Sunday, August 14, 2011

വയനാട്ടില്‍ കോടികള്‍ വിലയുള്ള റവന്യു ഭൂമി സ്വകാര്യവ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കി

കോടികള്‍ വിലയുള്ളതും വൃക്ഷനിബിഢവുമായ അഞ്ചര ഏക്കര്‍ റവന്യു ഭൂമി വയനാട്‌ ജില്ലാ ഭരണകൂടം മൂന്ന്‌ സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചുനല്‍കി. 1960ലെ കേരള ഭൂപതിവ്‌ നിയമത്തിന്‌ 2005 മെയ്‌ 27 മുതല്‍ നിലവില്‍വന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ഭേദഗതി മറികടന്നും നിയമോപദേശം തേടാതെയുമാണ്‌ കമ്പോള വില സ്വീകരിച്ച്‌ ഭൂമി വിട്ടുകൊടുത്തത്‌. സെന്റൊന്നിന്‌ 1500 രൂപ പ്രകാരമാണ്‌ മൂന്ന്‌ പേരും കൃഷ്‌ണഗിരി വില്ലേജില്‍ കമ്പോള വില അടച്ചിട്ടുള്ളത്‌. ഇവിടെ ഒരു സെന്റ്‌ ഭൂമിക്ക്‌ അന്‍പതിനായിരത്തിലധികമാണ്‌ ഇപ്പോഴത്തെ വിപണി വിലയെന്ന കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുമില്ല. ഭൂമി പതിച്ചുനല്‍കിയതിനു പിന്നില്‍ ഭരണപക്ഷത്തെ ഉന്നതര്‍ക്കു പങ്കുണ്ടെന്നാണ്‌ സൂചന.

കേരള ഭൂപതിവ്‌ നിയമത്തില്‍ 2005ലെ ഭേദഗതി പ്രകാരം മലയോര മേഖലയില്‍ ഒരേക്കറില്‍ കൂടുതല്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കാന്‍ കഴിയില്ല. ഇക്കാര്യം മറച്ചുവച്ചാണ്‌ അഞ്ച്‌ ഏക്കര്‍ അന്‍പത്തിയാറ്‌ സെന്റ്‌ ഭൂമി വിട്ടുകൊടുത്തത്‌. 2005ലെ ഭേദഗതി പ്രകാരം സമതല പ്രദേശങ്ങളില്‍ വയലോ കരയോ എന്ന വ്യത്യാസമില്ലാതെ അര ഏക്കറില്‍ അധികവും മലയോര മേഖലയില്‍ ഒരേക്കറില്‍ കൂടുതലും ഭൂമി ഒരു വ്യക്തിക്ക്‌ പതിച്ചുനല്‍കാന്‍ പാടില്ല. കൃഷ്‌ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റില്‍ സര്‍വെ നമ്പര്‍ 427/8, 427/13 എന്നിവയില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ കെ ഐ ജോര്‍ജിന്‌ 1.90 ഏക്കറും സര്‍വെ നമ്പര്‍ 427/11ല്‍ ബത്തേരി താന്നിക്കോത്ത്‌ വീട്ടില്‍ ടി പി മത്തായിക്ക്‌ 1.98 ഏക്കറും ഇതേ സര്‍വേ നമ്പറില്‍ താന്നിക്കോട്ട്‌ വീട്ടില്‍ ജോളി തോമസിന്‌ 1.70 ഏക്കറുമാണ്‌ കഴിഞ്ഞ ജൂലൈ എട്ടിന്‌ പതിച്ചുനല്‍കിയത്‌.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്‌ വേളയിലാണ്‌ വയനാട്‌ കലക്‌ടേറ്റില്‍ ഭൂമി പതിച്ചുനല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ഹൈക്കോടതി ഇടപെടല്‍ ഉണ്ടെങ്കിലും ഒരാള്‍ക്ക്‌ രണ്ട്‌ ഏക്കറോളം ഭൂമി പതിച്ചുകൊടുക്കും മുന്‍പെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ നിയമോപദേശം തേടേണ്ടതാണ്‌. നിയമോപദേശം തേടാതെ ഭൂമി പതിച്ചുകൊടുക്കാന്‍ പാടുണ്ടോയെന്ന ഫയലിലെ കുറിപ്പ്‌ പോലും ഇവിടെ മുഖവിലക്കെടുത്തിട്ടില്ല.

എം പി വീരേന്ദ്രകുമാറിന്റെയും സഹോദരന്‍ ചന്ദ്രനാഥ്‌, ചന്ദ്രപ്രഭ എന്നിവരുടെയും കൈവശത്തിലായിരുന്ന മലന്തോട്ടം എസ്റ്റേറ്റ്‌ ഭൂമിക്ക്‌ പട്ടയം ഉണ്ടായിരുന്നില്ല. 135.18 ഏക്കറാണ്‌ മലന്തോട്ടം എസ്റ്റേറ്റ്‌. 1966ല്‍ അന്നത്തെ കോഴിക്കോട്‌ കലക്‌ടര്‍ ഈ ഭൂമി പൊതുആവശ്യത്തിനായി ഏറ്റെടുക്കേണ്ടതാണെന്ന്‌ ശുപാര്‍ശ ചെയ്‌തിരുന്നു. പിന്നീട്‌ പലര്‍ക്കായി ഭൂമി രജിസ്‌റ്റര്‍ ചെയ്യാതെ വില്‍പ്പന നടത്തിയത്‌ വിവാദമായിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിച്ച വയനാട്‌ സബ്‌ കലക്‌ടര്‍ പി മാരാപാണ്‌ഡ്യന്‍ 1988ല്‍ ഈ സ്ഥലം സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്ന്‌ വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

