Friday, August 5, 2011

വെനസ്വേലയെ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കും: ഷാവെസ്

കരാക്കസ്: സോഷ്യലിസത്തിലേക്ക് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാരംഭിച്ച പരിവര്‍ത്തന പ്രക്രിയ 2012-19 കാലത്തും തുടരുമെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് പറഞ്ഞു.

വെനസ്വേലയില്‍ പുതിയ രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു ഷാവെസ്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന ഷാവെസിന് രാജ്യത്തെ നയിക്കാന്‍ കഴിയുകയില്ലെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെ പരാമര്‍ശിച്ച്, ചികിത്സ ശരിക്കും ഫലിച്ചുവെന്നും താന്‍ തികഞ്ഞ ശുഭാപ്തിവിശ്വാസിയാണെന്നും ഷാവെസ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ തട്ടിക്കൂട്ടിയിട്ടുള്ള കമ്മിറ്റി ഓഫ് ഡെമോക്രാറ്റിക് യൂണിറ്റി എന്ന സഖ്യം തികഞ്ഞ കാപട്യമാണെന്നും അമേരിക്കയുടേയും രാഷ്ട്രാന്തര കുത്തകകളുടേയും താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും ഷാവെസ് പറഞ്ഞു. തകര്‍ന്നുതരിപ്പണമായ പ്രതിപക്ഷത്തിന് പുതു ജീവന്‍നല്‍കാന്‍ ഒബാമ ഗവണ്‍മെന്റ് സി ഐ എയിലൂടെ പണം ഒഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വെനസ്വേലയെ ഒരു പുതിയ സാമൂഹ്യ-സാമ്പത്തിക മാതൃകയാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ 2012 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഒരുമിച്ചു നില്‍ക്കാന്‍ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളെയും ഷാവെസ് ആഹ്വാനംചെയ്തു.

janayugom 050811

1 comment:

  1. സോഷ്യലിസത്തിലേക്ക് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാരംഭിച്ച പരിവര്‍ത്തന പ്രക്രിയ 2012-19 കാലത്തും തുടരുമെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് പറഞ്ഞു.

    ReplyDelete