Wednesday, August 24, 2011

അഴിമതി അവസാനിപ്പിക്കാന്‍ നയങ്ങള്‍ മാറുക തന്നെ വേണം

സ്വതന്ത്ര ഇന്ത്യയുടെ മുഖത്തു വാരിതേയ്ക്കപ്പെട്ട അഴിമതിയുടെ കളങ്കപ്പാടുകള്‍ മായ്ക്കാനുള്ള സമരം പുതിയ കരുത്തോടെ മുന്നേറുകയാണ്. ഒമ്പത് ഇടതുപക്ഷ-മതേതര പാര്‍ട്ടികളുടെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിനു ജനങ്ങള്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ സമര്‍പ്പിതപോരാട്ടം നടത്തുമെന്ന പ്രതിജ്ഞയുമായി ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അണിനിരന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് തലമുറകളോട് പറഞ്ഞ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പിലാണ് ഈ പാര്‍ട്ടികളില്‍പ്പെട്ട എം പിമാര്‍ ധര്‍ണ ഇരുന്നത്. മഹാത്മാഗാന്ധിയും നെഹ്‌റുവും ഊട്ടിവളര്‍ത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ പൈതൃകങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണ് സമരവേദിയില്‍ നിലയുറപ്പിച്ച ജനങ്ങള്‍ വിളിച്ചറിയിക്കുന്നത്. ആ പൈതൃകത്തിന്റെ ജീവനായ സത്യത്തിന്റെയും സദാചാരത്തിന്റെയും അര്‍ഥമറിയാത്ത അഭിനവ കോണ്‍ഗ്രസ് നയങ്ങള്‍ക്കുനേരെയാണ് അവര്‍ വിരല്‍ചൂണ്ടിയത്. ഇടതുപക്ഷ-മതേതര പാര്‍ട്ടികളുടെ പിന്നിലണിനിരന്ന കൃഷിക്കാരും തൊഴിലാളികളും ഉല്‍പതിഷ്ണുകളായ ബഹുജനങ്ങളും പങ്കുചേരുമ്പോള്‍ അഴിമതിക്കെതിരായ സമരത്തിന് പുതിയ ലക്ഷ്യബോധവും ഉള്ളടക്കവുമാണ് ഉണ്ടാകുന്നത്.

മാനംമുട്ടുന്ന അഴിമതിയെ പ്രസവിച്ച സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് അഴിമതിയില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. കോര്‍പറേറ്റ് ശക്തികള്‍ക്കും അവരുടെ ലാഭമോഹത്തിനും ദൈവത്തേക്കാള്‍ മഹത്വമുണ്ടെന്നു പ്രചരിപ്പിക്കുന്ന നവലിബറല്‍ നയങ്ങള്‍ തിരുത്തിക്കൊണ്ടുമാത്രമേ ഇന്നത്തെ നാണക്കേടില്‍ നിന്ന് ഇന്ത്യയ്ക്കു കരകയറാനാവൂ. അഴിമതിക്കെതിരായി മുദ്രാവാക്യം മുഴക്കുന്ന 'സിവില്‍ സൊസൈറ്റി' സുഹൃത്തുക്കളില്‍ എത്രപേര്‍ക്ക് വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ഇത്തരം ഒരു ജനമുന്നേറ്റത്തില്‍ താല്‍പര്യമുണ്ടാകുമെന്നുറപ്പില്ല. രാജ്യത്തുടനീളം ജനപിന്തുണ നേടിയ അന്നാഹസാരെയുടെ പ്രസ്ഥാനത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ വസ്തുത വിസ്മരിച്ചുകൂടാ.

അഴിമതിക്കെതിരായ 'സിവില്‍ സൊസൈറ്റി' വേദികളില്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ, ആദിവാസി പീഡനങ്ങളെക്കുറിച്ചോ ശബ്ദമുയരാത്തതിനെക്കുറിച്ചോ അരുന്ധതിറോയ് ഉന്നയിച്ച സംശയങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് അവര്‍ കരുതരുത്. അഴിമതിക്കെതിരായ സമരം നാട്ടുമ്പുറത്തെ പട്ടിണിപാവങ്ങള്‍ക്കു കൂടി പങ്കാളിത്തമുള്ളതായി മാറുമ്പോള്‍ ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ കൂടി സമരത്തിന്റെ അജണ്ടയില്‍ സ്ഥാനം പിടിക്കും. ഇടതുപക്ഷ-മതേതര പാര്‍ട്ടികള്‍ ചരിത്രപരമായ ആ കടമ നിറവേറ്റാന്‍ മുന്‍പന്തിയിലുണ്ടാകും.
അഴിമതി തടയാനുള്ള ലോക്പാല്‍ നിയമത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ടുപോയാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന കോണ്‍ഗ്രസ് നിലപാട് അപഹാസ്യമാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രണബ്കുമാര്‍ മുഖര്‍ജിക്ക് അതിന്റെ ആവശ്യകത ബോധ്യമായിരുന്നു. 2ജി സ്‌പെക്ട്രവും എസ്ബാന്‍ഡ് സ്‌പെക്ട്രവും കോണ്‍വെല്‍ത്ത് ഗെയിംസും ആദര്‍ശ് ഫ്‌ളാറ്റും കോണ്‍ഗ്രസിന്റെ മുദ്രമോതിരങ്ങളാകുമ്പോള്‍ പഴയ നിലപാട് അവര്‍ വിഴുങ്ങുകയാണ്. എന്നാല്‍ ആര്‍ത്തിരമ്പുന്ന ജനശക്തിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റ് വക്കീലന്മാര്‍ക്കും മന്ത്രിപ്രബലന്മാര്‍ക്കും മുട്ടുകുത്തേണ്ടി വരുന്നു.

ലോക്പാല്‍ നിയമത്തില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തുന്നതോടെ എല്ലാം ശുഭപര്യവസാനമാകുമെന്നു ചിന്തിക്കുന്നവരുണ്ട്. അവരാണ് ആഗസ്റ്റ് 30 എന്ന വരവരച്ചു കൊണ്ട് ദേശീയപ്രചാരവേലയ്ക്കു ചുക്കാന്‍ പിടിക്കുന്നവര്‍. ലോക്പാലിനെ സംബന്ധിച്ചു നിര്‍ണായകമായത് ഒന്നോ രണ്ടോ ദിവസമല്ല; അതിനെ ജനാഭിലാഷത്തിന്റെ സത്ത ഉള്‍ക്കൊള്ളുംവിധം സമഗ്രമാക്കലാണ്. അതില്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താന്‍ 'സിവില്‍ സൊസൈറ്റി' സുഹൃത്തുക്കള്‍ക്കു കഴിയുമോ? അത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സെപ്തംബറില്‍ തന്നെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇതിനായി വിളിച്ചു കൂട്ടുമെന്ന് ഉറപ്പാക്കാന്‍ കഴിയേണ്ടതാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഇതിനായി മുന്നോട്ടു വച്ച നിര്‍ദേശങ്ങളോടു 'സിവില്‍ സൊസൈറ്റി' വക്താക്കളുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും.

ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുന്ന ജുഡീഷ്യല്‍ കമ്മീഷനും അഴിമതിക്കാരെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്കു അവകാശം നല്‍കുന്ന സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്‌കരണവും ഇത്തരുണത്തില്‍ പ്രധാനമാണ്. കള്ളപ്പണത്തിനു മുന്നില്‍ കവാത്തു മറക്കുന്ന സര്‍ക്കാര്‍ നിലപാടുകളിലും മാറ്റമുണ്ടാകണം. ഇവയെല്ലാം കേവല മുദ്രാവാക്യങ്ങളായി ചുരുങ്ങേണ്ടവയല്ല. ഏതാനും സമ്പന്നന്‍മാര്‍ എല്ലാം കൈയടക്കുകയും മഹാഭൂരിപക്ഷം പൗരന്മാര്‍ വിശന്നു വലയുകയും ചെയ്യുമ്പോള്‍ ലക്ഷ്യബോധമുള്ള രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനഗതി തീരുമാനിക്കുന്ന ഘടകങ്ങളായി ഇവ മാറണം. ഇടതുപക്ഷ-മതേതര പാര്‍ട്ടികളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യബോധത്തിന്റെ കരുത്ത് തെയിക്കുന്നതാകട്ടെ.

janayugom editorial 240811

1 comment:

  1. സ്വതന്ത്ര ഇന്ത്യയുടെ മുഖത്തു വാരിതേയ്ക്കപ്പെട്ട അഴിമതിയുടെ കളങ്കപ്പാടുകള്‍ മായ്ക്കാനുള്ള സമരം പുതിയ കരുത്തോടെ മുന്നേറുകയാണ്. ഒമ്പത് ഇടതുപക്ഷ-മതേതര പാര്‍ട്ടികളുടെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിനു ജനങ്ങള്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ സമര്‍പ്പിതപോരാട്ടം നടത്തുമെന്ന പ്രതിജ്ഞയുമായി ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അണിനിരന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് തലമുറകളോട് പറഞ്ഞ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പിലാണ് ഈ പാര്‍ട്ടികളില്‍പ്പെട്ട എം പിമാര്‍ ധര്‍ണ ഇരുന്നത്. മഹാത്മാഗാന്ധിയും നെഹ്‌റുവും ഊട്ടിവളര്‍ത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ പൈതൃകങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണ് സമരവേദിയില്‍ നിലയുറപ്പിച്ച ജനങ്ങള്‍ വിളിച്ചറിയിക്കുന്നത്. ആ പൈതൃകത്തിന്റെ ജീവനായ സത്യത്തിന്റെയും സദാചാരത്തിന്റെയും അര്‍ഥമറിയാത്ത അഭിനവ കോണ്‍ഗ്രസ് നയങ്ങള്‍ക്കുനേരെയാണ് അവര്‍ വിരല്‍ചൂണ്ടിയത്. ഇടതുപക്ഷ-മതേതര പാര്‍ട്ടികളുടെ പിന്നിലണിനിരന്ന കൃഷിക്കാരും തൊഴിലാളികളും ഉല്‍പതിഷ്ണുകളായ ബഹുജനങ്ങളും പങ്കുചേരുമ്പോള്‍ അഴിമതിക്കെതിരായ സമരത്തിന് പുതിയ ലക്ഷ്യബോധവും ഉള്ളടക്കവുമാണ് ഉണ്ടാകുന്നത്.

    ReplyDelete