Monday, August 22, 2011

അക്രമത്തിന് കോണ്‍ഗ്രസ് നേതാവും

കൊട്ടേക്കാട് പള്ളിയില്‍ സംഘര്‍ഷം

തൃശൂര്‍ : തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള കൊട്ടേക്കാട് സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ വികാരിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ പരിക്കേറ്റ് നാലുപേര്‍ തൃശൂര്‍ ദയ ആശുപത്രിയിലും ആറുപേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജാശുപത്രിയിലും ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ പള്ളിയിലെ കുര്‍ബാനക്കിടെയാണ് വിശ്വാസികള്‍ ഏറ്റുമുട്ടിയത്. പള്ളി വികാരി ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ പ്രകോപനപരമായ കുര്‍ബാനപ്രസംഗമാണ് സംഘര്‍ഷത്തിനു വഴിയൊരുക്കിയത്. വികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ ഇടവകയിലെ 700 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം അതിരൂപതാ അധികൃതര്‍ക്കു നല്‍കുകയും നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. ഇടവകസംരക്ഷണ സമിതിക്കാരായ അവര്‍ നിരീശ്വരവാദികളാണെന്നാണ് വികാരി പറഞ്ഞത്. ഇത് ഇടവകാംഗങ്ങള്‍ ചോദ്യം ചെയ്തു. ഈ സമയത്ത് കോലഴി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ലോനപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ഇടവകസംരക്ഷണസമിതിക്കാരെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായി. ഇതിനിടെ കുര്‍ബാന പൂര്‍ത്തിയാക്കാതെ സ്ഥാനവേഷങ്ങള്‍ അള്‍ത്താരയില്‍ ഊരിവച്ച് വികാരി സ്ഥലം വിട്ടു. നൂറുകണക്കിന് വിശ്വാസികള്‍ നോക്കിനില്‍ക്കെയായിരുന്നു ഏറ്റുമുട്ടല്‍ .

സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇടവക സംരക്ഷണ സമിതി പ്രവര്‍ത്തകരായ ആന്റോ തറയില്‍ , റാഫി ആലപ്പാട്ട്, റപ്പായി പുത്തൂക്കര, തോമസ് ഇമ്മട്ടി എന്നിവരെ ദയ ആശുപത്രിയിലും ഇവരെ ആക്രമിച്ച ആറുപേരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. വികാരിയെ മാറ്റുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് 19ന് തൃശൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 21വരെ ഇരുവിഭാഗവും പ്രകോപനപരമായ സംസാരമോ പ്രവൃത്തിയോ ഉണ്ടാവില്ലെന്ന ഉറപ്പുലംഘിച്ചാണ് ഞായറാഴ്ച ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ കുര്‍ബാന പ്രസംഗം. സംഭവത്തെത്തുടര്‍ന്ന് വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. പള്ളിയില്‍ വിശ്വാസികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ പ്രതിഷേധിച്ചു. വികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുകയാണെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോയ്പോള്‍ പുതുശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി കെ ജോയ്, ആന്റണി ചിറ്റാട്ടുകര, ആന്റോ കോക്കാട്ട്, സി സി ജോസ്, രാജന്‍ സി എ, പോള്‍സണ്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു.

