സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയെ നേരും നെറിയും ഇല്ലാത്ത കച്ചവട ചന്തയാക്കാന്‍ ഇറങ്ങിത്തിരിച്ച മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ മുഖത്തേറ്റ അടിയാണ് കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതിവിധി. നിയമവും നീതിയും സാമാന്യമര്യാദയും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടില്‍ ജൂലൈ 14 ന് അവര്‍ നടത്തിയ പരീക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നു. ഇത് മൂന്നാം തവണയാണ് കോടതി മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ പരീക്ഷ റദ്ദാക്കുന്നത്. ഒരേ കുറ്റം മൂന്നു തവണ ആവര്‍ത്തിച്ച അവരുടെ തൊലിക്കട്ടിക്ക് നിയമപീഠം അഞ്ചേകാല്‍ ലക്ഷം രൂപ പിഴയും ചുമത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും അവരുടെ കച്ചവട ആര്‍ത്തിക്ക് അറുതി ഉണ്ടാകുമെന്ന് കരുതുകവയ്യ. ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പതിനൊന്നു സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്ന അസോസിയേഷന്റെ ഭാരവാഹികള്‍. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്നു വിശ്വസിക്കുന്ന ഈ മാന്യന്‍മാര്‍ വിദ്യാഭ്യാസത്തിന്റെ മഹത്തായ മൂല്യങ്ങളെപ്പറ്റി ചിന്തിച്ചെങ്കിലേ അത്ഭുതപ്പെടേണ്ടൂ.
കോടതി വിധിയിലൂടെ വീണ്ടും തുറന്നുകിട്ടുന്ന അവസരം സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് ജനങ്ങള്‍ സ്വാഭാവികമായും ഉറ്റുനോക്കും. പരീക്ഷ റദ്ദാക്കുന്നത് ആര്‍ക്കും ഗുണകരമല്ലെന്നാണ് കേസില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്. ആ നിലപാടിനെ ലജ്ജാകരമെന്നാണ് കോടതി വിശേഷിപ്പിച്ചത്. വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാനല്ല; അസോസിയേഷന്റെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും നീതിപീഠം കുറ്റപ്പെടുത്തി. ആണും പെണ്ണുംകെട്ട അടിമത്വ മനോഭാവത്തോടെ മാനേജ്‌മെന്റുകളുടെ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഗവണ്‍മെന്റിന് ആ കുറ്റപ്പെടുത്തലിന്റെ പൊരുള്‍ മനസിലാക്കാന്‍ പോലും പ്രയാസമായിരിക്കും.
അസോസിയേഷന്റെ ചെയ്തികള്‍ക്കെല്ലാം മൂകസാക്ഷിയായി നിന്ന് വിദ്യാര്‍ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാഴ്ത്തിയ മുഹമ്മദ് കമ്മിറ്റിയും കോടതിയുടെ വിമര്‍ശനത്തിനു വിധേയമായി.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരവും അപമാനകരവുമായ പ്രതിസന്ധിയുടെ ഭാഗമാണ് ഇപ്പോഴത്തെ കോടതിവിധിയിലൂടെ വ്യക്തമാകുന്നത്. ഇതിന്റെ ബലിയാടുകള്‍ ഇത്തരം കച്ചവട സ്ഥാപനങ്ങില്‍ ആശയര്‍പ്പിച്ചു കാത്തിരിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. അവരുടെ കാത്തിരിപ്പ് ഇനിയും നീണ്ടുപോകാനാണ് സാധ്യത. നീണ്ടുപോകുന്ന ആ കാത്തിരിപ്പില്‍ നിന്നും കൂടുതല്‍ ലാഭം കൊയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നായിരിക്കും സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഇപ്പോഴത്തെ ചിന്ത!
