Sunday, August 21, 2011

സോവിയറ്റ് തകര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍ ഏറുന്നു

മോസ്‌കോ: സോവിയറ്റ് യൂണിയന്‍ തകര്‍ന്നതില്‍ റഷ്യക്കാരില്‍ 60 ശതമാനം പേരും ദുഃഖിക്കുന്നു. എന്നാല്‍ സോവിയറ്റ് രാഷ്ട്രത്തെ അതേപടി പുനസ്ഥാപിക്കുന്നതിനെ 16 ശതമാനം പേര്‍ മാത്രമേ അനുകൂലിക്കുന്നുള്ളൂ.

മോസ്‌കോയിലെ ലെവാദ സെന്റര്‍ നടത്തിയ ഒരു അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിതെളിച്ച അട്ടിമറിയുടെ ഇരുപതാം വാര്‍ഷിക വേളയാണിത്. സോവിയറ്റ് പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിനെ അധികാര ഭ്രഷ്ടനാക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്ത അട്ടിമറി ഓഗസ്റ്റ് 19ന് അരങ്ങേറുകയും 21 ന് പരാജയപ്പെടുകയും ചെയ്തു. ഗോര്‍ബച്ചേവിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനാധിപത്യ പരിഷ്‌കാരങ്ങളെ എതിര്‍ത്തുപോന്ന വിഭാഗമാണ് കെ ജി ബിയുടെയും സൈനിക നേതൃത്വത്തിന്റെയും പിന്തുണയോടെ അട്ടിമറി സംഘടിപ്പിച്ചത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഏറെയും ദുഃഖിക്കുന്നത് പ്രായം ഏറിയ പെന്‍ഷന്‍കാരാണ് (85 ശതമാനം). ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുകയാണെന്ന് പറയുന്നവര്‍ 79 ശതമാനം. 40നും 55നും മധ്യേ പ്രായമുള്ളവരില്‍ 67 ശതമാനം സ്ത്രീകളില്‍ 63 ശതമാനവും സോവിയറ്റ് രാഷ്ട്രത്തിന്റെ തകര്‍ച്ചയില്‍ ദുഃഖിക്കുന്നു. 18നും 24നും മധ്യേ പ്രായമുള്ളവരില്‍ 25 ശതമാനം മാത്രമാണ് സോവിയറ്റ് തകര്‍ച്ചയില്‍ ദുഃഖിക്കുന്നത്. സോവിയറ്റ് രാഷ്ട്രം ഉറപ്പ്‌നല്‍കിയിരുന്ന സാമൂഹ്യ സുരക്ഷിതത്വത്തിന്റെ അഭാവമാണ് ജനങ്ങളെ ദുഃഖിപ്പിക്കുന്നത്.
ഗോര്‍ബച്ചേവിനെതിരെ നടന്ന അട്ടിമറിക്കും അതിന്റെ പരിണിതഫലവും വലിയ ദുരന്തമായിപ്പോയെന്ന് അഭിപ്രായമുള്ളവര്‍ 39 ശതമാനമാണ്. അട്ടിമറിയുടെ പത്താം വാര്‍ഷിക വേളയില്‍ ഇവരുടെ സംഖ്യ 25 ശതമാനം മാത്രമായിരുന്നു. അതേസമയം ജനാധിപത്യത്തിന്റെ വിജയമായി ഈ സംഭവങ്ങളെ കാണുന്നത് 10 ശതമാനം മാത്രം.

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യാഥാസ്ഥിതിക വിഭാഗം നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടത് സൈന്യത്തിന്റെ നിലപാടുമൂലമാണെന്ന് അന്ന് സോവിയറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി പ്രവര്‍ത്തിച്ചിരുന്ന വിക്ടര്‍ ബരാനെത്‌സ് പറഞ്ഞു. ''യെല്‍ത്‌സിനെ സൈന്യത്തിന് വെറുപ്പായിരുന്നു. എന്നാല്‍ അട്ടിമറിക്കാന്‍ രൂപം നല്‍കിയ എമര്‍ജന്‍സി കമ്മിറ്റിയെ പിന്തുണയ്ക്കുവാനും സൈന്യം തയ്യാറായില്ല. അത്തരമൊരു നടപടി രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നതറിയാമായിരുന്നു.''

