Friday, August 5, 2011

ഐ എം എഫ് മേധാവിക്കെതിരെ അഴിമതിക്കേസ്

പാരീസ്: അന്താരാഷ്ട്ര നാണ്യനിധിയുടെ പുതിയ മേധാവിയും വിവാദക്കുരുക്കില്‍. ഫ്രഞ്ച് ധനമന്ത്രിയായിരുന്നപ്പോള്‍ ഒരു ബിസിനസുകാരനെതിരെയുളള ആര്‍ബിട്രേഷന്‍ നടപടികളില്‍  പ്രമുഖ ഫ്രഞ്ച് ബാങ്കിനുമേല്‍ സ്വാധീനം ചെലുത്തിയതായാണ് ക്രിസ്റ്റിന്‍ ലഗാര്‍ഡെയ്‌ക്കെതിരെയുളള ആരോപണം. പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നയാളാണ് ആരോപണ വിധേയനായ ബിസിനസ്സുകാരന്‍.

എന്നാല്‍ താന്‍ ഒരു തരത്തിലുളള അധികാര ദുര്‍വിനിയോഗമോ അഴിമതിയോ നടത്തിയിട്ടില്ലെന്ന് ലഗാര്‍ഡെ പറഞ്ഞു. വ്യക്തിപരമായി ലഗാര്‍ഡെ എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി പരാതിയില്‍ പറഞ്ഞിട്ടില്ലെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഗാര്‍ഡെ ഐ എം എഫ് മേധാവിയായി ചുമതലയേറ്റിട്ട് ഒരു മാസം തികയുന്നതിനിടെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രസിഡന്റ് സര്‍ക്കോസിയുടെ നിര്‍ദേശാനുസരണമാണ് ലഗാര്‍ഡെ ബാങ്കിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഡൊമിനിക്ക് സ്‌ട്രോസ് കാന്‍  ലൈംഗികാപവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ലഗാര്‍ഡെ ഐ എം എഫ് മേധാവി സ്ഥാനത്തെത്തുന്നത്. ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ ഹോട്ടല്‍ പരിചാരികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് കാനിനെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. വാദിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിഗണിച്ച കോടതി കാനിനെ വെറുതേ വിടുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടിരുന്ന കാനിന്റെ സാധ്യതകള്‍ അതോടെ മങ്ങുകയായിരുന്നു.

ലഗാര്‍ഡെയ്‌ക്കെതിരായ കേസുകള്‍ ഐ എം എഫ് മേധാവി എന്ന നിലയ്ക്കുളള അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ലഗാര്‍ഡെയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. മന്ത്രിമാരെ വിചാരണ ചെയ്യാന്‍ അധികാരമുളള കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഓഫ് ദി റിപ്പബ്‌ളിക്ക് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ലഗാര്‍ഡെയ്‌ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

janayugom 050811

1 comment:

  1. അന്താരാഷ്ട്ര നാണ്യനിധിയുടെ പുതിയ മേധാവിയും വിവാദക്കുരുക്കില്‍. ഫ്രഞ്ച് ധനമന്ത്രിയായിരുന്നപ്പോള്‍ ഒരു ബിസിനസുകാരനെതിരെയുളള ആര്‍ബിട്രേഷന്‍ നടപടികളില്‍ പ്രമുഖ ഫ്രഞ്ച് ബാങ്കിനുമേല്‍ സ്വാധീനം ചെലുത്തിയതായാണ് ക്രിസ്റ്റിന്‍ ലഗാര്‍ഡെയ്‌ക്കെതിരെയുളള ആരോപണം. പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നയാളാണ് ആരോപണ വിധേയനായ ബിസിനസ്സുകാരന്‍.

    ReplyDelete