ശോഭായാത്രക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു

നാദാപുരം: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് നരിപ്പറ്റ റോഡിലും ചേലക്കാട്ട് കുളങ്ങരത്തും സംഘര്‍ഷം. കുളങ്ങരത്ത് ഒരു ബസ് എറിഞ്ഞുതകര്‍ത്തു. നിരവധി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പൊലീസ്ജീപ്പിന് നേരെയും കല്ലേറ് നടന്നു. കല്ലേറിലും മര്‍ദനത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. റൂറല്‍ എസ്പിയടക്കമുള്ള ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മേഖലയിലെ കടകള്‍ പൊലീസെത്തി അടപ്പിച്ചു. കുറ്റ്യാടിയില്‍ ശോഭായാത്രക്കിടയിലേക്ക് വാഹനം കയറ്റി എന്ന പ്രചാരണത്തെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമം വാഹങ്ങള്‍ക്കുനേരെയുമുണ്ടായി. ഇതില്‍ ഏതാനും സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ചേലക്കാട്ടും കുളങ്ങരത്തും ആളുകള്‍ സംഘടിച്ച് ഇരുപക്ഷത്തും വന്‍ പ്രചാരണങ്ങള്‍ നടത്തിയത് സംഘര്‍ഷത്തിന് ആക്കംകൂട്ടി. കോഴിക്കോട്ടുനിന്ന് പ്രസവിച്ച സ്ത്രീയെയുംകൊണ്ട് വാണിമേലിലേക്ക് വരികയായിരുന്ന കാര്‍ കക്കട്ടില്‍വെച്ച് എറിഞ്ഞുതകര്‍ത്തു. പൊലീസാണ് ഇവരെ രക്ഷപ്പെടുത്തി വിട്ടിലെത്തിച്ചത്.

കല്ലാച്ചി ദ്രോണാചാര്യ പാരലല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിനോദനെ ചേലക്കാട് തടഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതിയുണ്ട്. കാര്‍ തകര്‍ക്കുകയും ചെയ്തു. ഇയാളെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വടകരക്ക് മാറ്റി. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഘോഷയാത്ര കുറ്റ്യാടി കുഞ്ഞിമഠം ക്ഷേത്രത്തില്‍ സമാപിച്ചതിനുശേഷം തിരിച്ചുവരികയായിരുന്ന ഊരത്ത് സ്വദേശികളായ നരിത്തൂക്കംചാല്‍ നിധിന്‍ (18), നിഖില്‍ (18), നിമിന്‍ (15) എന്നിവരെ തൊട്ടില്‍പാലം റോഡില്‍ ഒരു സംഘം എന്‍ഡിഎഫുകാര്‍ മര്‍ദിച്ചു. ഇവരെ സാരമായ പരിക്കുകളോടെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുളങ്ങരതാഴ വെച്ച് ലീഗ്-എന്‍ഡിഎഫ് സംഘം വാഹനം തടയുകയായിരുന്നു. കക്കട്ട്-നരിപ്പറ്റ റോഡില്‍ ആര്‍എസ്എസുകാരും വാഹനം തടഞ്ഞു. കുറ്റ്യാടിയില്‍ എഎസ്പി വിമലാദിത്യയുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ്കാവലുണ്ട്. ആര്‍ഡിഒ കെ രാജന്‍ , വടകര തഹസില്‍ദാര്‍ ജനല്‍കുമാര്‍ എന്നിവര്‍ കുറ്റ്യാടിയില്‍ ക്യാമ്പ് ചെയ്യുന്നു.

ചേലക്കാട്ട് എന്‍ഡിഎഫ് സംഘം സ്വകാര്യബസ് ആക്രമിച്ചു

നാദാപുരം: ചേലക്കാട് ടൗണില്‍ മുസ്ലിംലീഗ്-എന്‍ഡിഎഫ് സംഘം സ്വകാര്യബസ് ആക്രമിച്ചു തകര്‍ത്തു. കല്ലേറില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. പത്തോളം പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് ഗുരുവായൂരില്‍നിന്നും കൈവേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ എല്‍ 46 ബി 369 നമ്പര്‍ ഗുഡ്വേ ബസ് ചേലക്കാട്ട് അങ്ങാടിയില്‍ തടഞ്ഞുവച്ച് ആക്രമിച്ചത്. ഡ്രൈവര്‍ കുന്നംകുളം സ്വദേശി ചക്കിയത്ത് സുനി (27), കണ്ടക്ടര്‍ കുന്നംകുളം കുണ്ടുരുത്തി സുനീഷ് (28), യാത്രക്കാരായ വളയം കുയ്തേരി സ്വദേശി സനീഷ്, കൈവേലി തെങ്ങുംതോട്ടത്തില്‍ അനന്തന്‍ (49), തലപ്പൊയില്‍ ലിതേഷ് (22)ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് സാരമായി പരിക്കേറ്റു.

