Sunday, August 21, 2011

മാധ്യമങ്ങളുടെ പ്രചാരണം വാസ്തവവിരുദ്ധം: സിപിഐ എം

ആലപ്പുഴ: സംഘടനാപരമായ പ്രവര്‍ത്തനസൗകര്യത്തിനു വേണ്ടിയാണ് ജില്ലയിലെ ഏരിയാകമ്മിറ്റികള്‍ വിഭജിക്കുന്നതെന്നും ഇതുസംബന്ധിച്ച് മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു.

പ്രവര്‍ത്തനസൗകര്യം കണക്കിലെടുത്താണ് ഏരിയ കമ്മിറ്റി വിഭജിക്കാന്‍ തീരുമാനിച്ചത്. ഇത് പ്രയോഗത്തില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും ചര്‍ച്ചചെയ്ത് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. വ്യക്തമായ പാര്‍ടി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പാര്‍ടി ഓരോ കാര്യത്തിലും തീരുമാനമെടുക്കുക. ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്താനാണ് പാര്‍ടി ശ്രമിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഈ ലക്ഷ്യത്തോടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് പാര്‍ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ടി കമ്മിറ്റികളില്‍ പ്രകടിപ്പിച്ച് ഏറ്റവും ശരിയായ തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കും പാര്‍ടി നേതൃത്വം നല്‍കുന്ന മുന്നണിക്കും കൈവരിക്കാന്‍ കഴിഞ്ഞ തിളക്കമാര്‍ന്ന വിജയം.

മറ്റു ജില്ലകളെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. ബംഗാള്‍ ജനതയെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയത് ഈ ജില്ലയാണ്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പേറിനടക്കുന്ന പാര്‍ടിയല്ല സിപിഐ എം. യോജിപ്പോടെ പ്രവര്‍ത്തിക്കുന്നതിനാണ് നേതൃനിരയിലുള്ളവര്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നത്. അവരില്‍ പലരുടെയും പേര് സൗകര്യപോലെ ദുര്‍വിനിയോഗം ചെയ്ത് വാര്‍ത്ത ചമയ്ക്കുന്നത് സദുദ്ദേശത്തോടെയല്ല. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ടി കമ്മിറ്റികള്‍ പ്രവര്‍ത്തനത്തിനുള്ള കൂട്ടായ്മയാണ്. അതിലേക്ക് അംഗങ്ങളെ നിശ്ചയിക്കുന്നത് "റാഞ്ചി" കൊണ്ടുവന്നല്ല. പാര്‍ടിയെ ഐക്യത്തോടെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള നിരന്തരമായ പരിശ്രമത്തെ ഈ വാര്‍ത്തകള്‍കൊണ്ട് ദുര്‍ബലമാക്കാനാവില്ലെന്നും ചന്ദ്രബാബു പറഞ്ഞു.

പാറശാല തെരഞ്ഞെടുപ്പ്: വാര്‍ത്ത കെട്ടിച്ചമച്ചത്- കടകംപള്ളി

പാറശാലയിലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറി ഉള്‍പ്പടെ 12 പേരെ പുറത്താക്കി യെന്ന തലക്കെട്ടില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പരശുവയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബെന്‍ഡാര്‍വിന്‍ തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പാര്‍ടി നല്‍കിയ ചുമതല കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ബെന്‍ഡാര്‍വിനെതിരെ ഒരാക്ഷേപവും എവിടെയും ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരു നടപടിയും അദ്ദേഹത്തിനെതിരെ എടുത്തിട്ടില്ല. ജില്ലയില്‍ വിദ്യാര്‍ഥി സംഘടനയ്ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ബെന്‍ഡാര്‍വിനെ മാനസികമായും രാഷ്ട്രീയമായും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് കള്ളപ്രചാരണങ്ങള്‍ക്കു പിന്നില്‍ . പാര്‍ടി നേതൃത്വംകൊടുത്ത് നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളും പരിശോധിച്ച് കുറവുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി തിരുത്തി മുന്നോട്ടുപോകുന്ന പാര്‍ടിയാണ് സിപിഐ എം. തെരഞ്ഞെടുപ്പുപോലുള്ള സുപ്രധാന രാഷ്ട്രീയസമരങ്ങളിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരിശോധിക്കുക സ്വാഭാവികമാണ്. അത്തരം പരിശോധനയില്‍ ഓരോ സഖാവിന്റെയും പ്രവര്‍ത്തനങ്ങള്‍ അതത് ഘടകങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കാറുണ്ട്. ചിലരോട് വിശദീകരണം തേടാറുണ്ട്. പാറശാലയില്‍ മൂന്ന് പാര്‍ടി അംഗങ്ങളെ മാത്രമാണ് പുറത്താക്കിയത്. ഇത്തരം സംഘടനാപരമായ പരിശോധനയെ വിഭാഗീയതയായി ചിത്രീകരിച്ച് വാര്‍ത്ത കൊടുക്കുന്നത് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

deshabhimani 210811

1 comment:

  1. സംഘടനാപരമായ പ്രവര്‍ത്തനസൗകര്യത്തിനു വേണ്ടിയാണ് ജില്ലയിലെ ഏരിയാകമ്മിറ്റികള്‍ വിഭജിക്കുന്നതെന്നും ഇതുസംബന്ധിച്ച് മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete