Sunday, August 21, 2011

എം എ നിസാറിനോട് കുഞ്ഞാലിക്കുട്ടിക്ക് മുന്‍വൈരാഗ്യമുണ്ടായിരുന്നു: റൗഫ്

കോഴിക്കോട്: കാസര്‍കോട് വെടിവെപ്പ് അന്വേഷിച്ച കമീഷന്‍ എം എ നിസാറിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് നേരത്തേ വൈരാഗ്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫ്. കമീഷനെ പിരിച്ചുവിട്ടതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു റൗഫ്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം മൂന്നു കാര്യങ്ങള്‍ക്ക് നിസാറിന്റെ സഹായംതേടി താന്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് ജസ്റ്റിസ് പത്മനാഭനോടു പറയാനാണ് ആദ്യം കണ്ടത്. ഇതേ ആവശ്യം കവയിത്രി സുഗതകുമാരിയോടു പറയണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാമത് കണ്ടത്. സിപിഐ എമ്മിനോട് തന്ത്രപരമായ സഖ്യത്തിലൂടെ കൂടുതല്‍ അടുക്കാന്‍ ശിഹാബ്തങ്ങളോടു ശുപാര്‍ശ ചെയ്യണമെന്നായിരുന്നു മൂന്നാമത്തെ ശുപാര്‍ശ. എന്നാല്‍ , കാര്യങ്ങള്‍ കേട്ടതല്ലാതെ നിസാര്‍ ഒന്നും ചെയ്തില്ല.

മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം വരരുതെന്ന് കുഞ്ഞാലിക്കുട്ടിക്ക് താല്‍പര്യമുണ്ടായിരുന്നു. ഈ ലക്ഷ്യത്തോടെ അദ്ദേഹം പലതവണ ബിജെപി നേതാവ് ശ്രീധരന്‍പിള്ളയുടെ അടുത്തേക്ക് തന്നെ അയച്ചതായും റൗഫ് വെളിപ്പെടുത്തി. സിപിഐ എമ്മിലെ പ്രശ്നങ്ങളില്‍ താന്‍ ഇടപെട്ടുവെന്ന് പറഞ്ഞ് ഐസ്ക്രീംപാര്‍ലര്‍ കേസ് വഴിതിരിച്ചുവിടാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. കേസ് സംബന്ധിച്ച് താന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയശേഷം മൂന്നുപേര്‍ കുഞ്ഞാലിക്കുട്ടിയുടെ ശുപാര്‍ശയുമായി തന്റെ അടുത്ത് വന്നു. ഇതുവരെ ഒരു ഫോണ്‍കോള്‍ പോലും താന്‍ അങ്ങോട്ടു ചെയ്തിട്ടില്ല. ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സിവിഎം വാണിമേല്‍ 10 തവണയെങ്കിലും തന്നെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടുണ്ട്. മന്ത്രി ഇബ്രാഹിംകുഞ്ഞ് എറണാകുളത്ത് ഹോട്ടലില്‍ വന്ന് കണ്ടു. ഈ ദൃശ്യങ്ങളുള്ള സി ഡി കൈയിലുണ്ട്. ഇതിനു ശേഷമാണ് തന്റെ ബന്ധുവായ ഫസലിന്റെ സഹായത്തോടെ പ്രശാന്ത് എന്നൊരാള്‍ നാലുനാള്‍ മുമ്പ് വിളിച്ചത്. അദ്ദേഹം സംഭാഷണം റിക്കാര്‍ഡ് ചെയ്യുന്നുണ്ടെന്നറിഞ്ഞുതന്നെയാണ് സംസാരിച്ചത്. മറുഭാഗത്ത് മന്ത്രിയും വലിയൊരു സംഘവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അയാളെയൊന്ന് കൊച്ചാക്കാനായി വിഎസുമായി വളരെ അടുപ്പമുണ്ടെന്ന് തട്ടിവിട്ടു. വിഎസ്സിനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ എഴുതിത്തരാന്‍ അദ്ദേഹം പറഞ്ഞു. ഇതു മൂന്നാംതവണയാണ് കാണുന്നത്. പല നേതാക്കളെയും ഇതുപോലെ കണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്ന് റൗഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി കാണാന്‍ വന്നെന്ന് എം എ നിസാര്‍

കണ്ണൂര്‍ : സിപിഐ എമ്മുമായി രാഷ്ട്രീയബന്ധമുണ്ടാക്കാന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളില്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യവുമായി പി കെ കുഞ്ഞാലിക്കുട്ടി സമീപിച്ചിരുന്നുവെന്ന് റിട്ട. ജില്ലാ ജഡ്ജിയും മുന്‍ നിയമസെക്രട്ടറിയുമായ എം എ നിസാര്‍ പറഞ്ഞു. ഇതിനായി ശിഹാബ് തങ്ങളെ കാണാനും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. റൗഫ് ശനിയാഴ്ച നടത്തിയ വെളിപ്പെടുത്തലുകളോടു പ്രതികരിക്കുകയായിരുന്നു നിസാര്‍ . നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസെക്രട്ടറിയായിരിക്കെ തിരുവനന്തപുരം കവടിയാറിലെ ഐഎഎസ് ക്വാര്‍ട്ടേഴ്സിലാണ് കുഞ്ഞാലിക്കുട്ടി വന്നുകണ്ടത്. മുസ്ലിം സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ലീഗ്- സിപിഐ എം ബന്ധം തുണയാകുമെന്നും മുസ്ലിം ന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നത് സിപിഐ എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. താങ്കളെപ്പോലുള്ള നിഷ്പക്ഷമതിയും ജഡ്ജിയുമൊക്കെയായ ആള്‍ ആവശ്യപ്പെടുമ്പോള്‍ ശിഹാബ് തങ്ങള്‍ നിരസിക്കാനിടയില്ലെന്നതുകൊണ്ടാണ് ഈ ദൗത്യം ഏല്‍പിക്കുന്നതെന്നും പറഞ്ഞു. നിയമരംഗത്ത് പ്രവര്‍ത്തിക്കവെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് തോന്നിയതിനാല്‍ തങ്ങളെ കാണാന്‍ പോയില്ല. മറ്റു രണ്ടു കാര്യങ്ങളിലും ഇടപെടാന്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോഴിക്കോട് ജഡ്ജിയായിരുന്ന പത്മനാഭന്‍ നായരോടും വനിതാകമീഷന്‍ ചെയര്‍പേഴ്സണ്‍ സുഗതകുമാരിയോടും തനിക്കുവേണ്ടി ചില കാര്യങ്ങള്‍ സംസാരിക്കണമെന്നായിരുന്നു ആവശ്യം.