അക്രമിസംഘം തീപ്പന്തവുമായി എത്തി ബസ് കത്തിക്കാനാണ് ശ്രമിച്ചത്. യാത്രക്കാര്‍ ബസ്സിനകത്ത് കിടന്നാണ് രക്ഷനേടിയത്. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്തത്. ബസ് പൂര്‍ണമായും തകര്‍ന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ പൊലീസ് ജീപ്പും എറിഞ്ഞ് തകര്‍ത്തു. ഒമ്പതു മണിയോടെ ചേലക്കാട്ട് ബൈക്ക് തടഞ്ഞുനിര്‍ത്തി രതീഷ് എന്ന യുവാവിനെ ആക്രമിച്ചു. ബൈക്ക് പൂര്‍ണമായി തകര്‍ത്തു. കഴിഞ്ഞ ദിവസം കല്ലാച്ചി സ്കൂളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വടകരയില്‍നിന്നും കക്കട്ട് ഭാഗത്തേക്ക് വരുന്ന വിദ്യാര്‍ഥികളെ ബസ്സില്‍നിന്നിറക്കി മര്‍ദിച്ചിരുന്നു. ഐഎച്ച്ആര്‍ഡി കോളേജിന്റെ യൂണിഫോം നോക്കിയാണ് പേരുചോദിച്ച് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. നരിപ്പറ്റ റോഡില്‍ കുളങ്ങരത്ത് ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ യാത്രക്കാരെ രാത്രി ഏഴോടെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ആശുപത്രിയില്‍നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിന് നേരെയും അക്രമമുണ്ടായി. ഇതിന് പ്രതികാരമായാണ് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ചേലക്കാട്ട് ബസ് തടഞ്ഞുനിര്‍ത്തി ഭീകരാവസ്ഥ സൃഷ്ടിച്ചത്.

തട്ടോളിക്കരയില്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു

ഒഞ്ചിയം: തട്ടോളിക്കരയില്‍ സിപിഐ എം പ്രവര്‍ത്തകരെ പാര്‍ടിവിരുദ്ധ സംഘം ആക്രമിച്ചു. എ കെ ജി വായനശാലയുടെ വരാന്തയില്‍ ഇരിക്കുകയായിരുന്ന സനൂപ്, ഷൈനോജ്, മിഥുന്‍ എന്നിവരെയാണ് ആക്രമിച്ചത്. പി കെ പ്രമോദ്, വി കെ വിശ്വന്‍ , പറങ്കി പ്രമോദ്, ടി എം സജീവന്‍ , എം കെ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാര്‍ടി വിരുദ്ധ സംഘമാണ് അക്രമിച്ചത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന് നേരെയും അക്രമമുണ്ടായി. എടച്ചേരി പൊലീസ് കേസെടുത്തു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

