Sunday, August 21, 2011

നയാചര്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ വ്യവസായ വികസനത്തിന് വന്‍ മുതല്‍ക്കൂട്ടാകുമായിരുന്ന നയാചര്‍ കെമിക്കല്‍ ഹബ് പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് മമതാ ബാനര്‍ജി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. നന്ദിഗ്രാമില്‍ ആരംഭിക്കാന്‍ നിശ്ചയിച്ച കെമിക്കല്‍ ഹബ് പദ്ധതി ഭൂമി ഏറ്റെടുക്കുന്നതിനോടുള്ള എതിര്‍പ്പുമൂലം നയാചറിലേക്ക് മാറ്റുകയായിരുന്നു. ഹല്‍ദിയ തുറമുഖത്തിനടുത്തുള്ള ദ്വീപാണ് നയാചര്‍ . ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നതുകൊണ്ടാണ് പദ്ധതി ഇവിടേക്ക് മാറ്റാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ , പരിസ്ഥിതിനാശമുണ്ടാകുമെന്നു പറഞ്ഞാണ് ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കുന്നത്.

സിംഗപ്പുര്‍ ആസ്ഥാനമായ യൂണിവേഴ്സല്‍ സക്സസ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പ് എന്നിവയടങ്ങുന്ന ന്യൂ കല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (എന്‍കെഐഡി), പശ്ചിമബംഗാള്‍ വ്യവസായ വികസന കോര്‍പറേഷന്‍ എന്നിവയുടെ സംയുക്തസംരംഭമായി പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. നന്ദിഗ്രാമില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ നടപടി ആരംഭിക്കുംമുമ്പുതന്നെ എതിര്‍പ്പുമായി തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും രംഗത്തുവന്നു. നന്ദിഗ്രാമിലേക്ക് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും സിപിഐ എം പ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ച് ഉപരോധം ഏര്‍പ്പെടുത്തി. 2007 മാര്‍ച്ച് 14ന് ഉപരോധം അവസാനിപ്പിക്കാനെത്തിയ പൊലീസുമായുണ്ടായ സംഘട്ടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആള്‍താമസമില്ലാത്ത നയാചര്‍ ദ്വീപിലെ 54 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് കെമിക്കല്‍ ഹബ് പദ്ധതിക്കായി നല്‍കിയത്. സാധ്യതാപഠനവും മറ്റ് നടപടികളും പുരോഗമിച്ചിരുന്നു. അതിനിടയിലാണ് പദ്ധതി അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം. 35,000 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന സാല്‍ബണി സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മാണം വളരെ വേഗം പുരോഗമിക്കുന്ന ഘട്ടത്തില്‍ അതിനെതിരെയും തടസ്സവാദവുമായി സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. ബര്‍ധമാന്‍ ജില്ലയിലെ കാട്വയില്‍ എന്‍ടിപിസിയുടെ താപവൈദ്യുതപദ്ധതിക്കും ഭൂമിയുടെ പേരുപറഞ്ഞ് തടസ്സം നില്‍ക്കുകയാണ് സര്‍ക്കാര്‍ .
(വി ജയിന്‍)

deshabhimani 210811

1 comment:

  1. പശ്ചിമബംഗാളിന്റെ വ്യവസായ വികസനത്തിന് വന്‍ മുതല്‍ക്കൂട്ടാകുമായിരുന്ന നയാചര്‍ കെമിക്കല്‍ ഹബ് പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് മമതാ ബാനര്‍ജി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. നന്ദിഗ്രാമില്‍ ആരംഭിക്കാന്‍ നിശ്ചയിച്ച കെമിക്കല്‍ ഹബ് പദ്ധതി ഭൂമി ഏറ്റെടുക്കുന്നതിനോടുള്ള എതിര്‍പ്പുമൂലം നയാചറിലേക്ക് മാറ്റുകയായിരുന്നു. ഹല്‍ദിയ തുറമുഖത്തിനടുത്തുള്ള ദ്വീപാണ് നയാചര്‍ . ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നതുകൊണ്ടാണ് പദ്ധതി ഇവിടേക്ക് മാറ്റാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ , പരിസ്ഥിതിനാശമുണ്ടാകുമെന്നു പറഞ്ഞാണ് ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കുന്നത്.

    ReplyDelete