കുഞ്ഞാലിക്കുട്ടിക്കെതിരായ കേസുമായി മുന്നോട്ടുപോകും

തൃശൂര്‍ : മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന കേസ് ശക്തമായി തുടരുമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് പറഞ്ഞു. താനും റൗഫും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തൃശൂര്‍ രാമനിലയത്തില്‍ സന്ദര്‍ശിച്ചത് കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമാണ്. മറിച്ചുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ മലയാള മനോരമയുടെ ഭാവനയാണ്. താനും റൗഫും വി എസിനെ കണ്ടതിന് സിപിഐ എമ്മിലെ സംഘടനാ വിഷയങ്ങളുമായി ബന്ധമില്ല. പാര്‍ടി കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് പിന്‍വലിപ്പിക്കാന്‍ നീക്കമുണ്ടെന്നത് മനോരമയുടെ വ്യാഖ്യാനം മാത്രമാണ്. താന്‍ റൗഫിനൊപ്പം പോയത് ഞങ്ങള്‍ ഒരുമിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന കേസുകള്‍ ഉള്ളതിനാലാണ്- അബ്ദുള്‍ അസീസ് പറഞ്ഞു.

തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ: മന്ത്രി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ബന്ധു കെ എ റൗഫും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ മധ്യസ്ഥനായെന്ന റൗഫിന്റെ അവകാശവാദം തെറ്റാണെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. മധ്യസ്ഥനായി എത്തിയതിന്റെ ദൃശ്യങ്ങള്‍ പക്കലുണ്ടെങ്കില്‍ റൗഫ് പുറത്തുവിടട്ടെ. പത്തിരുപതു വര്‍ഷമായി റൗഫിനെ അറിയാം. അവസാനമായി കണ്ടത് എപ്പോഴാണെന്ന് ഓര്‍മയില്ല- ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു.

ഐസ്ക്രീം കേസ് ഒതുക്കാന്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് സി വി എം വാണിമേല്‍

കോഴിക്കോട്: ഐസ്ക്രീം കേസ് ഒതുക്കിതീര്‍ക്കാന്‍ താന്‍ മധ്യസ്ഥതക്ക് ശ്രമിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി വി എം വാണിമേല്‍ . താന്‍ റൗഫിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇല്ലാത്ത സംഭവം വളച്ചൊടിച്ച് തന്നെ ലക്ഷ്യം വയ്ക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് റൗഫിനെ യാദൃശ്ചികമായി കണ്ടിരുന്നു. അന്ന് തന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ റൗഫ് നിരന്തരം ബന്ധപ്പെട്ടു. ഇത് അധികമായപ്പോള്‍ താന്‍ തിരുവന്തപുരത്ത് എസ് പി റാങ്കിലുള്ള പോലീസ് ഓഫീസര്‍ക്ക് പരാതി നല്‍കി. മധ്യസ്ഥതക്ക് ശ്രമിച്ചതായി തെളിയിക്കാന്‍ റൗഫ് തയാറുണ്ടോയെന്ന് സി വി എം വാണിമേല്‍ ചോദിച്ചു.

ദേശാഭിമാനി 210811

1 comment:

  1. കാസര്‍കോട് വെടിവെപ്പ് അന്വേഷിച്ച കമീഷന്‍ എം എ നിസാറിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് നേരത്തേ വൈരാഗ്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫ്. കമീഷനെ പിരിച്ചുവിട്ടതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു റൗഫ്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം മൂന്നു കാര്യങ്ങള്‍ക്ക് നിസാറിന്റെ സഹായംതേടി താന്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് ജസ്റ്റിസ് പത്മനാഭനോടു പറയാനാണ് ആദ്യം കണ്ടത്. ഇതേ ആവശ്യം കവയിത്രി സുഗതകുമാരിയോടു പറയണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാമത് കണ്ടത്. സിപിഐ എമ്മിനോട് തന്ത്രപരമായ സഖ്യത്തിലൂടെ കൂടുതല്‍ അടുക്കാന്‍ ശിഹാബ്തങ്ങളോടു ശുപാര്‍ശ ചെയ്യണമെന്നായിരുന്നു മൂന്നാമത്തെ ശുപാര്‍ശ. എന്നാല്‍ , കാര്യങ്ങള്‍ കേട്ടതല്ലാതെ നിസാര്‍ ഒന്നും ചെയ്തില്ല.

    ReplyDelete