Wednesday, August 24, 2011

ബിജെപി ജില്ലാകമ്മിറ്റിയുടെ സസ്‌പെന്‍ഷന്‍; സംസ്ഥാനകമ്മിറ്റിയിലും ഗ്രൂപ്പിസം മൂര്‍ഛിക്കുന്നു

കാസര്‍കോട്:  ചാരപ്പണിയുടെയും ഫണ്ട് വിവാദത്തിന്റെയും പേരില്‍ കാസര്‍കോട് ജില്ലാകമ്മിറ്റിയെ സംസ്ഥാന പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തതോടെ രൂക്ഷമായ ബി ജെ പിയിലെ പ്രതിസന്ധി സംസ്ഥാന നേതൃത്വത്തിലും ഗ്രൂപ്പിസം ശക്തമാക്കി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. എം നാരായണഭട്ടിനെ പിന്തുണയ്ക്കുന്ന വിഭാഗവുമാണ് കൊമ്പുകോര്‍ക്കുന്നത്. കാസര്‍കോട് ജില്ലാകമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നടപടി  ഏകപക്ഷീയമാണെന്നും സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാതെയാണ് തീരുമാനമെന്നും ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതിപ്പെട്ടതായാണ് വിവരം. മുന്‍സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ അടക്കമുള്ള നേതാക്കള്‍ സസ്‌പെന്‍ഷന്‍ നടപടിയെ എതിര്‍ക്കുന്നു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മടിക്കൈ കമ്മാരനും സസ്‌പെന്‍ഷനിലായ ജില്ലാപ്രസിഡന്റിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതല വഹിക്കുന്ന കെ സുരേന്ദ്രന്റെ താല്‍പര്യമാണ് സംസ്ഥാന പ്രസിഡന്റ് നടപ്പാക്കിയതെന്ന്  എം നാരായണഭട്ട് പറയുന്നു.  സംസ്ഥാന ജനറല്‍സെക്രട്ടറിയ്‌ക്കെതിരെ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.

 ഇതിനിടെ ബി ജെ പി ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളില്‍ പ്രബലമായ കാറഡുക്ക പഞ്ചായത്തിലെ പ്രസിഡന്റ് ജയലക്ഷ്മി എം ഭട്ട് പ്രസിഡന്റ് സ്ഥാനവും ബി ജെ പിയുടെ വാര്‍ഡ് അംഗത്വവും രാജി വച്ചതായി പ്രഖ്യാപിച്ചു. ബി ജെ പി ജില്ലാഎക്‌സിക്യൂട്ടിവ് അംഗം കൂടിയായ ജയലക്ഷ്മി എം ഭട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട  ജില്ലാകമ്മിറ്റിയുടെ പ്രസിഡന്റ് എം നാരായണ ഭട്ടിന്റെ ഭാര്യയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭ മണ്ഡലം ബിജെ പി സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍.   കാറഡുക്ക പഞ്ചായത്തില്‍ ബി ജെ പിക്ക് ഏഴും എല്‍ ഡി എഫിന് മൂന്നും യു ഡി എഫിന് അഞ്ചും അംഗങ്ങളുണ്ട്. ഭരണം നഷ്ടപ്പെടുകയാണെങ്കില്‍ ജില്ലയില്‍ മധൂര്‍, പൈവെളിഗെ  പഞ്ചായത്തുകള്‍ മാത്രമാകും ബി ജെ പിക്ക് ഉണ്ടാകുക.  ആറു പഞ്ചായത്തുകളില്‍ അധികാരത്തിലുണ്ടായിരുന്ന ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തായി ചുരുങ്ങിയതും പാര്‍ട്ടി നേതൃത്വത്തിലെ വിഭാഗീയതയുടെ പ്രധാന കാരണങ്ങളിലൊന്നാണ്.

ജില്ലാപ്രസിഡന്റായിരിക്കെ അഡ്വ. എം നാരായണഭട്ട് ഇതു രണ്ടാംതവണയാണ് നടപടിക്ക് വിധേയമാകുന്നത്. നേരത്തെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയെങ്കിലും അവിടെനിന്നും ഉദ്ദേശിച്ച സ്ഥാനങ്ങളൊന്നും ലഭിക്കാത്തതിനെതുടര്‍ന്നു കുറച്ചു കൊല്ലങ്ങള്‍ക്കുശേഷം ബി ജെ പിയുടെ കേന്ദ്രനേതൃത്വവുമായി ഇടപെട്ട് മാതൃ സംഘടനയിലേക്ക് തിരിച്ചുവരികയായിരുന്നു. കോഴിക്കോട് മേഖല മുന്‍ പ്രസിഡന്റ് വി രവീന്ദ്രന്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മടിക്കൈ കമ്മാരന്‍, മുന്‍ പ്രസിഡന്റുമാരായ കെ ജഗദീഷ്, അഡ്വ.ബാലകൃഷ്ണ ഷെട്ടി,  അഡ്വ. എ അശോക് കുമാര്‍, വനിത നേതാവ് രൂപ വാണി ആര്‍ ഭട്ട് തുടങ്ങിയ നേതാക്കളെല്ലാം ജില്ലാപ്രസിഡന്റിന്റെ  പക്ഷത്താണെന്നാണ് വിവരം. സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള മറുഭാഗത്ത് ജില്ലാജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ചുരുക്കം ചിലരേയുള്ളൂവെന്നും സൂചനയുണ്ട്.  സസ്‌പെന്‍ഷന്‍ താല്‍ക്കാലിക നടപടിയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് യോഗം ചേര്‍ന്നു തീരുമാനിക്കാമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് വി മുരളിധരന്‍ ഇതുസംബന്ധിച്ചു പരാതിപറഞ്ഞ നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബി ജെ പിയിലെ പുതിയ പ്രതിസന്ധി ഇവിടംകൊണ്ട് അവസാനിക്കില്ലെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും ബോധ്യമായിട്ടുണ്ട്. 
(നാരായണന്‍ കരിച്ചേരി)

janayugom 240811

1 comment:

  1. ചാരപ്പണിയുടെയും ഫണ്ട് വിവാദത്തിന്റെയും പേരില്‍ കാസര്‍കോട് ജില്ലാകമ്മിറ്റിയെ സംസ്ഥാന പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തതോടെ രൂക്ഷമായ ബി ജെ പിയിലെ പ്രതിസന്ധി സംസ്ഥാന നേതൃത്വത്തിലും ഗ്രൂപ്പിസം ശക്തമാക്കി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. എം നാരായണഭട്ടിനെ പിന്തുണയ്ക്കുന്ന വിഭാഗവുമാണ് കൊമ്പുകോര്‍ക്കുന്നത്.

    ReplyDelete