അട്ടിമറി വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് അരലക്ഷത്തിലധികം വരുന്ന ജനക്കൂട്ടം റഷ്യന്‍ ഫെഡറേഷന്‍ പ്രസിന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. സൈനിക ടാങ്കുകളിലൊന്നിന്റെമേല്‍ ചാടിക്കയറി സൈന്യത്തെ പ്രതീകാത്മകമായി ചെറുത്ത റഷ്യന്‍ പ്രസിഡന്റ് യെല്‍ത്‌സിന് വീരപരിവേഷം ലഭിച്ചു. ഗോര്‍ബച്ചേവുമായുള്ള ഭിന്നതകളെ തുടര്‍ന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായിത്തീരുകയും ചെയ്ത യെല്‍ത്‌സിന്‍, അതോടെ കരുത്തനായിമാറി. വീട്ടു തടങ്കലില്‍ നിന്നും മോചിതനായ ഗോര്‍ബച്ചേവ് യെല്‍ത്‌സിനു മുന്നില്‍ നിസഹായനായി. ഘടക റിപ്പബ്ലിക്കുകള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് യെല്‍ത്‌സിന്റെ നിലപാട് പ്രേരകമായി. യെല്‍ത്‌സിന്റെ അധികാരക്കൊതിയാണ് സോവിയറ്റ് യൂണിയന്‍ ശിഥിലമാകുന്നതിന് കാരണമായതെന്ന് ഗോര്‍ബച്ചേവ് പിന്നീട് കുറ്റപ്പെടുത്തി. 1991 ഡിസംബര്‍ 25ന് സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി നിലവിലില്ലാതായി.

അട്ടിമറിയുടെ നാളുകളില്‍ ഗോര്‍ബച്ചേവിന് എന്തു സംഭവിച്ചുവെന്നത് അറിയാതിരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ യെല്‍ത്‌സിനെ രക്ഷകനായി കണ്ടതെന്ന് സോവിയറ്റ് ഗവണ്‍മെന്റിന്റെ വാര്‍ത്താ ഏജന്‍സിയായിരുന്ന നൊവൊസ്തിയുടെ ലേഖകന്‍ സെര്‍ഗയ് സ്‌ത്രൊകാന്‍ പറഞ്ഞു. അട്ടിമറിക്കാരെ പിന്തുണയ്ക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകളും അംഗങ്ങളും തയ്യാറായിരുന്നില്ല.

സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം റഷ്യന്‍ യെല്‍ത്‌സിന്റെ ജനസമ്മതി വളരെ ഉയര്‍ന്നെങ്കിലും അധികാരത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും വെറുപ്പിന് പാത്രമായി. അദ്ദേഹത്തിനുശേഷം രണ്ട് തവണ പ്രസിഡന്റാവുകയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ വ്‌ളദിമിര്‍ പുടിനാണ് ഇന്ന് ഏറ്റവും ജനപിന്തുണയുള്ള നേതാവ്. റഷ്യയുടെ ദേശീയഗാനമായി സോവിയറ്റ് ദേശീയഗാനം പുനഃസ്ഥാപിച്ച പുടിന്‍ റഷ്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിലും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിലും വലിയ പങ്കുവഹിച്ചു.

janayugom 210811

2 comments:

  1. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതില്‍ റഷ്യക്കാരില്‍ 60 ശതമാനം പേരും ദുഃഖിക്കുന്നു. എന്നാല്‍ സോവിയറ്റ് രാഷ്ട്രത്തെ അതേപടി പുനസ്ഥാപിക്കുന്നതിനെ 16 ശതമാനം പേര്‍ മാത്രമേ അനുകൂലിക്കുന്നുള്ളൂ.

    ReplyDelete
  2. അപ്പോ ദു:ഖിക്കുന്ന ബാക്കി 44 ശതമാനത്തിന് സോവിയറ്റ് രാഷ്ട്രത്തെ അതേപടി പുനസ്ഥാപിക്കേണ്ടേ? പിന്നെയെന്ത് ദു:ഖമാണപ്പാ‍.....

    ReplyDelete