നെടുമങ്ങാട്: മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് അക്രമിസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഡിവൈഎഫ്ഐ വാണ്ട യൂണിറ്റ് കമ്മിറ്റി അംഗം പനച്ചമൂട് കൊല്ലിയക്കോണം സ്വദേശി വിനീഷി (22) നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30ന് പനച്ചമൂട് കൊല്ലിയക്കോണത്തായിരുന്നു ആക്രമണം. പണികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ വിനീഷിനെ വീടിനുസമീപത്തെ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസുകാരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികളുമായ മേലാംകോട് സ്വദേശി ശംഭു, ശ്രീജിത്ത്, പനച്ചമൂട് സ്വദേശി പ്രശാന്ത്, പ്രവീണ്‍ , ബിജു (കുട്ടന്‍), മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. പുല്ലൂര്‍ എടമുണ്ടയിലെ മധുരമ്പാടി ബിജുവിന്റെ കെ എല്‍ 14 9045 നമ്പര്‍ പള്‍സര്‍ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്്. അയല്‍ക്കാരന്റെ വീട്ടുമുറ്റത്താണ് പതിവായി ബൈക്ക് നിര്‍ത്തിയിടുന്നത്. ഇവിടെ നിന്ന് തള്ളിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ചാണ് തീയിട്ടത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന എടമുണ്ടയില്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് തീവയ്പ്പിന് പിന്നിലെന്ന് സിപിഐ എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി എം വി നാരായണന്‍ പറഞ്ഞു. ബിജെപി കേന്ദ്രങ്ങളില്‍ ഇതര രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിലുള്ള നിരാശയാണ് തീവയ്പ്പിന് പിന്നിലെന്ന സംശയം ശക്തമായ സാഹചര്യത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. അമ്പലത്തറ പൊലീസ് കേസെടുത്തു.

അക്രമത്തില്‍നിന്ന് ലീഗ് പിന്തിരിയണം: സിപിഐ എം

കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ ബേവൂരിയില്‍ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ നിസാര പ്രശ്നം ഏറ്റെടുത്ത് മുസ്ലിംലീഗും എന്‍ഡിഎഫും ചേര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും തകര്‍ത്ത സംഭവത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രതിഷേധിച്ചു. ഉദുമ ബേവൂരിയില്‍ ഒരു പാര്‍ടിയെ പോലെ പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗും എന്‍ഡിഎഫും ചെറുപ്പക്കാരുടെ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് ആക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ സൈ്വര്യ ജീവിതവും സമാധാനവും നിലനിര്‍ത്തുന്നതിന് സിപിഐ എം പ്രകടിപ്പിക്കുന്ന ആത്മസംയമനം തെറ്റായി വ്യാഖ്യാനിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം തുടരുകയാണെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ക്ക് എന്‍ഡിഎഫും മുസ്ലിംലീഗും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളും പരിക്കേറ്റ പ്രവര്‍ത്തകരേയും ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ , ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ആര്‍എസ്എസ് ആക്രമണം: പ്രതിഷേധയോഗം ഇന്ന്

ചാരുംമൂട്: നൂറനാട്ട് ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റി തിങ്കളാഴ്ച പ്രതിഷേധപ്രകടനവും യോഗവും നടത്തും. വൈകിട്ട് അഞ്ചിന് പാലമേല്‍ തെക്ക് മേഖലയില്‍നിന്നുള്ളവര്‍ സിപിഐ എം കാവുംപാട് ഓഫീസിനുമുന്നിലും പാലമേല്‍ വടക്ക് മേഖലയിലുള്ളവര്‍ പാറ ജങ്ഷന് വടക്ക് എസ്എന്‍ഡിപി മന്ദിരത്തിനുമുന്നിലും ഏരിയയിലെ മറ്റ് മേഖലയിലുള്ളവര്‍ പാറ ജങ്ഷനിലും കേന്ദ്രീകരിക്കും. സംയുക്ത പ്രകടനം പാറ ജങ്ഷനില്‍ സമാപിക്കും. സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എച്ച് സലാം ഉദ്ഘാടനം ചെയ്യും. പ്രകടനവും സമ്മേളനവും വിജയിപ്പിക്കാന്‍ മുഴുവനാളുകളോടും ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് ജെ രവീന്ദ്രനാഥും സെക്രട്ടറി കെ മനോഹരനും അഭ്യര്‍ഥിച്ചു.

deshabhimani 220811

1 comment:

  1. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള കൊട്ടേക്കാട് സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ വികാരിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ പരിക്കേറ്റ് നാലുപേര്‍ തൃശൂര്‍ ദയ ആശുപത്രിയിലും ആറുപേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജാശുപത്രിയിലും ചികിത്സയിലാണ്.

    ReplyDelete