കി തുല്യമൂല്യമുള്ള ഭൂമി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടും ഇത് സ്വീകരിക്കാന്‍ വ്യോമസേനാ വിഭാഗം തയ്യാറാകുന്നില്ല. ബ്രഹ്മോസിനായി ഭൂമി വിട്ട് നല്‍കുന്നതിന് തടയാന്‍ വ്യേമസേനയിലെ ചില തല്പരകക്ഷികള് ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് തുരങ്കം വെയ്ക്കുന്നതിന് അന്യ സംസ്ഥാനം കേന്ദ്രീകരിച്ചുള്ള ലോബികളും ശ്രമിക്കുന്നതായി സൂചനയുണ്ട്. ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കേന്ദ്ര പ്രതിരോധമന്ത്രാലയം ഈ സ്ഥാപനത്തെ വിസമരിച്ചമട്ടാണ്.
janayugom 140811
ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ തിലകക്കുറിയാകുമെന്ന് പ്രതീക്ഷിച്ച് പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരത്തെ ബ്രഹ്മോസ് മിസൈല്‍ വികസനകേന്ദ്രം ഇരുട്ടില്‍ തപ്പുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ശബ്ദാതിവേഗ ക്രൂസ് മിസൈല്‍ നിര്‍മാണത്തിനായി ആരംഭിച്ച ബ്രഹ്മോസ് പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് തകര്‍ച്ചയെ നേരിടുകയാണ്.
ReplyDelete