ആഗോളവല്‍ക്കരണത്തിന്റെ അനുകൂല സാഹചര്യങ്ങളാണ് വിദ്യാഭ്യാസത്തെ ലോകത്തെവിടെയും കമ്പോളവല്‍ക്കരിച്ചത്. അതിന്റെ തണലിലാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ ദുഷ്ടശക്തികള്‍ പനപോലെ വളരാന്‍ ശ്രമിക്കുന്നത്. രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു ഗവണ്‍മെന്റ് കോളജ് എന്ന സമവാക്യവുമായി 2007 ലെ യു ഡി എഫ് ഗവണ്‍മെന്റ് സ്വാശ്രയ ദുര്‍ഭൂതത്തെ കുട് തുറന്നുവിടുകയായിരുന്നു. പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസും സംവരണതത്വവും എല്ലാം അന്നു പറഞ്ഞുകേട്ട വീണ്‍വാക്കുകളാണ്. അടിയുറപ്പുള്ള യാതൊരു കരാറും നിയമവുമില്ലാതെ ചോദിച്ചവര്‍ക്കെല്ലാം എന്‍ ഒ സി കൊടുത്തതിനെച്ചൊല്ലി അന്നു യു ഡി എഫ് സര്‍ക്കാര്‍ ഊറ്റം കൊണ്ടു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന അന്നത്തെ മുഖ്യമന്ത്രി ആന്റണിയുടെ വിലാപമാണ് പിന്നെ കേള്‍ക്കേണ്ടിവന്നത്.
2006 ലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് സ്വാശ്രയ വിദ്യാഭ്യാസനിയമത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ ആരും മറക്കില്ല. സംസ്ഥാന നിയമസഭ അന്ന് ഐകകണ്‌ഠേന പാസാക്കിയ പ്രസ്തുത നിയമം കോടതി നടപടികളില്‍ കുരുങ്ങി വീണുപോയി. ആ പ്രയാസകരമായ സാഹചര്യത്തിലും വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് കഠിനപരിശ്രമങ്ങള്‍ നടത്തി. പൂര്‍ണമായും തൃപ്തികരമല്ലെങ്കിലും മാനേജ്‌മെന്റുകളുടെ തന്നിഷ്ടങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാതെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തത്. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ അടിക്കടി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ വെളിവാക്കുന്നത് ദിശാബോധമുള്ള കേന്ദ്ര നിയമത്തിന്റെ അനിവാര്യതയാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ അടിസ്ഥാനപരമായി അതിനുവേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്.
മക്കള്‍ക്ക് ''പേയ്‌മെന്റ്'' സീറ്റ് ഉറപ്പിക്കാനായി സ്വാശ്രയ ചങ്ങാതിമാരുമായി ശൃംഗരിക്കാന്‍ പോയ മന്ത്രിമാരാണ് യു ഡി എഫിനെ നയിക്കുന്നത്. സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താനുള്ള അവസരം പ്രയോജനപ്പെടുത്താതെ യു ഡി എഫ് ഗവണ്‍മെന്റ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്. വിദ്യാര്‍ഥികളെയും വിദ്യാഭ്യാസത്തെയും കൊഞ്ഞനം കുത്തികാണിക്കുന്ന ആ നയമാണ് ഇപ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത്. ഗവണ്‍മെന്റും സ്വാശ്രയ മാനേജ്‌മെന്റ്‌സ് അസോസിയേഷനും ഈ കുറ്റകൃത്യത്തിന്റെ പാപഭാരം പങ്കിട്ടേ തീരൂ. അവരുടെ വഞ്ചനാപരമായ നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാഭ്യാസ പ്രേമികളുടെയും ജനാധിപത്യ ശക്തികളുടെയും ഐക്യനിര വളര്‍ന്നുവരേണ്ടതിപ്പോഴാണ്.
പ്രവേശന പരീക്ഷക്ക് അമിത പ്രാധാന്യം നല്‍കുന്നതും അതിനുള്ള കൊച്ചിംഗ് കേന്ദ്രങ്ങള്‍ സര്‍വശക്തി നേടുന്നതും ആശാസ്യമാണോ എന്ന ചോദ്യം ഇന്നു പല രക്ഷകര്‍ത്താക്കളും ഉന്നയിക്കുന്നുണ്ട്. അത്തരം കേന്ദ്രങ്ങളില്‍ ചേര്‍ന്നു പഠിക്കുന്നതു താരതമ്യേന്ന സമ്പന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യോഗ്യതാ പരീക്ഷയ്ക്കു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ പ്രവേശനം സാധ്യമായാല്‍ കോച്ചിംഗ് കേന്ദ്രങ്ങളില്‍ പഠിക്കാന്‍ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതു ഗുണം ചെയ്യുമെന്നാണ് രക്ഷകര്‍ത്താക്കള്‍ വിശ്വസിക്കുന്നത്. അതിന്റെ നാനാവശങ്ങളെക്കുറിച്ച ബന്ധപ്പെട്ടവരെല്ലാം ചര്‍ച്ച ചെയ്യുന്നതും പ്രയോജനപ്രദമാകും.
janayugom editorial 190811

ReplyDelete