Sunday, August 21, 2011

ട്രാന്‍സ്‌ഫോര്‍മര്‍ വാങ്ങുന്നതിന് ആര്യാടന്‍ കമ്മീഷന്‍ ചോദിച്ചെന്ന് സന്നദ്ധസംഘടന

കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വകുപ്പിനുവേണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ വാങ്ങുന്നതിനായി കനേഡിയന്‍ കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികളുമായി സംസാരിക്കുകയും ഇടപാടില്‍ എട്ട് ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായും ആരോപിച്ച് പാലക്കാടുനിന്നുള്ള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യുമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ടന്‍ കൗണ്‍സില്‍ രംഗത്ത് വന്നു. ഇതുസംബന്ധിച്ച് പ്രതിനിധികള്‍ മന്ത്രിയുമായി സംസാരിക്കുന്നതിന്റെ ഒളിക്യാമറാദൃശ്യങ്ങള്‍ എറണാകുളം പ്രസ്‌ക്ലബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.അവാകോ എന്ന കനേഡിയന്‍ കമ്പനിയില്‍നിന്നും ട്രാന്‍സ്‌ഫോര്‍മര്‍ ഇറക്കുമതിചെയ്ത് ഇന്ത്യയിലെ വിവിധ വൈദ്യുതിബോര്‍ഡുകള്‍ക്ക് നല്‍കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ പ്രതിനിധികളാണ് ജൂലൈ 27ന് വൈദ്യുതി മന്ത്രിയുടെ വസതിയില്‍ രാത്രി ഏഴുമണിയോടെ എത്തിയതെന്നും കമ്പനി പ്രതിനിധികളും മന്ത്രിയുമായുള്ള അഭിമുഖത്തിന്റെ വിവരങ്ങള്‍ ഹൈദരാബാദ് കമ്പനിയുടെ പ്രതിനിധിയാണ് പുറത്തുവിട്ടതെന്നും കൗണ്‍സില്‍ ഭാരവാഹി ഐസക് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരള വൈദ്യുതി ബോര്‍ഡിന്റെ നിയമങ്ങള്‍ക്കനുസൃതമായി ഉയര്‍ന്നതല്ലാത്ത വില ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ഇടണമെന്നും ഇതുകൊണ്ട് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയതായി ഐസക് പറഞ്ഞു. ഓരോ ഇന്‍വോയ്‌സിനും എട്ട് ശതമാനം കമ്മീഷന്‍ ദുബൈയില്‍ എത്തിക്കണം. തുടര്‍ നടപടികള്‍ക്കായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെ കാണാന്‍ മന്ത്രി നിര്‍ദേശിക്കുകയും മന്ത്രിയുടെ നിര്‍ദേശങ്ങളെ ചെയര്‍മാന്‍ സ്വാഗതംചെയ്തുവെന്നും കമ്പനി വക്താക്കള്‍ തങ്ങളോട് വ്യക്തമാക്കിയതായി ഐസക് പറഞ്ഞു.

മലബാര്‍ സിമന്റ്‌സിലെ മുന്‍ ജീവനക്കാരന്‍ രവീന്ദ്രന്‍ എന്നയാളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതെന്നും എന്നാല്‍ പിന്നീട് മന്ത്രിക്ക് വേണ്ടപ്പെട്ടവര്‍ ഇടനിലക്കാരായി വന്നാല്‍ 'ഒത്തുതീര്‍പ്പിന്' തയ്യാറായി ഈ രേഖകള്‍ കൈമാറാമെന്ന് പറഞ്ഞതായി ഐസക് പറഞ്ഞു.

മന്ത്രിയും കമ്പനി അധികൃതരുമായി നടത്തിയെന്നു പറയുന്ന സംഭാഷണത്തിന്റെ സിഡികള്‍ ഈ സംഭവത്തിലേക്ക് കൊണ്ടുചെന്നെത്തിച്ച ഇ-മെയിലുകളുടെ കോപ്പിയും അടക്കമുള്ള രേഖകള്‍ അടക്കം ചെയ്ത പരാതി ഈമാസം നാലിന് ഡിജിപിക്ക് നല്‍കിയിരുന്നതായും ഐസക് പറഞ്ഞു.

മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ വിശദമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി, വാളയാര്‍ ചെക്‌പോസ്റ്റിലെ അഴിമതിയടക്കം പുറത്തുകൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയ സംഘടനയെ കുടുക്കുവാനുള്ള ശ്രമമാണോ സംഭവത്തിനുപിന്നിലെന്നും ഐസക് പത്രസമ്മേളനത്തില്‍ സംശയം പ്രകടിപ്പിച്ചു.


janayugom 210811

1 comment:

  1. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വകുപ്പിനുവേണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ വാങ്ങുന്നതിനായി കനേഡിയന്‍ കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികളുമായി സംസാരിക്കുകയും ഇടപാടില്‍ എട്ട് ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായും ആരോപിച്ച് പാലക്കാടുനിന്നുള്ള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യുമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ടന്‍ കൗണ്‍സില്‍ രംഗത്ത് വന്നു. ഇതുസംബന്ധിച്ച് പ്രതിനിധികള്‍ മന്ത്രിയുമായി സംസാരിക്കുന്നതിന്റെ ഒളിക്യാമറാദൃശ്യങ്ങള്‍ എറണാകുളം പ്രസ്‌ക്ലബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

    ReplyDelete