കോഴിക്കോട്: അഖിലേന്ത്യാ ആദിവാസി മഹാസഭയുടെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ടൗണ്‍ഹാളില്‍ (കെ കെ അണ്ണന്‍നഗര്‍) തുടക്കമായി. അട്ടപ്പാടിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ചോരിയ മൂപ്പന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനനടപടികള്‍ ആരംഭിച്ചത്. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സങ്കീര്‍ണമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് ആദിവാസി സമൂഹം ജീവിക്കുന്നതെന്ന് സി എന്‍ ചന്ദ്രന്‍ പറഞ്ഞു. ആദിവാസികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി ധാരാളം പണം വിവിധ പദ്ധതികളിലായി ചെലവഴിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആദിവാസി സമൂഹത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതികളുടെ പണം ആദിവാസികളിലേക്ക് എത്തിയോ എന്ന് പരിശോധിക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗിലൂടെ മാത്രമേ കഴിയൂ. അതിനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആദിവാസികള്‍ ഒഴികെയുള്ള ജനവിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെല്ലാം മുന്നേറുകയും ഭൗതിക ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഈ അവസ്ഥയിലേക്ക് എത്താന്‍ ആദിവാസി സമൂഹത്തിന് കഴിഞ്ഞിട്ടില്ല. സമൂഹത്തിന്റെ ഏറ്റവും പിന്‍നിരയിലാണ് അവരുടെ സ്ഥാനം. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി ഒന്നാം യു പി എ സര്‍ക്കാര്‍ വനവാസി നിയമം കൊണ്ടുവന്നു. എന്നാല്‍ ഇടതുപക്ഷം ഭരിച്ച കേരളത്തില്‍ മാത്രമാണ് ആ നിയമവുമായി മുന്നോട്ടുപോവാന്‍ സാധിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീര്‍ത്തും ദയനീയമായ ചുറ്റുപാടിലാണ് ആദിവാസികള്‍ കഴിഞ്ഞുകൂടുന്നത്. വനഭൂമിയില്‍ നിന്ന് വലിച്ചെറിയപ്പെടുന്നു എന്നതാണ് ആദിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കോര്‍പ്പറേറ്റുകള്‍ ആദിവാസികളേയും കര്‍ഷക തൊഴിലാളികളെയും കുടിയിറക്കുകയാണ്. ഭരണകൂടം കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിനു വഴങ്ങുന്നു. ഈ സാഹചര്യത്തില്‍ പോരാട്ടമല്ലാതെ ആദിവാസി സമൂഹത്തിനു മുന്നില്‍ മറ്റു മാര്‍ഗമില്ലാതായിരിക്കുന്നു.
ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാരും പുലര്‍ത്തുന്നത്. ഭൂമി ചോദിച്ച ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തവരാണ് യു ഡി എഫുകാര്‍. ഭൂമി മാത്രമല്ല ആദിവാസികളുടെ പ്രശ്‌നം. പാര്‍പ്പിടവും വെള്ളവും വെളിച്ചവും വിദ്യാഭ്യാസവുമെല്ലാം അവരുടെ ആവശ്യങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നു. ഭൂപരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ അവരിലേക്കു കൂടി എത്തിക്കാന്‍ വലിയ പ്രക്ഷോഭം തന്നെ വേണ്ടിവന്നിരിക്കുന്നു. ഉജ്വലമായ പോരാട്ടങ്ങള്‍ക്ക് ആദിവാസി സമൂഹം തയ്യാറെടുക്കേണ്ട സന്ദര്‍ഭമാണിത്. അതിന് എല്ലാ പിന്തുണയും കമ്മ്യൂണിസ്റ്റ് പസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും ചന്ദ്രന്‍ പറഞ്ഞു. ബി കെ എം യു സംസ്ഥാന സെക്രട്ടറി പി കെ കൃഷ്ണന്‍ പ്രസംഗിച്ചു.
ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍ രാജന്‍, ടി മണി, പി കെ കണ്ണന്‍, മങ്കമ്മ കൊല്ലം, മുരുകി അട്ടപ്പാടി എന്നിവരടങ്ങിയ പ്രസീഡിയവും സംസ്ഥാന സെക്രട്ടറി ഈശ്വരി രേശന്‍, ഇ കെ വിജയന്‍ എം എല്‍ എ, കെ രാജു എം എല്‍ എ, ഇ കെ ശിവന്‍, പള്ളിപ്രം ബാലന്‍, പി പ്രസാദ് എന്നിവരുള്‍പ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയുമാണ് സമ്മേളനനടപടികള്‍ നിയന്ത്രിക്കുന്നത്.