ഉടമസ്ഥത തെളിയിക്കാന്‍ രേഖകളുടെ പിന്‍ബലമില്ലാതെ ഭൂമി കൈവശപ്പെടുത്തിയവരില്‍ അഞ്ച്‌ പേര്‍ 1994 ജൂലൈ, ഡിസംബര്‍ മാസങ്ങളിലാണ്‌ പതിച്ചുകിട്ടുന്നതിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയത്‌. സെന്റൊന്നിന്‌ 3000 രൂപ പ്രകാരം കമ്പോള വിലയും ഇതിന്‌ പുറമെ മരവിലയും അടച്ച്‌ ഭൂമി ഇവര്‍ക്ക്‌ പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ 2000 ജൂലൈ 24ന്‌ ഉത്തരവായിരുന്നു. എന്നാല്‍ വിപണി വില നിശ്ചയിച്ചത്‌ അധികമാണെന്ന്‌ കാണിച്ച്‌ മൂന്നുപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന്‌ വിപണി വില 1500 രൂപയായി കുറച്ചു. ഇതിന്മേല്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ മാര്‍ച്ച്‌ 17നാണ്‌ വയനാട്‌ കലക്‌ടര്‍ ബത്തേരി തഹസില്‍ദാര്‍ക്ക്‌ പ്രത്യേക ദൂതന്‍ വശം ഉത്തരവ്‌ നല്‍കിയത്‌. ഭൂമി പതിച്ചുകിട്ടുന്നതിന്‌ ഉണ്ടായ കാലതാമസത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ചുവെന്നും കോടതി അലക്ഷ്യം നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ്‌ കലക്‌ടര്‍ ഈ ഭൂമിക്ക്‌ പട്ടയം നല്‍കാന്‍ ബത്തേരി തഹസില്‍ദാര്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ ഭൂമി പതിച്ചുകൊടുക്കാന്‍ 2000ല്‍ സര്‍ക്കാര്‍ ഉത്തരവായതിന്‌ ശേഷം 2005ല്‍ ഭൂപതിവ്‌ നിയമത്തില്‍ വന്ന ഭേദഗതി ഹൈക്കോടതിയില്‍ അറിയിച്ചിട്ടില്ല. മാത്രമല്ല, പതിച്ചുനല്‍കാവുന്ന ഭൂമിയുടെ പരമാവധി വിസ്‌തൃതി ഒരേക്കറായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എന്ത്‌ നടപടി വേണമെന്ന നിയമോപദേശവും വയനാട്‌ കലക്‌ടര്‍ തേടിയിട്ടില്ല.

ജൂലൈ എട്ടിനാണ്‌ ബത്തേരി തഹസില്‍ദാര്‍ പട്ടയം അനുവദിച്ചത്‌. ജൂലൈ ഏഴിന്‌ 16,68,092 രൂപ കെ ഐ ജോര്‍ജ്‌ മരവിലയായി കൃഷ്‌ണഗിരി വില്ലേജില്‍ അടച്ചിട്ടുണ്ട്‌. ഈ തുക ഒടുക്കിയ ശേഷം മലന്തോട്ടം എസ്റ്റേറ്റിലെ വിലപിടിപ്പുള്ള മരങ്ങള്‍ ഒന്നാകെ മുറിച്ചുതുടങ്ങി. മരം മുറിച്ചുമാറ്റാന്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നെന്നാണ്‌ കേള്‍ക്കുന്നത്‌. ഈ ഭൂമിയില്‍ നില്‍ക്കുന്ന മരത്തിനു മാത്രം രണ്ട്‌ കോടിയോളം രുപ വിലവരും.

janayugom 140811

1 comment:

  1. കോടികള്‍ വിലയുള്ളതും വൃക്ഷനിബിഢവുമായ അഞ്ചര ഏക്കര്‍ റവന്യു ഭൂമി വയനാട്‌ ജില്ലാ ഭരണകൂടം മൂന്ന്‌ സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചുനല്‍കി. 1960ലെ കേരള ഭൂപതിവ്‌ നിയമത്തിന്‌ 2005 മെയ്‌ 27 മുതല്‍ നിലവില്‍വന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ഭേദഗതി മറികടന്നും നിയമോപദേശം തേടാതെയുമാണ്‌ കമ്പോള വില സ്വീകരിച്ച്‌ ഭൂമി വിട്ടുകൊടുത്തത്‌. സെന്റൊന്നിന്‌ 1500 രൂപ പ്രകാരമാണ്‌ മൂന്ന്‌ പേരും കൃഷ്‌ണഗിരി വില്ലേജില്‍ കമ്പോള വില അടച്ചിട്ടുള്ളത്‌. ഇവിടെ ഒരു സെന്റ്‌ ഭൂമിക്ക്‌ അന്‍പതിനായിരത്തിലധികമാണ്‌ ഇപ്പോഴത്തെ വിപണി വിലയെന്ന കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുമില്ല. ഭൂമി പതിച്ചുനല്‍കിയതിനു പിന്നില്‍ ഭരണപക്ഷത്തെ ഉന്നതര്‍ക്കു പങ്കുണ്ടെന്നാണ്‌ സൂചന.

    ReplyDelete