സംസ്ഥാന സെക്രട്ടറി ഈശ്വരിരേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് എന്‍ രാജന്‍ പ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. ഇ കെ ശിവന്‍ അനുശോചന പ്രമേയവും എം നാരായണന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി കെ കണ്ണന്‍ സ്വാഗതം പറഞ്ഞു. കുറുമ്പകര രാമകൃഷ്ണന്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും പി ജെ രാജു കണ്‍വീനറായി മിനുട്‌സ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
janayugom 190811
ഭരണകൂടത്തിന്റെ ചെയ്തികള്‍ മധ്യഭാരതത്തിലെ ആദിവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ആദിവാസി മഹാസഭ അഖിലേന്ത്യാ പ്രസിഡന്റ് മനീഷ് കുഞ്ജാം പറഞ്ഞു. അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'അന്യാധീനപ്പെടുന്ന ആദിവാസി ജീവിതം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവുമധികം ആദിവാസികള്‍ ഉള്ളത് മധ്യഭാരതത്തിലാണ്. ആദിവാസികള്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുന്നതും ഇവിടെയാണ്. ഉദാരവത്കരണനയങ്ങളുടെ ഫലമായി കോര്‍പ്പറേറ്റുകള്‍ക്ക് വനവും വനവിഭവങ്ങളും ചൂഷണം ചെയ്യാന്‍ സര്‍ക്കാര്‍ തുറന്ന സമ്മതം നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഫലമായി കാടും വനവിഭവങ്ങളും ഖനിജങ്ങളും കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുന്നു. വില്‍ക്കാവുന്നതെല്ലാം അവര്‍ വിറ്റുകൊണ്ടിരിക്കുകയാണ്. ആദിവാസികള്‍ക്ക് വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുയാണിത്. അദ്ദേഹം പറഞ്ഞു.
ReplyDeleteകോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനെതിരെ നടക്കുന്ന സമരമാണ് മധ്യഭാരത്തിലെ ആദിവാസി മേഖലകളില്‍ കാണുന്നത്. വനവും വനവിഭവങ്ങളും സംരക്ഷിക്കാനുള്ള യുദ്ധമുഖത്താണ് ആദിവാസികളിപ്പോള്‍. ഇതിനിടെ മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് ആദിവാസികളെ ദ്രോഹിക്കുകയും ചെയ്യുന്നു. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമെല്ലാം ഉടലെടുക്കുന്നത് സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായാണ്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നവെങ്കില്‍ അവിടെ മാവോയിസ്റ്റുകള്‍ താവളമാക്കുമായിരുന്നില്ല. മേഖലയില്‍ വിന്യസിക്കപ്പെട്ട സൈന്യം ആദിവാസികളെ ദ്രോഹിക്കാന്‍ അവരുടെ തന്നെ ആളുകളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ആദിവാസികളെ കൊന്നൊടുക്കുകയാണ് സൈന്യം. സി ആര്‍ പി എഫുകാര്‍ ആദിവാസി മഹാസഭയുടെ ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം അയാളെ നക്‌സലിന്റെ വേഷമണിയിച്ച സംഭവം പോലുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
നക്‌സലൈറ്റുകള്‍ നടത്തുന്ന പോരാട്ടങ്ങളിലും ജീവന്‍ നഷ്ടപ്പെടുന്നത് ആദിവാസികള്‍ക്കാണ്. നക്‌സലൈറ്റുകള്‍ കുഴിബോംബ് നിക്ഷേപിക്കുമ്പോള്‍ ആദിവാസികള്‍ക്കൊപ്പം ഗ്രാമവാസികളും കൊല്ലപ്പെടുന്നു. സര്‍ക്കാരുകള്‍ വളരെ ക്രൂരമായാണ് ഈ വിഷയങ്ങളില്‍ ഇടപെടുന്നത്. തികച്ചും അശാന്തിയുടെ അന്തരീക്ഷമാണ് മേഖലയില്‍. എന്നിട്ടും ആദിവാസികള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. പ്രശ്‌നങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും ആരും മുന്നോട്ടുവന്നിട്ടില്ല. ജാതിയുടെ പേരില്‍ ഉയര്‍ന്നുവന്ന കാന്‍ഷിറാം, മായാവതി, ലാലുപ്രസാദ് യാദവ്, മുലായം സിംഗ് യാദവ് തുടങ്ങിയ നേതാക്കള്‍ പോലും ഈ വിഭാഗത്തിന്റെ പ്രശ്‌നം മുന്നോട്ടുവെച്ചിട്ടില്ല. ആദിവാസികളുടെ ശബ്ദം ഗവണ്‍മെന്റിനെ കേള്‍പ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും മനീഷ് കുഞ്ജാം പറഞ്ഞു. ഹിന്ദിയിലുള്ള പ്രസംഗം കട്ടയാട്ട് വേണുഗോപാല്‍ പരിഭാഷപ്പെടുത്തി.